Top 5 This Week

Related Posts

ആഗസ്തിലെ പ്രേതങ്ങൾ The Ghosts of August

ഗബ്രിയേല്‍ ഗാർസ്യ മാർക്കേസ്

വിവ:കുന്നത്തൂർ രാധാകൃഷ്ണൻ

ഉച്ചയ്ക്ക് മുമ്പ് ഞങ്ങൾ അരെസോയിലെത്തി. റിനെയ്സെൻസ് കൊട്ടാരം അന്വേഷിച്ച് രണ്ടുമണിക്കുറിലേറെ അലഞ്ഞു. ടസ്കാൻ ഗ്രാമത്തിൽ പ്രശാന്തസുന്ദരമായ ഒരിടത്ത് സ്ഥിതിചെയ്യുന്ന റിനെയ്സെൻസ് കൊട്ടാരം വെനിസുലൻ എഴുത്തുകാരൻ മിഗുവൽ ഒട്ടേറ സിൽവ വാങ്ങിയതാണ്. ആഗസ്ത് ആദ്യത്തിലെ ചുട്ടുപൊള്ളുന്നതും തിരക്കേറിയതുമായ ഞായറാഴ്ചയായിരുന്നു അത്. വിനോദസഞ്ചാരികൾ നിറഞ്ഞ നഗരവവീഥികളിൽ എന്തെങ്കിലും അറിയാവുന്ന ആരെയെങ്കിലും കണ്ടെത്തുക എളുപ്പമായിരുന്നില്ല.നിരവധി വൃഥാശ്രമങ്ങൾക്കുശേഷം കൊട്ടാരം കണ്ടെത്താനാവാതെ ഞങ്ങൾ കാറിലേക്ക് മടങ്ങി. കാറ്റാടിമരങ്ങൾ അതിരിട്ട, എന്നാൽ അടയാളങ്ങളൊന്നുമില്ലാത്ത റോഡ് വഴിയാണ് ഞങ്ങൾ നഗരം വിട്ടത്. താറാവിനെ മേയ്ക്കുന്ന ഒരു വയോധിക, റിനെയ്സെൻസ് കൊട്ടാരം എവിടെയാണെന്ന് കൃത്യമായി പറഞ്ഞുതന്നു. യാത്ര പറയുന്നതിന് മുമ്പ് അവർ ചോദിച്ചു. ‘ ആ കൊട്ടാരത്തിൽ ഉറങ്ങാൻ പരിപാടിയുണ്ടോ?’
ഭക്ഷണം കഴിക്കാൻ മാത്രമാണ് അവിടെ പോകുന്നതെന്ന് ഞാൻ അവരെ അറിയിച്ചു, ഞങ്ങളുടെ യഥാർഥ ഉദ്ദേശവും അതുതന്നെയായിരുന്നു.

‘അങ്ങനെയെങ്കിൽ കുഴപ്പമില്ല. എന്തെന്നാൽ റിനെയ്സെൻസ് കൊട്ടാരത്തിൽ പ്രേതബാധയുണ്ട്’. താറാവുകാരി ഗൗരവത്തിലാണ് പറഞ്ഞത്. അവളുടെ അന്ധവിശ്വാസമോർത്ത് ഞാനും ഭാര്യയും
ചിരിച്ചു. മധ്യാഹ്നപ്രേതങ്ങളിൽ ഞങ്ങൾ വിശ്വസിക്കുന്നില്ല. എന്നാല്‍ മജ്ജയും മാംസവുമുള്ള ഒരു പ്രേതത്തെ മുഖാമുഖം കാണാനാവുമെന്ന വിശ്വാസത്തിൽ ഒമ്പതും ഏഴും വയസ്സുള്ള ഞങ്ങളുടെ ആൺമക്കൾ അതീവ സന്തുഷ്ടരായിരുന്നു.
മിഗുവൽ ഒട്ടേറ സിൽവ നല്ല ആതിഥേയനും ശാപ്പാടിന്റെ കാര്യത്തിൽ നിപുണനുമാണ്. മികച്ച എഴുത്തുകാരനുമാണ് മിഗുവൽ. അദ്ദേഹം ഒരുക്കിയ അവിസ്മരണീയമായ ഉച്ചഭക്ഷണം ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. വൈകിയെത്തിയതിനാൽ ഭക്ഷണം കഴിക്കുന്നതിനുമുമ്പ് കൊട്ടാരത്തിനകം കാണാന്‍ ഞങ്ങൾക്ക് സമയമുണ്ടായിരുന്നില്ല. പുറം കാഴ്ചയിൽ ഭീതി ജനിപ്പിക്കുന്ന യാതൊന്നും കൊട്ടാരത്തിനില്ല. ഞങ്ങൾ ഭക്ഷണം കഴിച്ച, പൂക്കൾ മൂടിയ മട്ടുപ്പാവിൽ നിന്നുള്ള നഗരത്തിന്റെ സമ്പൂർണ കാഴ്ച ഞങ്ങളുടെ ഏതു അസ്വാസ്ഥ്യത്തെയും ഓടിച്ചുകളയാൻ പര്യാപ്തമായിരുന്നു. തൊണ്ണൂറായിരം പേർക്ക് താമസിക്കാൻ കഷ്ടിച്ച് മുറികൾ മാത്രമുള്ള വീടുകൾ നിറഞ്ഞ ആ കുന്നിൻ പ്രദേശത്ത് നിരവധി പ്രതിഭാശാലികൾ ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കാൻ പ്രയാസം. എന്നാല്‍ ഏറ്റവും പ്രസിദ്ധനും തദ്ദേശീയനുമായ അരേസോക്കാരൻ അവരാരുമല്ലെന്ന് മിഗുവൽ തന്റെ കരീബിയൻ തമാശകലർത്തിയാണ് പറഞ്ഞത്.

ലുഡോവികോ ആയിരുന്നു അവരിൽ ആരേക്കാളും മഹാനെന്ന് മിഗുവൽ പറഞ്ഞു .
കുടുംബനാമങ്ങളൊന്നുമില്ലാത്ത ലുഡോവികോ കലയുടെയും മൽസരത്തിന്റെയും മഹാനായ രക്ഷാധികാരിയായിരുന്നു. നിർഭാഗ്യം നിറഞ്ഞ ഈ കൊട്ടാരം പണികഴിപ്പിച്ചത് അദ്ദേഹമാണ്. ഉച്ചഭക്ഷണത്തിനിടെ മിഗുവൽ, ലുഡോവികോയെ കുറിച്ച് വിശദമായി പറഞ്ഞു.
‘വിപുലമായ അധികാരത്തിനുടമയായിരുന്നു ലുഡോവികോ. അദ്ദേഹത്തിന്റെ പ്രണയം സംഘർഷഭരിതമായിരുന്നു. ഭീതിജനകമായിരുന്നു ലുഡോവികോയുടെ അന്ത്യം. ഉന്മാദം മനസ്സിന്റെ താളം തെറ്റിച്ച ഒരു നിമിഷത്തിൽ, പ്രണയം സാക്ഷാത്ക്കരിച്ച അതേ മെത്തയിൽ ലുഡോവികോ പ്രണയിനിയെ കുത്തിക്കൊലപ്പെടുത്തി. അടുത്തനിമിഷം ക്രൂരന്മാരായ പോരുനായ്ക്കൾക്ക് നേരെ സ്വയം തിരിഞ്ഞ് അവയാൽ കടിച്ചുകീറപ്പെട്ടു.അർധരാത്രി കഴിഞ്ഞാൽ ഈ കോട്ടാരത്തിന്റെ അന്ധകാരത്തിലൂടെ, പാപമോചനസ്ഥാനം തേടി ലുഡോവികോയുടെ പ്രേതം അലഞ്ഞുനടക്കാറുണ്ട്’. അതീവ ഗൗരവം നിറഞ്ഞ, സംശയത്തിന്റെ ലാഞ്ചനപോലുമില്ലാത്ത മിഗുവലിന്റെ വാക്കുകൾ.
റിനെയ്സെൻസ് കൊട്ടാരം യഥാർഥത്തിൽ വലുതും ഇരുണ്ടതുമായിരുന്നു. എന്നാല്‍ പകൽ വെളിച്ചത്തിൽ നിറഞ്ഞ വയറും സംതൃപ്തമായ മനസ്സുമായിട്ടാണ് ഞങ്ങളിരിക്കുന്നത്. ആ സന്ദർഭത്തിൽ, മിഗുവലിന്റെ കഥ അദ്ദേഹത്തിന്റെ അതിഥികളെ രസിപ്പിക്കാൻ പറഞ്ഞ അനേകം തമാശകളിലൊന്നായിട്ടാണ് ഞങ്ങൾക്ക് തോന്നിയത്.

ഉച്ചമയക്കത്തിനുശേഷം ഞങ്ങൾ മുൻധാരണകളൊന്നുമില്ലാതെ കൊട്ടാരത്തിന്റെ എൺപത്തിരണ്ട് മുറികളിലൂടെ നടന്നു. ഉടമസ്ഥരായ അനന്തരതലമുറകൾ ആ മുറികൾക്ക് പല മാറ്റങ്ങൾ വരുത്തിയിരുന്നു. മിഗുവൽ ഒന്നാം നില പൂർണമായും പുതുക്കിപ്പണിഞ്ഞിരുന്നു. മാർബിൾ തറയോടെ ആധുനിക കിടപ്പറ, ഒരു നീരാവിക്കുളം, വ്യായാമ ഉപകരണം എന്നിവ നിർമ്മിച്ചു. വിശിഷ്ടമായ പൂച്ചെടികൾ കൊണ്ട് മട്ടുപ്പാവ് നിറച്ചു. ഞങ്ങൾ ഉച്ചഭക്ഷണം കഴിച്ചത് ആ മട്ടുപ്പാവിൽ വെച്ചായിരുന്നു.
നൂറ്റാണ്ടുകളായി ഉപയോഗിച്ചുപോന്ന രണ്ടാംനില പ്രത്യേക സവിശേഷകളൊന്നുമില്ലാത്ത മുറികൾ അടങ്ങിയതാണ്. അവയിൽ വിവിധ കാലങ്ങളിലെ കർട്ടനുകൾ അവയുടെ വിധിക്ക് ഉപേക്ഷിക്കപ്പെട്ടവയാണ്. എന്നാല്‍ മുകൾ നിലയിൽ കേടുപറ്റാതെ സൂക്ഷിച്ചിരിക്കുന്ന ഒരു മുറിക്ക് ഞങ്ങൾ സാക്ഷ്യം വഹിച്ചു. കാലം സന്ദർശിക്കാൻ മറന്നുപോയ ലുഡോവികോയുടെ മുറിയായിരുന്നു അത്.
അതൊരു മാന്ത്രികനിമിഷമായിരുന്നു. അവിടെ പൊന്നിൻനൂലുകൾ അലങ്കാരം ചാർത്തിയ വെളിയാടകളോട് കൂടിയ കിടക്ക കാണപ്പെട്ടു. കിടക്കവിരിയിൽ, ലുഡോവികോയുടെ ബലിയർപ്പിക്കപ്പെട്ട പ്രണയിനിയുടെ ഉണങ്ങിയ രക്തം കട്ടപിടിച്ചു കിടന്നു. തണുത്ത ചാരം നിറഞ്ഞ നെരിപ്പോട്. കല്ലായി മാറിയ അതിലെ അവസാനത്തെ കൊള്ളി . അലമാറയിലെ വസ്ത്രശേഖരം പുതിയതായി തോന്നിച്ചു.ഫ്ലോറിഡയിലെ ഏതോ ചിത്രകാരൻ വരഞ്ഞ, സ്വന്തം കാലത്തെ അതിജീവിക്കാൻ ഭാഗ്യമില്ലാതെ പോയ പ്രഭുവിന്റെ എണ്ണച്ഛായാചിത്രം. കിടപ്പറയ്ക്ക് മുകളിലാകെ തൂങ്ങിക്കിടന്ന പുത്തൻ ഞാവൽപ്പഴങ്ങളുടെ വിശദീകരിക്കാനാവാത്ത സുഗന്ധമായിരുന്നു എന്നെ ഏറ്റവുമധികം സ്പർശിച്ചത്.

ടസ്കനിയിലെ ഗ്രീഷ്മകാല പകലുകൾ ദൈർഘ്യമേറിയതും മന്ദഗതിയിലുള്ളതുമാണ്. രാത്രി ഒമ്പതുമണിവരെ ചക്രവാളം തൽസ്ഥാനത്ത് നിൽക്കുന്നു. കൊട്ടാരത്തിലൂടെയുള്ള ഞങ്ങളുടെ സഞ്ചാരം പൂർത്തിയാവുമ്പോൾ അഞ്ചുമണി കഴിഞ്ഞിരുന്നു. സാൻഫ്രാൻസിസ്കോ പള്ളിയിൽ പിയറോ ഡെല്ല ഫ്രാൻസിസ്ക വരച്ച ചുമർച്ചിത്രങ്ങൾ ഞങ്ങളെ കാണിക്കാമെന്നായി മിഗുവൽ. ചുമർച്ചിത്രങ്ങളുടെ ദൃശ്യവിസ്മയം ആസ്വദിച്ചശേഷം കാപ്പിയും കുടിച്ച് സ്യൂട്ട്കെയ്സുകളെടുക്കാൻ ഞങ്ങൾ കൊട്ടാരത്തിലേക്ക് മടങ്ങി. അവിടെ അത്താഴത്തിന്റെ വിഭവങ്ങൾ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു.
ഏകനക്ഷത്രം മങ്ങിയ വെളിച്ചം വിതറുന്ന നീലാകാശത്തിന്റെ കീഴെ ഞങ്ങൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ,രഹസ്യങ്ങൾ ആരായാൻ അടുക്കളയിൽ നിന്ന് കത്തിച്ച ടോർച്ചുകളുമായി കുട്ടികള്‍ മുകൾ നിലകളിലെ ഇരുട്ടിലേക്ക് കയറിപ്പോയി. കോണിപ്പടികളിൽ പതിക്കുന്ന കാട്ടുകുതിരകളുടെ കുളമ്പടികളും വാതിലുകളുടെ നിലവിളികളും ഇരുട്ട് നിറഞ്ഞ മുറികളിൽ കുട്ടികൾ ആഹ്ലാദപുരസ്സരം ലുഡോവികോയെ വിളിക്കുന്ന ശബ്ദങ്ങളും ഞങ്ങളുടെ കാതുകളിൽ അലച്ചുകയറുന്നുണ്ടായിരുന്നു. കൊട്ടാരത്തിൽ അന്തിയുറങ്ങുക എന്നത് കുട്ടികളിലൊരുത്തന്റെ തലതിരിഞ്ഞ ആശയമായിരുന്നു. ആ ആശയത്തിൽ അതീവ സന്തുഷ്ടനായ മിഗുവൽ കുട്ടികളെ പിന്തുണച്ചു. അവരോട് വേണ്ടെന്ന് പറയാനുള്ള നിർഭയത്വം എനിക്കോ ഭാര്യക്കോ ഉണ്ടായിരുന്നില്ല.

ഞാൻ ഭയപ്പെട്ടതിൽ നിന്ന് വ്യത്യസ്തമായി ഞങ്ങൾ അന്ന് രാത്രി നന്നായുറങ്ങി. ഞാനും ഭാര്യയും ഒന്നാം നിലയിലെ ഒരു മുറിയിലും കുട്ടികൾ ഞങ്ങളുടെ തൊട്ടടുത്ത മുറിയിലുമാണ് ഉറങ്ങാൻ കിടന്നത്.രണ്ടു മുറികളും ആധുനികവത്കരിച്ചതാണ്.ആശങ്കപ്പെടാൻ യാതൊന്നുമില്ലായിരുന്നു. ഉറക്കം കാത്തിരിക്കെ, സ്വീകരണമുറിയിലെ നാഴികമണിയുടെ നിദ്രാവിഹീനമായ പന്ത്രണ്ട് മുഴക്കങ്ങൾ എന്റെ കാതുകളിൽ തുളച്ചുകയറി. താറാവ് മേയ്ക്കുന്ന വയോധികയുടെ ഭീഷണമായ മുന്നറിയിപ്പ് ഞാനോർമ്മിച്ചു.പക്ഷെ നന്നെ ക്ഷീണിതരായിരുന്നതിനാൽ കിടന്നയുടൻ ഞങ്ങൾ നിദ്രയുടെ അഗാധതയിലേക്ക് വീണുപോയി. പിറ്റേന്ന് പ്രഭാതത്തിൽ ഏഴുമണിക്ക് ശേഷമാണ് ഞാനുണർന്നത്. ജാലകത്തിൽ പിടിച്ചുകയറുന്ന മുന്തിരിവള്ളികൾക്കിടയിലൂടെ ഉജ്വലമായി പ്രകാശിക്കുന്ന സൂര്യൻ.എനിക്കരികിൽ ശാന്തമായുറങ്ങുന്ന എന്റെ പ്രിയതമ. ഞാൻ സ്വയം പറഞ്ഞു. ‘ഇക്കാലത്തും പ്രേതങ്ങളിൽ വിശ്വസിക്കുന്നത് പമ്പരവിഡ്ഢിത്തം തന്നെ.’ഞാൻ മനോരാജ്യത്തിൽ മുഴുകവെ, പുത്തൻ ഞാവൽപ്പഴങ്ങളുടെ സുഗന്ധം എന്റെ മൂക്കിൽ അടിച്ചുകയറി.ഞാൻ വിറച്ചുപോയി.തണുത്ത ചാരം നിറഞ്ഞ നെരിപ്പോട്, കല്ലായി രൂപാന്തരം പ്രാപിച്ച അവസാനത്തെ കൊള്ളി. പൊന്നിൻ ചട്ടക്കുട്ടിൽ മൂന്ന് നൂറ്റാണ്ട് അകലെ നിന്ന് ഞങ്ങളെ ഉറ്റുനോക്കുന്ന വിശുദ്ധപ്രഭുവിന്റെ ഛായാപടം. പൊടിപിടിച്ച കർട്ടനുകൾ. ലുഡോവികോയുടെ പ്രാണപ്രിയയുടെ ചുടുരക്തം കുതിരുന്ന കിടക്കവിരികൾ. എല്ലാമെല്ലാം എന്റെ കൺമുന്നിൽ ഉജ്വലമായി തിളങ്ങുകയാണ്. തലേന്ന് രാത്രിയിൽ ഞങ്ങൾ ഉറങ്ങാൻ കിടന്ന ഒന്നാം നിലയിലെ കിടപ്പറയിലായിരുന്നില്ല ഞാൻ ഉണർന്നത്. മേലാപ്പിനും സുഗന്ധം പരത്തുന്ന പുത്തൻ ഞാവൽപ്പഴങ്ങൾക്കും കീഴെയുള്ള കിടപ്പുമുറി. ലുഡോവികോയുടെ അഭിശപ്തമായ കിടപ്പറ.

ഗബ്രിയേല്‍ ഗാർസ്യ മാർക്കേസ് 1927-2014

കൊളംബിയയിലെ അരാക്കറ്റാക്കയിലാണ് ഗബ്രിയേല്‍ ഗാർസ്യ മാർക്കേസ് ജനിച്ചത്. ബൊഗോട്ടയിലെ കൊളംബിയ ദേശീയസർവകലാശാലയിലെ ഉന്നത പഠനത്തിനുശേഷം El Espectador എന്ന പത്രത്തിന്റെ റിപ്പോർട്ടറായി ജോലിയിൽ പ്രവേശിച്ചു. റോം, പാരീസ്, ബാഴ്സലോണ, കാരക്കാസ്, ന്യൂയോർക്ക് എന്നിവിടങ്ങളിൽ വിദേശകാര്യലേഖകനായും സേവനമനുഷ്ഠിച്ചു.

നോബേൽ സമ്മാന ജേതാവായ മാർക്കേസ് നിരവധി നോവലുകളുടെയും കഥകളുടെയും കർത്താവാണ്. Eyes of a Blue DOG, Leaf STORM, No One Writes to the Colonel, One Hundred years of Solitude, Strange Pilgrims, Chronicle of a Death Foretold, The Autumn of the Patriarch, Love in the Time of Cholera, Memories of My Melancholy Whores എന്നിവയാണ് പ്രധാന കൃതികൾ. മാർക്കേസിന്റെ ഐന്ദ്രജാലിക യാഥാർഥ്യം(Magical Realism) മുറ്റിനിൽക്കുന്ന The Ghosts of August എന്ന കഥയുടെ വിവർത്തനമാണിത്

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles