രാത്രികാല യാത്രക്കാർക്ക് സഹായകരമാകുന്ന തരത്തിലുള്ള ആധുനിക സുരക്ഷാ ക്രമീകരണങ്ങൾ ഉള്‍പ്പെടെയാണ് റോഡ് നവീകരിക്കുന്നതെന്ന് എം.എംല്‍എ പറഞ്ഞു
മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ നാല് പ്രധാന റോഡുകളുടെ നവീകരണത്തിന് 13.20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ അറിയിച്ചു. സംസ്ഥാന ബജറ്റിൽ 20 ശതമാനം ടോക്കൺ പ്രൊവിഷൻ ലഭിച്ച പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചത്.
മാറാടി പഞ്ചായത്തിലെ വാളിയപ്പാടം – മാറാടി റോഡിന് 5 കോടി
മണ്ണത്തൂർ കവല മുതൽ വാളിയപ്പാടം വരെയുള്ള ഭാഗം നവീകരിക്കും. 3.600 കിലോമീറ്റർ നീളത്തിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് ഈ റോഡ് പുനർ നിർമ്മിക്കുന്നത്. മഴക്കാലത്ത് പ്രദേശവാസികൾക്കും യാത്രക്കാർക്കും വലിയ ദുരിതമുണ്ടാക്കുന്ന രൂക്ഷമായ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനങ്ങളും ആവശ്യമായ ഇടങ്ങളിൽ കാന നിർമ്മാണവും ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.
കല്ലൂർക്കാട് വാഴക്കാലകണ്ടം – മരുതൂർ റോഡിന് 4 കോടി
3.600 കിലോമീറ്റർ നീളത്തിൽ ഈ റോഡ് ആധുനിക നിലവാരത്തിലേക്ക് ഉയർത്തുന്നതോടെ കല്ലൂർക്കാട് പഞ്ചായത്തിലെ ഗതാഗത സൗകര്യങ്ങളിൽ വലിയ മാറ്റമുണ്ടാകും. തകർന്നു കിടന്നിരുന്ന ഈ റോഡിന്റെ നവീകരണം പ്രദേശവാസികളുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു.
പായിപ്ര പഞ്ചായത്തിലെ അമ്പലപ്പടി – വീട്ടൂർ റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാറിങ് നടത്തുന്നതിന് 3.50 കോടി രൂപ
ദീർഘനാളായി തകർന്ന് കിടന്നിരുന്ന ഈ പാതയിലൂടെയുള്ള യാത്ര പ്രദേശവാസികൾക്ക് വലിയ ദുരിതമായിരുന്നു. 3.600 കിലോമീറ്റർ നീളത്തിലാണ് ഇവിടെ നിർമ്മാണ പ്രവൃത്തികൾ നടക്കുക. റോഡിന്റെ നിലവിലുള്ള വീതി പൂർണ്ണമായും നിലനിർത്തിക്കൊണ്ട്, ദീർഘകാലം ഈടുനിൽക്കുന്ന തരത്തിൽ മികച്ച ഗുണനിലവാരത്തോടെ പണികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
രണ്ടാർ ലിങ്ക് റോഡിന്റെ നവീകരണത്തിനായി 70 ലക്ഷം രൂപ
ആവോലി പഞ്ചായത്തിലെ പ്രധാന യാത്രാമാർഗ്ഗമായ രണ്ടാർ ലിങ്ക് റോഡിന്റെ നവീകരണത്തിനായി 70 ലക്ഷം രൂപയും ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 1.200 കിലോമീറ്റർ നീളത്തിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് ഈ റോഡും നവീകരിക്കുന്നത്.
രാത്രികാല യാത്രക്കാർക്ക് സഹായകരമാകുന്ന തരത്തിലുള്ള ആധുനിക സുരക്ഷാ ക്രമീകരണങ്ങൾ ഉള്‍പ്പെടെയാണ് റോഡ് നവീകരിക്കുന്നതെന്ന് എം.എംല്‍എ പറഞ്ഞു. വ്യക്തമായ ദിശാസൂചിക ബോർഡുകൾ, റിഫ്ലക്ടറുകൾ, കൃത്യമായ റോഡ് മാർക്കിങ്ങുകൾ എന്നിവ സ്ഥാപിക്കുന്നതിലൂടെ രാത്രികാലങ്ങളിലെ അപകടസാധ്യതകൾ പരമാവധി കുറയ്ക്കാൻ സാധിക്കും. ബജറ്റ് ഉള്‍പ്പെട്ടതോടെ വേഗത്തില്‍ എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കിയതാണ് പുരോഗതിയായതെന്ന് എം.എല്‍.എ പ്രസ്താവിച്ചു .നിർമ്മാണ പ്രവൃത്തികൾ ഉടൻ തന്നെ ആരംഭിക്കുമെന്ന് ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ അറിയിച്ചു.
