വിവാഹപ്രായം കഴിഞ്ഞിട്ടും അനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്താൻ കഴിയാത്ത യുവാക്കളുടെ എണ്ണം വർധിക്കുന്നുവെന്നത് സാമൂഹ്യവിഷയമായി ചർച്ച ചെയ്യേണ്ടതാണ്.
ഒരുകാലത്ത് ഒരു നിശ്ചിത പ്രായമെത്തിയാൽ വീട്ടുകാർ വിവാഹാലോചനകൾ തുടങ്ങും. ജോലി, കുടുംബ പശ്ചാത്തലം, ജാതകം, സാമ്പത്തികം തുടങ്ങിയവയായിരുന്നു പ്രധാന പരിഗണനകൾ. ഒടുവിൽ അനുയോജ്യരായ വധൂ- വരന്മാരെ കണ്ടെത്തി വിവാഹം നടക്കുകയും ചെയ്യും.
എന്നാൽ ഇന്ന് കാര്യങ്ങൾ അങ്ങനെയല്ല. വിവാഹപ്രായം കഴിഞ്ഞിട്ടും അനുയോജ്യമായൊരു ജീവിതപങ്കാളിയെ കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്ന യുവാക്കളുടെ എണ്ണം കൂടിവരുന്നു. വിവാഹാലോചനകൾ ഒന്നിനു പിന്നാലെ ഒന്നായി വരും, പലതും പല കാരണങ്ങളാൽ മുടങ്ങുന്നു. ഉയർന്ന വിദ്യാഭ്യാസം, സ്വഭാവം, മികച്ച ജോലി, സാമ്പത്തിക ഭദ്രത, കുടുംബ പശ്ചാത്തലം, വധൂ- വരന്മാരുടെ രൂപഭംഗി, ജാതകം തുടങ്ങി വിവാഹാലോചനകളിൽ പരിഗണിക്കുന്ന ഘടകങ്ങൾ ഏറെയാണ്. ഇത്തരം സാഹചര്യത്തിൽ സ്ഥിരവരുമാനമില്ലാത്തവരും കൃഷി, ചെറുകിട കച്ചവടം, സ്വകാര്യ തൊഴിൽ തുടങ്ങിയ മേഖലകളിൽ കഴിയുന്നവരുമായ യുവാക്കൾക്ക് ചിലപ്പോൾ അനുയോജ്യമായ ബന്ധങ്ങൾ കണ്ടെത്താൻ സാധിക്കാതെ വിവാഹ സ്വപ്നം ഉപേക്ഷിക്കേണ്ടിവരുന്നു.
വിവാഹം വൈകുന്നത് പുരുഷന്മാർക്ക് മാത്രമല്ല
വിവാഹം വൈകിപ്പിക്കുന്നവരുടെ എണ്ണം വർധിക്കുന്നതിന് പിന്നിൽ സ്ത്രീകളുടെ മാറുന്ന കാഴ്ചപ്പാടുകളും പ്രധാനമാണ്. വിദ്യാഭ്യാസവും തൊഴിൽമേഖലയിലെ അവസരങ്ങളും സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. സാമ്പത്തികമായി സ്വയംപര്യാപ്തരാകാനും സ്വന്തം ജീവിതത്തെക്കുറിച്ചുള്ള തീരുമാനങ്ങൾ സ്വയം എടുക്കാനും ഇന്ന് പലർക്കും കഴിയുന്നു. വിവാഹം ജീവിതത്തിലെ നിർബന്ധിത ഘട്ടമായി കാണുന്നതിനുപകരം അനുയോജ്യമായ പങ്കാളിയെ കണ്ടെത്തിയാൽ മാത്രം വിവാഹം മതിയെന്ന നിലപാടിലേക്ക് ചിലർ മാറുന്നു. ഇതോടെ വിവാഹിതരാകാത്ത പെൺകുട്ടികളുടെ എണ്ണവും വർധിക്കുന്നു.
കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, സാമ്പത്തികമായി സുരക്ഷിതരാകുക, വ്യക്തിപരമായ താൽപര്യങ്ങൾക്ക് മുൻഗണന നൽകുക തുടങ്ങിയ കാരണങ്ങളാൽ വിവാഹം നീട്ടിവയ്ക്കുന്ന യുവതികളുമുണ്ട്. അതേസമയം, വിവാഹശേഷം ജോലി തുടരാനുള്ള സ്വാതന്ത്ര്യം, കുടുംബത്തിലെ ഉത്തരവാദിത്തങ്ങളുടെ പങ്കുവെക്കൽ, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളിലും സ്ത്രീകൾ അവരുടെ നിലപാടുകൾ മുന്നോട്ടുവയ്ക്കുന്നത് വരന്റെ കുടുംബങ്ങളിൽ മാറ്റത്തിനുവിധേയമാകാനുള്ള സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. ഭാരിയോടൊപ്പം അടുക്കളയിൽ കയറണം, പാചകം ചെയ്യണം, പാത്രം കഴുകുകയും തുണി അലക്കുകയും വേണം എന്ന് പറയാതെ പറയുകയാണ് പുതിയ തലമുറ പെൺകുട്ടികൾ. പരമ്പരാഗതമായ രീതികൾ അട്ടിമറിക്കാനുള്ള ആഗ്രവുംകൂടി വിവാഹാലോചനകളെ സങ്കീർണമാക്കുന്നുണ്ട്.
വിവാഹം ഒരു സാമ്പത്തിക കരാറായി മാറുന്നുണ്ടോ?
സ്ത്രീധന സമ്പ്രദായത്തിലും സാമ്പത്തിക വിലപേശലുകളിലും വലിയ മാറ്റങ്ങൾ സംഭവിച്ചു. എന്നാൽ, കാലത്തിന്റെ തിരിച്ചടിയെന്നോണം ഇന്ന് സാമ്പത്തികം വരനും കുടുംബത്തിനും വിവാഹത്തിലേക്കുളള വഴിയിൽ നിർണായകമായി മാറിയിരിക്കുന്നു.
വിവാഹത്തെക്കുറിച്ചുള്ള ചർച്ചകളിൽ വരന്റെ സാമ്പത്തിക സ്ഥിതിക്ക് ലഭിക്കുന്ന പ്രാധാന്യവും ശ്രദ്ധേയമാണ്. വരന്റെ ശമ്പളം, ജോലി, കുടുംബത്തിന്റെ സാമ്പത്തികശേഷി, സ്വന്തമായി വീടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പല ആലോചനകളിലും നിർണായകമാകുന്നു. അതുപോലെ തന്നെ വരന്റെ സ്വഭാവം സ്വഭാവം നല്ലതല്ലെങ്കിൽ പെണ്ണ് ആലോചിക്കാനേ പോകേണ്ടതില്ല. സ്ത്രീകളുടെ വിദ്യാഭ്യാസം, ജോലി, വരുമാനം എന്നിവയ്ക്കും പ്രാധാന്യം ലഭിക്കുന്നു ണ്ടെങ്കിലും വരന്റെ അത്രയും യോഗ്യതയുടെ കടമ്പകൾ കടക്കേണ്ടതില്ല.
സ്ഥിരമായ ജോലിയോ വരുമാനമോ ഇല്ലാത്ത പുരുഷന്മാരെ സംബന്ധിച്ചിടത്തോളം, സാമ്പത്തികമായി സജ്ജരാണെന്ന് തെളിയിക്കേണ്ടി വരുന്ന സമ്മർദ്ദം വിവാഹം വൈകാൻ കാരണമായേക്കാം.
വിദ്യാഭ്യാസം, സാമ്പത്തിക സ്വാതന്ത്ര്യം, ജോലി, എന്നിവ ലഭ്യമായതോടെ, സ്ത്രീകൾക്ക് ഇന്ന് സ്വന്തം ജീവിതത്തെക്കുറിച്ച് കൂടുതൽ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവുണ്ട്. ലക്ഷ്യം നേടുന്നതിന് പലരും വൈകി വിവാഹം കഴിക്കാൻ തീരുമാനിക്കുമ്പോൾ, മറ്റുചിലർ വിവാഹം എന്ന വ്യവസ്ഥയിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കാൻ തയ്യാറാവുന്നുണ്ട്. ഒരു കാലത്ത് കുടുംബങ്ങൾ തീരുമാനിച്ചുറപ്പിക്കുന്ന ബന്ധങ്ങളായിരുന്നു കൂടുതലും. എന്നാൽ വിദ്യാഭ്യാസവും തൊഴിൽസാധ്യതകളും സാമ്പത്തിക സ്വാതന്ത്ര്യവും വർധിച്ചതോടെ സ്ത്രീകൾ സ്വന്തം ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്നു. തനിക്ക് തുല്യമായ വിദ്യാഭ്യാസ യോഗ്യതകളും സാമ്പത്തിക സ്ഥിരതയും തൊഴിൽപരമായ സാധ്യതകളുമുള്ള ഒരാളെയാകും അന്വേഷിക്കുക. തന്നെക്കാൾ പ്രായം കൂടിയ ഒരാളെ തിരഞ്ഞെടുക്കുന്നതിന് പകരം, തനിക്ക് സമാനമായ പ്രായമുള്ള ഒരു പങ്കാളിയെയാകും അവൾ ആഗ്രഹിക്കുക. ജീവിത സുരക്ഷിതത്വം കൈവരിക്കാനുള്ള നെട്ടോട്ടത്തിൽ പ്രായം കടക്കുന്ന യുവാക്കൾക്ക് ഇത് മറ്റൊരു വെല്ലുവിളിയാണ്
കണക്കുകൾ പറയുന്നത് എന്ത്?
കേരളത്തിലെ വിവാഹരംഗത്തെ മാറ്റങ്ങൾ പരിശോധിക്കുമ്പോൾ വിവാഹം കഴിക്കാത്ത പുരുഷന്മാരുടെയും സ്ത്രീകളുടെയും അനുപാതവും ശ്രദ്ധേയമാണ്. NFHS-5 (2019-20) കണക്കുകൾ പ്രകാരം 20-49 പ്രായപരിധിയിലുള്ള കേരളത്തിലെ പുരുഷന്മാരിൽ 35.9 ശതമാനവും സ്ത്രീകളിൽ 10.2 ശതമാനവും വിവാഹം കഴിക്കാത്തവരാണ്. ഇത് വിവാഹം കഴിക്കാത്തവരുടെ അനുപാതത്തിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്നു.
.
2014-ൽ വിവാഹം കഴിക്കാത്ത സ്ത്രീകളുടെ വിഹിതം 15.7% ആയിരുന്നു. 2024-ൽ ഇത് 20.4% ആയി ഉയർന്നു എന്നാൽ ഈ കണക്കുകൾ മാത്രം ഉപയോഗിച്ച് സ്ത്രീകളുടെ എണ്ണക്കുറവാണ് പുരുഷന്മാർക്ക് വിവാഹം കഴിക്കാൻ കഴിയാത്തതിന്റെ കാരണമെന്ന് പറയാനാവില്ല. പ്രായം, ജനസംഖ്യാ ഘടന, വിവാഹപ്രായത്തിലെ മാറ്റം, സാമൂഹിക സാഹചര്യങ്ങൾ തുടങ്ങിയവയും വിശദമായി പരിശോധിക്കേണ്ടതുണ്ട്.
‘കേരള മൈഗ്രേഷൻ സർവേ 2023’ (Kerala Migration Survey 2023) പ്രകാരം, വിദേശത്തേക്ക് കുടിയേറിയവരിൽ സ്ത്രീകളുടെ പങ്കാളിത്തം 2018-ലെ 15.8 ശതമാനത്തിൽ നിന്ന് 19.1 ശതമാനമായി ഉയർന്നു. ഇതിലും പ്രധാനപ്പെട്ട കാര്യം, കേരളത്തിൽ നിന്ന് പഠനാവശ്യങ്ങൾക്കായി വിദേശത്തേക്ക് പോയവരിൽ 45.6 ശതമാനവും സ്ത്രീകളാണ് എന്നതാണ്. അവർ തിരഞ്ഞെടുക്കുന്ന ലക്ഷ്യസ്ഥാനങ്ങളിലും മാറ്റം വരുന്നുണ്ട്; യൂറോപ്പ്, വടക്കേ അമേരിക്ക, മറ്റ് പാശ്ചാത്യ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് കുടിയേറുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിന്റെ ‘കേരള വികസന റിപ്പോർട്ട് 2026’ (Kerala Development Report 2026) പ്രകാരം, വിദേശത്തേക്ക് കുടിയേറിയ സ്ത്രീകളുടെ എണ്ണം 1998-ലെ 1.3 ലക്ഷത്തിൽ നിന്ന് 2023-ൽ 4.2 ലക്ഷമായി വർധിച്ചു. വിദേശത്തേക്ക് കുടിയേറിയ സ്ത്രീകളിൽ 71.5 ശതമാനവും ബിരുദതല വിദ്യാഭ്യാസം പൂർത്തിയാക്കിയവരാണ്; അതേസമയം പുരുഷന്മാരിൽ ഈ നിരക്ക് 34.7 ശതമാനം മാത്രമാണ്. ജോലി ലഭ്യമാകുന്ന രാജ്യത്ത് തന്നെ സ്ഥിരതാമസവും അവിടെതന്നെ അനുയോജ്യരായ വരന്മാരെ കണ്ടെത്തിയുള്ള ജീവിതവും, നാട്ടിലുള്ള സാധാരക്കാരായ യുവാക്കൾക്ക് പെൺകുട്ടികളുടെ കണ്ടെത്തുന്നതിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്്്.
കോഴിക്കോടിനടുത്തുള്ള കാരന്തൂർ ഹരഹര മഹാദേവ ക്ഷേത്രത്തിൽ അവിവാഹിതർക്കായി സംഘടിപ്പിച്ച രജിസ്റ്ററേഷനിൽ പങ്കെടുത്ത ഏഴായിരത്തോളം പേരിൽ ഏകദേശം 80 ശതമാനവും പുരുഷന്മാരാണ് ഇവരിൽ പലരും 30 വയസ്സിന് മുകളിൽ പ്രായമുള്ളവരും, ചിലർ 40-കളിലും 50-കളിലും ഉള്ളവരുമായിരുന്നു. ഇത് കേരളത്തിൽ പൊതുവെ ചർച്ചചെയ്യപ്പെട്ട സംഭവമാണ്. മാതാപിതാക്കളോടൊപ്പം കാംപിൽ പങ്കെടുത്ത യുവാക്കളുടെ എണ്ണം സംഘാടകരെപോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു.
മാറേണ്ടത് വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളോ?
വിവാഹം എന്നത് രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധം മാത്രമല്ല, രണ്ട് ജീവിതരീതികൾ തമ്മിലുള്ള കൂടിച്ചേരൽ കൂടിയാണ്. പരസ്പര ബഹുമാനം, വിശ്വാസം, വ്യക്തിസ്വാതന്ത്ര്യം, ഉത്തരവാദിത്തങ്ങളുടെ പങ്കുവെക്കൽ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന പുതിയ തലമുറയാണ് ഇന്ന് വളർന്നുവരുന്നത്. വിവാഹം വൈകുന്നതിനെ ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്നമായി കാണുന്നതിനുപകരം അതിന് പിന്നിലെ സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്.
ജീവിതപങ്കാളിയെ കണ്ടെത്താനുള്ള ശ്രമത്തിൽ പുരുഷന്മാരും സ്ത്രീകളും ഒരുപോലെ നേരിടുന്ന പ്രതിസന്ധികൾ തിരിച്ചറിയുകയും വിവാഹത്തെക്കുറിച്ചുള്ള അനാവശ്യമായ പ്രതീക്ഷകൾ, സങ്കല്പങ്ങൾ, പിന്തുടർന്നുപോന്ന യാഥാസ്ഥിക- പരമ്പരാഗത കാഴ്ചപ്പാടുകൾ പലതും പുനഃപരിശോധിക്കുകയും ചെയ്യേണ്ട സമയമാണിത്. വിവാഹം, കുടുംബ ജീവിതം ഇത്യാദി കാര്യങ്ങളിൽ സംഭവിക്കുന്ന ഏത് തരം പ്രതിസന്ധിയും അത് സ്ത്രീ- പുരുഷ വ്യത്യാസമില്ലാതെ കുടുംബങ്ങളുടെ അസ്തിത്വത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്. വിവാഹം എന്നത് സാമ്പത്തിക നേട്ടങ്ങളുടെയോ സാമൂഹിക പദവിയുടെയോ മാത്രം അടിസ്ഥാനത്തിൽ തീരുമാനിക്കേണ്ട ഒന്നല്ല. പരസ്പര ബഹുമാനവും വിശ്വാസവും സമത്വവും ഉത്തരവാദിത്വങ്ങളും പങ്കുവെക്കുന്ന ജീവിതപങ്കാളിത്തമായി വിവാഹത്തെ കാണാൻ സമൂഹത്തിന് കഴിയണം.
സാമൂഹിക പ്രശ്നം എന്ന നിലയിൽ പൊതുചർച്ചക്കും വിധേയമാക്കേണ്ടതാണ്.
