കുന്നത്തൂർ രാധാകൃഷ്ണൻ
അങ്ങനെ കാന്റർബറി വീക്ക് കടൽകടന്ന് കോഴിക്കോട്ടുമെത്തി. കാന്റർബറി വീക്ക് ഓഫ് കാലിക്കറ്റ് എന്നായിരുന്നു മേള അറിയപ്പെട്ടത്. മേളയിലെ പ്രധാനയിനം ക്രിക്കറ്റ് തന്നെ
കാന്റർബറി എന്ന് കേൾക്കുമ്പോൾ സാഹിത്യ അധ്യാപകരുടെയും വിദ്യാർഥികളുടെയും മനസ്സിൽ ആദ്യം നിറയുന്നത് ആംഗലേയ കവി ജഫ്രി ചോസറുടെ(1343-1400)The Canterbury Tales(കാന്റർബറി കഥകൾ) എന്ന ഇംഗ്ലീഷ് സമാഹാരമായിരിക്കും. ഭൂരിഭാഗവും പദ്യത്തിലെഴുതിയ ഈ കഥകൾ ചോസറുടെ ഏറ്റവും പ്രധാനപ്പെട്ട കൃതിയായി കരുതപ്പെടുന്നു. ബ്രിട്ടനിലെ പ്രധാന നഗരങ്ങളിലൊന്നാണ് കാന്റർബറി.
നമ്മുടെ പ്രതിപാദ്യവിഷയം പക്ഷെ, ചോസറുടെ കൃതിയല്ല. കാന്റർബറിക്ക്, കോഴിക്കോട് നഗരവുമായി ഉണ്ടായിരുന്ന ബന്ധമാണ് പരിശോധിക്കുന്നത്. എന്തായിരുന്നു ആ ബന്ധം?അതിലേക്ക് കടക്കുന്നതിനുമുൻപ് ഒരു പശ്ചാത്തലവിവരണം നൽകേണ്ടത് ആവശ്യമാണ്. ബ്രിട്ടനിലെ കെന്റ് കൗണ്ടിയുടെ തലസ്ഥാനനഗരമാണ് കാന്റർബറി.1400കൊല്ലത്തെ ചരിത്രമുള്ള ഈ നഗരത്തിന്റെ പ്രധാന ആകർഷണീയത കാന്റർബറി ഭദ്രാസനപ്പള്ളിയാണ്.1170ൽ കാന്റർബറി പള്ളിയിലെ അന്നത്തെ ആർച്ച്ബിഷപ്പായ തോമസ്‌ബെക്കറ്റ് മൃഗീയമായി കൊലചെയ്യപ്പെട്ടു.പള്ളിയിൽ വെച്ചായിരുന്നു കൊലപാതകം. അക്കാലത്തെ ബ്രിട്ടീഷ് ഭരണാധികാരി ഹെൻറി രണ്ടാമനും തോമസ്‌ബെക്കറ്റും തമ്മിലുണ്ടായ അസ്വാരസ്യങ്ങളാണ് കൊലപാതകത്തിലെത്തിയത്. കത്തോലിക്കാപള്ളിയുടെ അവകാശവും വിശേഷാധികാരവും സംബന്ധിച്ച തർക്കം മൂർച്ഛിക്കുകയായിരുന്നു.പള്ളിയുടെ നിയന്ത്രണം തന്റെ കൈപ്പിടിയിലൊതുക്കാൻ രാജാവ് ശ്രമിച്ചു. ഹെൻറി രണ്ടാമനും തോമസ്‌ബെക്കറ്റും കൂട്ടുകാരായിരുന്നു. ഹെന്റിയുടെ ചാൻസലറുമായിരുന്നു ബെക്കറ്റ്. രാജാവിന്റെ ശ്രമഫലമായി കാന്റർബറി ആർച്ച്ബിഷപ്പായി ബെക്കറ്റ് നിയമിതനായി.താൻ പറഞ്ഞാൽ കേൾക്കുന്ന ആൾ എന്ന നിലയിലാണ് ബെക്കറ്റിനെ രാജാവ് കണ്ടത്. എന്നാൽ പുതിയപദവി ലഭിച്ചതോടെ ബക്കറ്റ്, ഹെന്റിയെ ധിക്കരിക്കാൻ തുടങ്ങി. സൗഹൃദം വൈരമായി മാറി. അത് കൊലപാതകത്തിലാണ് കലാശിച്ചത്.
രാജാവിന്റെ ആളുകളായിരുന്നു കൊലയാളികൾ. ബിഷപ്പിനെ അടക്കം ചെയ്തത് കാന്റർബറി പള്ളിയിൽ തന്നെയാണ്. മരണാനന്തരം ബെക്കറ്റിനെ, പോപ്പ് അലക്‌സാണ്ടർ മൂന്നാമൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു
തോമസ്‌ബെക്കറ്റിന്റെ ശവകുടീരത്തിലേക്ക് തീർഥാടനത്തിനു പോകുന്ന 29-പേർ യാത്രക്കിടയിൽ പരസ്പരം പറയുന്ന കഥകളാണ് കാന്റർബറി ടെയിൽസിൽ ചോസർ പങ്കുവെക്കുന്നത്.ലോകത്തെ നടുക്കിയ ബെക്കറ്റിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ആംഗലേയകവി ടിഎസ്. എലിയട്ട് Murder In The Cathedral എന്നൊരു നാടകവുമെഴുതിയിട്ടുണ്ട്.
നദീതീരത്ത് സ്ഥിതിചെയ്യുന്ന കാന്റർബറി നഗരത്തിൽ എല്ലാവർഷവും നടക്കുന്ന ക്രിക്കറ്റ് വാരം ലോകപ്രസിദ്ധമാണ്. കാന്റർബറി ക്രിക്കറ്റ് വീക്ക് എന്നാണ് അതു അറിയപ്പെടുന്നത്. 1842-ലാണ് ഒരാഴ്ച നീളുന്ന ഈ കളി ആരംഭിച്ചത്. ആഗസ്ത് മാസത്തിൽ കൊണ്ടാടുന്ന ക്രിക്കറ്റ് വീക്കിൽ മറ്റുകളികളുമുണ്ടാകുമെങ്കിലും ക്രിക്കറ്റ് മൽസരങ്ങൾ ഇതിന്റെ പ്രധാനഘടകമാണ് . കാന്റർബറിവീക്ക് മൊത്തത്തിൽ ഒരു മേളയാണ്. ഇംഗ്ലണ്ടിന്റെ നാനാഭാഗത്തുനിന്നും ആളുകൾ മേളയ്‌ക്കെത്തും. അവരിൽ പ്രഭുക്കന്മാർ മുതൽ കർഷകർ വരെ അണിനിരക്കും. .സ്ത്രീകൾക്കുവേണ്ടി ‘ലേഡീസ്‌ഡേ’പോലും കാന്റർബറി വീക്കിലുണ്ട്. കാലമേറെ കഴിഞ്ഞിട്ടും കാന്റർബറി ക്രിക്കറ്റ് വീക്കിന് കോട്ടമൊന്നും തട്ടിയിട്ടില്ല. ബ്രിട്ടീഷുകാരുടെ സ്വകാര്യ അഹങ്കാരമാണ് കാന്റർബറി മേള.

ഇനി പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ മലബാറിലേക്ക് വരുക. കുഗ്രാമങ്ങൾ നിറഞ്ഞ, പാട്ടവിളക്കുകൾ വഴികാണിക്കുന്ന ഓണം കേറാമൂലയായിരുന്നു അന്നത്തെ മലബാർ. ഒറ്റമുണ്ട് മാത്രമുടുക്കുന്ന നഗ്‌നപാദർ സഞ്ചരിക്കുന്ന, യാത്രചെയ്യാൻ കാളവണ്ടികൾ മാത്രമുള്ള വിശാലഭൂമി. അങ്ങനെയിരിക്കെ, ബ്രിട്ടീഷുകാർ കൂട്ടത്തോടെ മലബാറിലെത്തുന്നു. ഈസ്റ്റിന്ത്യാകമ്പനിയുടെയോ ബ്രിട്ടീഷ് സർക്കാറിന്റെയൊ ഭാഗമായിട്ടല്ല, അവർ വരുന്നത്. വയനാട് അവർ താവളമാക്കുന്നു. ഭൂമി വാങ്ങിക്കൂട്ടി അവർ തോട്ടം ഉടമകളായി മാറുന്നു. റബ്ബർ, ചായ, കാപ്പി, ഏലം, കുരുമുളക് തുടങ്ങിയ വിളകൾ നിറഞ്ഞുകവിയുന്ന എസ്റ്റേറ്റുകൾ
സായ്പന്മാരുടെയും മദാമ്മമാരുടെയും സങ്കേതങ്ങളാവുന്നതോടെ വയനാടിന്റെ തനതായ അഭിരുചി മാറുന്നു. ബ്രിട്ടീഷുകാർ ഭരണകാർമ്മികത്വം വഹിക്കുന്ന മദ്രാസ് പ്രസിഡൻസിയുടെ ഭാഗമാണ് കണ്ണൂരും കോഴിക്കോടും വയനാടും മലപ്പുറവും പാലക്കാടുമടങ്ങുന്ന അന്നത്തെ മലബാർ ജില്ല.
അക്കാലത്തെ വയനാട് വന്യമൃഗങ്ങൾ നിറഞ്ഞ പ്രദേശമാണ്. കാട്ടാനകളും പുലികളും നിറഞ്ഞ, മലമ്പനി പരത്തുന്ന കൊതുകുകളും മറ്റു കീടങ്ങളും വിഹരിക്കുന്ന ഇടം.ഘോരമായ മഴപെയ്യുന്ന, മിക്കസമയവും ഇരുട്ട് മൂടിക്കെട്ടിയ കാട്ടുപ്രദേശം.
ഈ പരിമിതികൾക്കിടയിലും സായ്പന്മാർ ക്രിക്കറ്റ് കളിക്ക് സമയം കണ്ടെത്തി. ക്രിക്കറ്റ് അവരുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന കളിയാണ്. വയനാട്ടിലെ തദ്ദേശീയജനത ക്രിക്കറ്റ് കളി കണ്ട് അമ്പരന്നു. ഇതെന്ത് കളിയാണ് ഈ പഹേമ്മാര് കളിക്കണത്?
ശരത്കാലമായാൽ സായ്പന്മാരായ തോട്ടം ഉടമകൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും കാര്യമായ പണിയുണ്ടാവില്ല. കാപ്പിയും മറ്റും വിളയാൻ കാത്തിരിക്കുന്ന നാളുകളാണവ.ജോലിയില്ലാത്ത സമയത്ത് അവർക്ക് വിനോദം വേണം. ക്രിക്കറ്റ് എന്ന പോലെ വിനോദവും യാത്രയും ബ്രിട്ടീഷുകാരന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. വിനോദപ്രിയരായ ബ്രിട്ടീഷുകാർ വയനാട്ടിലെ ക്രിക്കറ്റ് കളികൊണ്ടുമാത്രം തൃപ്തരല്ല. അതിനാൽ അവർ കൂടുതൽ വിനോദസാധ്യത തേടി. കാന്റർബറി ക്രിക്കറ്റ് വാരം പോലെ രസകരമായ വിനോദനാളുകൾ സംഘടിപ്പിച്ചാലെന്ത് എന്നായി അവർക്കിടയിലെ ആലോചന.പക്ഷെ, കാട്ടുപ്രദേശമായ വയനാട്ടിൽ അവർ വിഭാവനം ചെയ്യുന്ന മേള സംഘടിപ്പിക്കാൻ സൗകര്യമില്ല. അതിനാൽ അവർ അവധിയെടുത്ത് ചുരമിറങ്ങി കോഴിക്കോട് നഗരത്തിലെത്തി. അക്കാലത്ത് കോഴിക്കോട് കടപ്പുറത്ത് പ്രവർത്തിച്ചിരുന്ന മലബാർ യൂറോപ്യൻ ക്ലബ് ബ്രിട്ടീഷുകാരുടെ താവളമായിരുന്നു . യൂറോപ്യൻ വംശജർക്ക് മാത്രമായിരുന്നു ക്ലബ്ബിൽ പ്രവേശനം അനുവദിച്ചിരുന്നത്.
അങ്ങനെ കാന്റർബറി വീക്ക് കടൽകടന്ന് കോഴിക്കോട്ടുമെത്തി. കാന്റർബറി വീക്ക് ഓഫ് കാലിക്കറ്റ് എന്നായിരുന്നു മേള അറിയപ്പെട്ടത്. മേളയിലെ പ്രധാനയിനം ക്രിക്കറ്റ് തന്നെ. എന്നാൽ അതുകൊണ്ടുമാത്രം ഒരാഴ്ച നീളുന്ന മേള കൊഴുപ്പിക്കാനാവില്ല. കുതിരപ്പന്തയവും ബില്യാർഡ്സും ഗോൾഫും മേളയെ അവാച്യമായ ലോകത്തേക്ക് ആനയിച്ചു. നൃത്തവും പാട്ടും സംഗീതവും വിപണനമേളയും ചീട്ടുകളിയും സിനിമാപ്രദർശനവും ലഹരിയും വേറെ. മലബാർക്രിസ്ത്യൻ കോളജ്ഗ്രൗണ്ട്, മാനാഞ്ചിറ മൈതാനം, സാമുതിരി സ്‌കൂൾ ഗ്രൗണ്ട് എന്നിവിടങ്ങൾ സായ്പന്മാരുടെയും മദാമ്മമാരുടെയും കാന്റർബറി സ്വപ്നങ്ങൾക്ക് നിറം പകർന്നു. സായ്പിന്റെ കാന്റർബറി വീക്ക്, കോഴിക്കോട്ടുകാരിൽ വിസ്മയം തീർത്തു.
1870-കളിലാണ് കാന്റർബറിവീക്ക് കോഴിക്കോട്ട് ആരംഭിച്ചത്. ദശകങ്ങളോളം അതു നഗരത്തിൽ അവിസ്മരണീയമായ അനുഭവങ്ങൾ സമ്മാനിച്ചു. പക്ഷെ മേള എപ്പോഴാണ് അന്യം നിന്നു പോയത് എന്നതിന് രേഖയൊന്നുമില്ല. സായ്പന്മാർ കുടുംബസമേതം കാളവണ്ടികളിലാണ് 30-കിലോമീറ്റർ താണ്ടി വയനാട്ടിൽ നിന്ന് കോഴിക്കോട് നഗരത്തിലെത്തിയിരുന്നത്. രാത്രിമുഴുവൻ കാളവണ്ടികളിലിരൂന്ന് ചുരം താണ്ടൂന്ന
ബ്രിട്ടീഷുകാർ അതികാലത്ത് കോഴിക്കോട്ടെത്തൂം. താമസിയാതെ അവർ നഗരത്തിലെ ക്ഷുരകന്മാരെ തേടിയിറങ്ങും. കാന്റർബറി വീക്കിന് മുന്നോടിയായി
കേശം മനോഹരമാക്കുകയാണ് ലക്ഷ്യം. മലബാർ യൂറോപ്യൻ ക്ലബിലാണ് അവരുടെ താമസം. അവിടെ മേള പൊലിപ്പിക്കാൻ സന്ധ്യ മുതൽ പുലരുന്നതുവരെ വിവിധചടങ്ങുകളും നൃത്തവും സംഗീതവും പാട്ടും വിലയേറിയ മദ്യവും വിഭവസമൃദ്ധമായ ഭക്ഷണവുമുണ്ടാകും. ബ്രിട്ടനിലെ കാന്റർബറി വാരത്തിൽ വിവേചനങ്ങളില്ലെന്ന് നേരത്തെ പറഞ്ഞുവല്ലോ. പക്ഷെ, കോഴിക്കോട്ടെ മേളയിൽ വരേണ്യ വിഭാഗത്തിൽപ്പെട്ട സായ്പന്മാർക്കും മദാമ്മമാർക്കും മാത്രമായിരുന്നു പ്രവേശനം.
കോഴിക്കോട്ടെ കാന്റർബറി വീക്ക് വെള്ളക്കാർക്ക് രസകരമായ അനുഭവമായിരുന്നുവെങ്കിലും ഇന്ത്യക്കാർക്ക് അത് ദു:ഖത്തിന്റെയും അണയാത്ത രോഷത്തിന്റെയും സ്മരണയാണ്. എന്തുകൊണ്ടാണ് കാന്റർബറി വീക്ക് ഇന്ത്യക്കാർക്ക് ദു:ഖമാകുന്നത്? അഭിമാനത്തിന് ജീവനേക്കാൾ വിലകല്പിച്ച ധിഷണാശാലിയായ ഒരു ഇന്ത്യൻ യുവാവിന്റെ ആത്മത്യാഗവുമായി അത് ബന്ധിക്കപ്പെട്ടിരിക്കുന്നു. പുലിക്കാട്ട് രത്‌നവേലുച്ചെട്ടി എന്നായിരുന്നു ആ യുവാവിന്റെ പേർ. മദ്രാസ് മുനിസിപ്പാലിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥനായ രാമസ്വാമിച്ചെട്ടിയുടെ മൂത്തമകനായിരുന്നു രത്‌നവേലു. രാമസ്വാമിച്ചെട്ടി ധനികനും അറിയപ്പെടുന്ന പൗരപ്രമുഖനുമായിരുന്നു.
1856-ലായിരുന്നു രത്‌നവേലുവിന്റെ ജനനം. തന്റെ മക്കളുടെ ഉന്നതവിദ്യാഭ്യാസം ഇംഗ്ലണ്ടിലായിരിക്കണമെന്ന് രാമസ്വാമി തീരുമാനിച്ചു. രത്‌നവേലു പഠനത്തിൽ മിടുക്കനായിരുന്നു. മദ്രാസ് സർവകലാശാലയിൽ മെട്രിക്കുലേഷൻ കഴിഞ്ഞ ശേഷം, രത്‌നവേലു ഇംഗ്ലണ്ടിലേക്ക് കപ്പൽ കയറി. ഇന്ത്യൻ സിവിൽ സർവീസിൽ( ICS) ഇന്ത്യക്കാർക്ക് പ്രവേശനാനുമതി ലഭിച്ചിട്ട് അധികംകാലമായിട്ടുണ്ടായിരുന്നില്ല. വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ സഹോദരൻ സത്യേന്ദ്രനാഥ ടാഗോറായിരുന്നു ആദ്യത്തെ ഇന്ത്യക്കാരനായ ഐസിഎസുകാരൻ. ഉന്നതനിലയിൽ ഐസിഎസ് പൂർത്തിയാക്കിയ രത്‌നവേലുച്ചെട്ടി ഇന്ത്യയിൽ തിരിച്ചെത്തിയത് അടിമുടി ഇംഗ്ലീഷുകാരനായിട്ടായിരുന്നു. മദ്രാസ് പ്രസിഡൻസിയിലെ തദ്ദേശീയനായ ആദ്യത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. പലയിടങ്ങളിലായി അസിസ്റ്റന്റ് കലക്ടറായി ജോലിചെയ്തു.
ചെട്ടിയെ ഉന്നതപദവിയിൽ അവരോധിച്ചത് ബ്രിട്ടീഷുകാരിൽ ഒരു വിഭാഗത്തെ ചൊടിപ്പിച്ചു. ബ്രിട്ടീഷുകാരുടെ വർണവിവേചനം കുപ്രസിദ്ധമാണല്ലോ!അക്കാലത്തെ രാജ്യത്തെ യൂറോപ്യൻ ക്ലബ്ബുകൾക്ക് പുറത്ത് ഇങ്ങനെ എഴുതിവെച്ചതായി കാണാം:’ഇന്ത്യക്കാർക്കും നായ്ക്കൾക്കും പ്രവേശനമില്ല. ‘ബ്രിട്ടീഷുകാർ തരം കിട്ടുമ്പോഴെല്ലാം തൊലികറുത്ത ചെട്ടിയെ അവഹേളിക്കാൻ തുടങ്ങി. ബ്രിട്ടീഷ്ജീവിതരീതി അനുകരിച്ച ചെട്ടി ഇതിനകം ക്രിസ്തുമതം സ്വീകരിച്ചുകഴിഞ്ഞിരുന്നു. പതിവായി പള്ളിയിലും പോകും. പാശ്ചാത്യ മാതൃകയിലുള്ള വീടാണ് പണികഴിപ്പിച്ചത്.അതൊന്നും ബ്രിട്ടീഷുകാരുടെ സമീപനത്തിൽ മാറ്റം വരുത്താൻ സഹായകരമായില്ല. ഇംഗ്ലീഷുകാരുടെ ജീവിതരീതി സ്വീകരിച്ചതുകൊണ്ട് ഇംഗ്ലീഷുകാരനാവില്ല എന്നായിരുന്നു അവരുടെ നിലപാട്. അതിന് ഇംഗ്ലീഷുകാരനായി ജനിക്കണം. ബ്രിട്ടീഷ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ ഒരിക്കലും തുല്യതയോടെ കാണുകയുണ്ടായില്ല. ചെട്ടിയെ ഇകഴ്ത്തിക്കൊണ്ട് ‘സൗത്ത് ഇന്ത്യൻ ഒബ്‌സർവർ’മുഖപ്രസംഗം പോലുമെഴുതി. ഇംഗ്ലണ്ടിൽ സിവിൽ സർവീസ് പാസ്സായ ആൾ എന്ന നിലയിൽ ചെട്ടിയെ ബഹുമാനിച്ച ഇംഗ്ലീഷുകാർ ഉണ്ടായിരുന്നു. പക്ഷെ അവർ ന്യൂനപക്ഷമായിരുന്നു.
പാലക്കാട്ട് മലബാർ ജില്ലാ അസിസ്റ്റന്റ് കളക്ടർ ആയിരിക്കെ, ചെട്ടി നേരിട്ടതു പോലുള്ള അവഹേളനം ആർക്കും സഹിക്കാനാവുന്നതല്ല. രാജ്യത്തെ യൂറോപ്യൻ ക്ലബ്ബുകളിലൊന്നിലും അദ്ദേഹത്തിന് അംഗത്വം കിട്ടുകയുണ്ടായില്ല. ഒരിക്കൽ മലബാർ കളക്ടറുടെ സന്ദർശനം പ്രമാണിച്ച് ചെട്ടി അദ്ദേഹത്തിന് സ്വീകരണമൊരുക്കി. നാട്ടുനടപ്പനുസരിച്ച് കളക്ടർക്ക് ഹസ്തദാനം നൽകി.
പക്ഷെ, ഹസ്തദാനം സ്വീകരിച്ച കളക്ടർ പരസ്യമായി തന്റെ കൈ സോപ്പിട്ട് കഴുകി. ഒരു കറുത്തവൻ തന്നെ സ്പർശിച്ചത് കളക്ടർക്ക് സഹിക്കാനാവില്ല. വർണവെറിയുടെ കരുത്ത്. വിക്ടോറിയ മഹാറാണിയുടെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വേറൊരു ചടങ്ങിൽ വെച്ച് അദ്ദേഹത്തെ ഒരു മദാമ്മ കാക്കയെന്ന് വിളിച്ച് അപമാനിച്ചു. രത്‌നവേലു എല്ലാം നിശ്ശബ്ദം സഹിച്ചു. ഈ ലോകം എത്ര മാത്രം ക്രൂരമാണെന്ന് അദ്ദേഹം ആദ്യമായി ചിന്തിച്ചു.
1881- ലെ ശരത്കാലം.കോഴിക്കോട്ട് കാന്റർബറി മേള നടക്കുന്നു. ക്ഷണമനുസരിച്ച് ചെട്ടി കോഴിക്കോട്ടെത്തി. മലബാർ യൂറോപ്യൻ ക്ലബ് ഇംഗ്ലീഷുകാരുടെ ആമോദത്തിന് സാക്ഷ്യം വഹിക്കുകയാണ്.തോട്ടം മുതലാളിമാരും ബ്രിട്ടീഷ് മേലാളന്മാരുമാണ് കാന്റർബറി വീക്കിന്റെ അവസാനനാൾ പൊലിപ്പിക്കുന്നത്. ലഹരി നുരയുന്നു.ആണും പെണ്ണും സംഗീതത്തിനൊത്ത് നൃത്തമാടുകയാണ്. രത്‌നവേലു ചെട്ടി ഒരിടത്തിരുന്ന് നൃത്തം ആസ്വദിക്കുന്നു. വെള്ളക്കാർക്കിടയിൽ നിൽക്കുന്ന ഏക കറുത്തവൻ. അപ്പോൾ ഒരു തോട്ടമുടമയും ഭാര്യയും ചെട്ടിയ്ക്കടുത്തെത്തി. മദാമ്മ, രത്‌നവേലുവിനെ ചൂണ്ടി ‘ഏതാണ് ഈ കാക്ക ‘എന്ന് ചോദിക്കുന്നു. ആത്മാഭിമാനമുള്ള ഒരു മനുഷ്യനെന്ന നിലയിൽ ചെട്ടി അതിനെ ചോദ്യം ചെയ്തു. മദാമ്മയുടെ ഭർത്താവുമായി വാഗ്വാദമായി, ബഹളമായി. കോഴിക്കോട്ട് നിന്ന് തൽസമയം മടങ്ങിയ ചെട്ടിയെ പാലക്കാട്ട് തലയ്ക്ക് വെടിയേറ്റനിലയിലാണ് കണ്ടെത്തിയത്. ചെട്ടിയുടെ മരണം ‘തോക്കപകടം ‘ആണെന്നാണ് ബ്രിട്ടീഷ് സർക്കാറിന്റെ രേഖയിൽ കാണുന്നത്. അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ സർക്കാർ അനുശോചിക്കുകയും ചെയ്തു.
രത്‌നവേലു ചെട്ടിയുടെ മരണത്തിന്റെ കാരണം കൊലപാതകമോ, ആത്മഹത്യയോ, അതോ അപകടമോ?ആത്മഹത്യയാണെന്ന അഭിപ്രായത്തിനാണ് മുൻ തൂക്കം. ആക്ടിംഗ് അസി. കളക്ടറായിരുന്ന അദ്ദേഹത്തിന് മരിക്കുമ്പോൾ 25-വയസ്സ് മാത്രമായിരുന്നു പ്രായം. ചെട്ടിയുടെ മരണത്തിൽ പാലക്കാട്ടുകാർ ദു:ഖിച്ചു. 1893-ൽ അന്നത്തെ പാലക്കാട് മുനിസിപ്പൽ ചെയർമാൻ റാവു ബഹദൂർ ചിന്നസ്വാമി പിള്ളയുടെ നേതൃത്വത്തിൽ, ജനങ്ങളിൽനിന്ന് പിരിവെടുത്ത് അദ്ദേഹത്തിന്റെ സ്മരണയ്ക്കായി നഗരത്തിൽ ഒരു വിളക്ക് സ്ഥാപിച്ചു. ബ്രിട്ടീഷുകാർ അത് പൊളിച്ചുകളഞ്ഞു. അതിനെതിരെ ഉയർന്ന ജനവികാരത്തിന് ഗവർണർക്ക് വഴങ്ങേണ്ടി വന്നു. മറ്റൊരു അഞ്ചുവിളക്ക് സ്ഥാപിച്ചത് അങ്ങനെയാണ്. അതിപ്പോഴും അവിടെയുണ്ട്. രത്‌നവേലു ചെട്ടിയെ അപമാനിച്ച തോട്ടമുടമക്കെതിരെ എന്തെങ്കിലും നടപടിയെടുത്തതായി രേഖയില്ല. കാന്റർബറി വാരത്തിലെ അനിഷ്ട സംഭവം നടക്കുമ്പോൾ, മലബാർ മാന്വൽ എഴുതിയ വില്യം ലോഗൻ ആയിരുന്നില്ല മലബാർ കളക്ടർ. അദ്ദേഹം സ്ഥലം മാറി പോയിരുന്നു. അദ്ദേഹത്തിന്റെ പിൻഗാമിയായെത്തിയ ജോർജ് മാക് വാട്ടേഴ്‌സിന്റെ കീഴിലായിരുന്നു ചെട്ടിയുടെ ദുരിതം. ലോഗൻ പിന്നെയും കലക്ടറായി മലബാറിലെത്തിയെങ്കിലും രത്‌നവേലുവിന്റെ മരണത്തെ കുറിച്ച് അദ്ദേഹം എവിടെയും രേഖപ്പെടുത്തിയതായി കാണുന്നില്ല. രത്‌നവേലുച്ചെട്ടി, വിടരുന്നതിന് മുമ്പ് കൊഴിഞ്ഞുപോയ പൂവായി, നൊമ്പരമായി കൊളോണിയൽ കാല ഇന്ത്യാചരിത്രത്തിൽ അവശേഷിക്കുന്നു.


