ചെന്നൈ: വിജയ്‌യുടെ പുതിയ ചിത്രമായ ജനനായകന്‍ ജനുവരി 9ന് റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുന്നതായി ഔദ്യോഗിക അറിയിപ്പ് വന്നത്. വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യില്ലെന്ന് നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് സ്ഥിരീകരിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി നിര്‍മാതാക്കള്‍ നല്‍കിയ ഹരജിയില്‍ വെള്ളിയാഴ്ച വിധി പറയാന്‍ മാറ്റിയതോടെയാണ് റിലീസ് മാറ്റിയത്. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച 27 മാറ്റങ്ങള്‍ വരുത്തിയിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചത്.
മതവികാരം വ്രണപ്പെടുത്തി, സായുധ സേനയെ വികലമായി ചിത്രീകരിച്ചു എന്നീ പരാതികള്‍ ലഭിച്ചതിനാല്‍ ചിത്രം വീണ്ടും കാണാന്‍ റിവൈസിങ് കമ്മിറ്റിക്ക് കൈമാറിയെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം. കേരളത്തിലടക്കം പല കേന്ദ്രങ്ങളിലും അതിരാവിലെയുള്ള ഷോകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ബുക്കിങ് തുടങ്ങിയിരുന്നു. പലയിടത്തും ഷോകള്‍ ഹൗസ്ഫുള്ളാണെന്ന് ബുക്കിങ് സൈറ്റുകള്‍ വ്യക്തമാക്കുന്നു. ചിത്രം പ്രീ ബുക്കിങ്ങിലൂടെ മാത്രം 35 കോടി നേടിയെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.



