ശ്രീക്കുട്ടി ശ്രീകാന്ത്
വെള്ളം എങ്ങനെ കുടിക്കണം, എത്ര കുടിക്കണം, എപ്പോള്‍ കുടിക്കണം, ഇനി സംശയം വേണ്ട.
വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി നമ്മള്‍ എല്ലാവരും ബോധവാന്മാരാണെങ്കിലും അത് എങ്ങനെ കുടിക്കണം, എത്ര കുടിക്കണം, എപ്പോള്‍ കുടിക്കണം എന്നതിനെപ്പറ്റി പലപ്പോഴും സംശയങ്ങള്‍ ഉണ്ടാവാറുണ്ട്.
ജീവന്‍ നിലനിര്‍ത്തുന്ന ഘടകങ്ങളില്‍ ഒന്നാണ് ജലം. അത് ശരീരത്തിന് ഭൂരിഭാഗവും ഉള്‍ക്കൊള്ളുന്നു. നമ്മുടെ ശരീരത്തില്‍ ഏകദേശം 65% ത്തോളം ജലം അടങ്ങിയിരിക്കുന്നു. ഇത് നമ്മുടെ ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുകയും, താപനില നിയന്ത്രിക്കുകയും, ലൂബ്രിക്കേഷന്‍, മാലിന്യനിര്‍മാര്‍ജനം, ഇലക്ട്രോലൈറ്റ് ബാലന്‍സ് എന്നിവയില്‍ സഹായിക്കുകയും ചെയ്യുന്ന പ്രധാന ഘടകമാണ്.
ശരീരത്തിലെ എല്ലാ ആന്തരിക പ്രവര്‍ത്തനങ്ങളെയും ജലം കുറയുമ്പോള്‍ പ്രതികൂലമായി ബാധിക്കും. നിര്‍ജനീകരണം ഗുരുതരമായാല്‍ ബോധക്ഷയം, അപസ്മാരം, അവയവങ്ങളുടെ തകരാറ് എന്നിവ വരെ സംഭവിക്കാം.
നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങള്‍
ക്ഷീണം, തലകറക്കം, തലവേദന, ചര്‍മ്മത്തിലെയും വായിലെയും വരള്‍ച്ച, പേശികളിലെ വേദന, ഇരുണ്ട മഞ്ഞ നിറത്തിലുള്ള മൂത്രം എന്നിവ നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങളാണ്.
എന്നാല്‍ ശരീരത്തിലെ അധിക ജലം വാട്ടര്‍ ഇന്റോക്‌സിക്കേഷന്‍ അല്ലെങ്കില്‍ ഹൈപ്പര്‍ഹൈഡ്രേഷന്‍ എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. ഇത് ശരീരത്തിലെ സോഡിയം ലെവല്‍ അപകടകരമായ രീതിയില്‍ താഴുന്ന ഹൈപ്പോനാട്രീമിയ എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. ഇത് അപൂര്‍വമാണെങ്കിലും ഇതുമൂലം ഓക്കാനം, തലവേദന, അപസ്മാരം, ഗുരുതരമായ കേസുകളില്‍ കോമ, അല്ലെങ്കില്‍ മരണം വരെയും സംഭവിക്കാവുന്ന ഒന്നാണ്.
ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ വെറും വെള്ളം മാത്രം മതിയോ?
ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ വെള്ളം മാത്രം പോരാ. നിങ്ങളുടെ ഭക്ഷണത്തില്‍ നാരങ്ങാവെള്ളം, കരിക്കിന്‍ വെള്ളം, ഫ്രഷ് ഫ്രൂട്ട് ജ്യൂസ്, മോര് തുടങ്ങിയവ ഉള്‍പ്പെടുത്തുക ഈ പാനീയങ്ങളിലെ ധാതുക്കള്‍ ശരീരകോശങ്ങളിലെ ഹോസ്‌മോട്ടിക് മര്‍ദ്ദം നിയന്ത്രിക്കുന്നു.
ഒരു ദിവസം എത്ര ലിറ്റര്‍ വെള്ളം കുടിക്കണം?
ഒരു മുതിര്‍ന്നയാള്‍ ദിവസം കുറഞ്ഞത് 2.5 മുതല്‍ 3 ലിറ്റര്‍ വരെ വെള്ളം കുടിക്കണം അതായത് 8 മുതല്‍ 10 ഗ്ലാസ് വരെ.
ശൈത്യകാലത്ത് ആളുകള്‍ പലപ്പോഴും വെള്ളം കുടിക്കുന്നത് കുറവായിരിക്കും. ദാഹം തോന്നുന്നില്ലെങ്കിലും ശൈത്യകാലത്ത് പോലും ശരീരത്തിന് ആന്തരിക ശുദ്ധീകരണത്തിന് വെള്ളം ആവശ്യമാണ്. മഞ്ഞുകാലത്ത് നാം സാധാരണയില്‍ കൂടുതലും വെള്ളം കുടിക്കണം. കാരണം ശരീരത്തില്‍ നിന്ന് അധിക ജലാംശം പുറത്ത് പോകുന്നുണ്ട്. അന്തരീക്ഷം ഡ്രൈ ആയിരിക്കുന്നതിനാല്‍ തന്നെ ശരീരത്തില്‍ നിന്ന് ജലാംശം വറ്റി പോവുകയാണ് ചെയ്യുന്നത്. പലര്‍ക്കും ഇക്കാര്യം അറിയില്ല എന്നതാണ് സത്യം. തണുപ്പുകാലത്ത് ചെറു ചൂടോടെ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.
വേനല്‍ക്കാലത്തും ഇതുപോലെ കൂടുതല്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. സാധാരണഗതിയില്‍ ഒരു ദിവസം 10 ഗ്ലാസ് വരെ വെള്ളം കുടിക്കണമെങ്കില്‍ വേനല്‍ക്കാലത്ത് ഇത് 15 വരെ ആക്കണമെന്ന് അര്‍ത്ഥം. അതായത് നാല് നാലര ലിറ്റര്‍ വരെ. ഇവിടെയും ഭക്ഷണത്തിലൂടെയും മറ്റ് പാനീയങ്ങളിലൂടെയും ജലാംശം നിലനിര്‍ത്താനായി തണ്ണിമത്തന്‍, സംഭാരം പോലുള്ളവ വേനല്‍ക്കാലത്ത് ശീലമാക്കാം.
നിന്നാണോ അതോ ഇരുന്നാണോ വെള്ളം കുടിക്കേണ്ടത്?
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ വെള്ളം ഇരുന്ന് കുടിക്കുന്നത് തന്നെയാണ് ഏറ്റവും ഉചിതം. ഇരുന്നു വെള്ളം കുടിക്കുമ്പോള്‍ നാം പതുക്കെയാണ് വെള്ളം കുടിക്കുക. ഇതുവഴി നമ്മുടെ പേശികളും നാഡീവ്യൂഹവും ദഹന വ്യവസ്ഥയും ശാന്തമായിരിക്കുകയും ഇത് ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യുന്നു.
നിന്ന് വെള്ളം കുടിക്കുമ്പോള്‍ വെള്ളം വേഗത്തില്‍ ആമാശയത്തിന്റെ താഴ്ഭാഗത്തേക്ക് നേരിട്ട് പതിക്കുന്നു. ഇത് ആമാശയ ഭിത്തികള്‍ക്കും അന്നനാളത്തിനും സമ്മര്‍ദ്ദം ഉണ്ടാക്കുകയും ശ്വാസനാളത്തിലേക്ക് ഉള്ള ഓക്‌സിജന്‍ വിതരണത്തെ താല്‍ക്കാലികമായി തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ടാണ് ചിലര്‍ക്ക് നിന്ന് വെള്ളം കുടിക്കുമ്പോള്‍ നെഞ്ചില്‍ വെള്ളം തടഞ്ഞു നില്‍ക്കുന്നതായോ ശ്വാസംമുട്ട് ഉണ്ടാകുന്നതായോ തോന്നുന്നത്.
എപ്പോഴെല്ലാം വെള്ളം കുടിക്കണം?
വെള്ളം കുടിക്കാന്‍ ഏറ്റവും നല്ല 6 സമയങ്ങള്‍…
- ഉണര്‍ന്ന ഉടനെ കുടിക്കുക.
- ഭക്ഷണത്തിനു 30 മിനിറ്റ് മുന്‍പ് കുടിക്കുക
- ഭക്ഷണം കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞതിനു ശേഷം കുടിക്കുക
- ദാഹം തോന്നുന്ന സമയത്ത് കുടിക്കാം
- കുളിക്കുന്നതിനു മുന്‍പ് കുടിക്കുക
- കിടക്കുന്നതിനു മുന്‍പ് കുടിക്കുക
വെള്ളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ചൂടുള്ള സമയങ്ങളില്‍ തണുപ്പുള്ള വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. മുറിയിലെ താപനിലയില്‍ ഉള്ള വെള്ളമോ അല്ലെങ്കില്‍ നേരിയ ചൂടുവെള്ളം കുടിക്കുന്നതാണ് ഉത്തമം.
ഒറ്റയടിക്ക് വെള്ളം കുടിക്കരുത്. സാവകാശം ഇടവിട്ട് ഇടവിട്ട് വെള്ളം കുടിക്കാം. ഉമിനീരുമായി വെള്ളം കലരാനും ദഹനം മെച്ചപ്പെടാനും ഇത് സഹായിക്കുന്നു.
ഭക്ഷണത്തിന് തൊട്ടുമുന്‍പും ശേഷവും അമിതമായി വെള്ളം കുടിക്കരുത്. ഇത് ദഹന രസങ്ങളെ നേര്‍പ്പിക്കുകയും ദഹനം സാവധാനത്തില്‍ ആക്കുകയും ചെയ്യും.


