ജനീവ: ലോക ചെസ് കിരീടം നിലനിർത്താൻ ഇന്ത്യൻ താരം ഡി. ഗുകേഷ് വീണ്ടും കളത്തിലിറങ്ങുന്നു. 2026ലെ ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഉസ്ബെക്കിസ്ഥാന്റെ ജാവോഖിർ സിന്ദറോവാണ് ഗുകേഷിന്റെ എതിരാളി. നവംബർ 24ന് സ്വിറ്റ്സർലൻഡിലെ ജനീവയിലാണ് ആദ്യ മത്സരം.
ഇരുവരും 20 വയസ്സുകാരാണെന്ന പ്രത്യേകതയുമുണ്ട്. ലോക ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ തമ്മിലുള്ള കിരീടപ്പോരാട്ടമാണിത്. 14 ക്ലാസിക്കൽ മത്സരങ്ങളാണ് ചാമ്പ്യൻഷിപ്പിലുള്ളത്. 7.5 പോയിന്റ് ആദ്യം നേടുന്ന താരത്തിന് ലോകകിരീടം സ്വന്തമാക്കാം.
നിലവിലെ ചാമ്പ്യനായ ഗുകേഷ് കിരീടം സംരക്ഷിക്കാനല്ല, വീണ്ടും നേടാനാണ് എത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കി. ഉയർന്ന റേറ്റിങ്ങുമായാണ് സിന്ദറോവ് മത്സരത്തിനിറങ്ങുന്നത്. ഡിസംബർ 12 വരെയാണ് ചാമ്പ്യൻഷിപ്പ് നിശ്ചയിച്ചിരിക്കുന്നത്.
