Home NEWS ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായി

ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായി

0
15

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായി. 88 വയസ്സായിരുന്നു.
സഭയെ 12 വർഷം നയിച്ച അദ്ദേഹം ശ്വാസകോശ അണുബാധയെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ദൈവകരങ്ങളിൽ കളിമണ്ണാണ് മനുഷ്യനെന്ന തിരിച്ചറിവുണ്ടാകണമെന്ന് ദുഃഖ വെള്ളിയാഴ്ച ഓർമപ്പെടുത്തിയ മാർപാപ്പ വിശുദ്ധവാരത്തിൽ സജീവമായി പ്രാർഥനകളിലും മറ്റ് ആരാധനകളിലും പങ്കെടുത്തിരുന്നു. ഗസയിലെ യുദ്ധം അവസാനിപ്പിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും ഈസ്റ്റർ ദിന സന്ദേശത്തിൽ ആഹ്വാനം ചെയ്ത മാർപാപ്പ ലോക സമാധാനത്തിനുവേണ്ടി നിരന്തരം ശബ്ദിച്ചയാളാണ്.

2013 ഏപ്രിൽ 13-നാണ് 266-ാം മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. അർജൻറീനൻ സ്വദേശിയാണ്. ബനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാനത്യാഗം ചെയ്തതിനു പിന്നാലെയാണ് ഫ്രാൻസിസ് മാർപാപ്പ ആ സ്ഥാനത്ത് അവരോധിതനായത്.
ഫ്രാൻസിസ് എന്ന പേരു സ്വീകരിച്ച ആദ്യ മാർപാപ്പയുമായിരുന്നു അദ്ദേഹം.

ഫ്രാൻസിസ് എന്ന പേര് വിശുദ്ധ ഫ്രാൻസിസ് അസീസിയോടുള്ള ആദരംകൊണ്ടു സ്വീകരിച്ചതാണ്. രണ്ടാം ക്രിസ്തു എന്നു വിശേഷിപ്പിക്കപ്പെട്ട വിശുദ്ധനാണ് അസീസിയിലെ ഫ്രാൻസിസ്.
ഈശോസഭയിൽ നിന്നുള്ള പ്രഥമ മാർപാപ്പയും യൂറോപ്യനല്ലാത്ത പ്രഥമ മാർപാപ്പയുമായിരുന്നു പോപ്പ് ഫ്രാൻസിസ്.

ഇറ്റലിയിൽ നിന്നു കുടിയേറിയ റെയിൽവേ തൊഴിലാളിയുടെ മകനായി 1936-ൽ ബുവേനോസ് ആരീസിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ ജനനം. 22-ാം വയസിൽ ഈശോസഭയിൽ ചേർന്നു വൈദികപഠനം ആരംഭിച്ചു. വൈദികനായശേഷം സാഹിത്യം, മനശാസ്ത്രം, തത്വശാസ്ത്രം എന്നിവയുടെ അധ്യാപകനായിരുന്നു. 1973 മുതൽ 79 വരെ അർജൻറീനയിലെ ജെസ്വീറ്റ് പ്രൊവിൻഷ്യാളായിരുന്നു. 1980-ൽ സെമിനാരി റെക്ടറായി.

1992-ലാണ് ബുവാനോസ് ഐരിസിൻറെ സഹായമെത്രാനായി അദ്ദേഹം നിയമിതനായത്. മെത്രാപ്പോലീത്ത, കർദിനാൾ, 2001-ൽ കർദിനാൾ സ്ഥാനം ലഭിച്ചു.ആഢംബര സൗകര്യം ഉപേക്ഷിച്ച ലളിതമായ ജീവിതമാണ് മാർപാപ്പ സ്വീകരിച്ചത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here