Top 5 This Week

Related Posts

ബിജെപി ബന്ധം : ട്വന്റി-20 യിൽനിന്ന് പ്രവർത്തകർ കൂട്ടരാജിക്ക് ഒരുങ്ങുന്നു

പെരുമ്പാവൂർ : ബിജെപി സഖ്യകക്ഷിയായതോടെ ട്വന്റി-20 യിൽ പ്രതിഷേധം. ഒരു സ്വതന്ത്ര സംഘടനയെന്ന നിലയിൽ ട്വന്റി-20 യുടെ ഭാഗമായ മതേതര വിശ്വാസികളെ ഞെട്ടിച്ചിരിക്കുകയാണ് സാബു എം. ജേക്കബിന്റെ എൻ.ഡി.എ ബാന്ധവം.
കിഴക്കമ്പലം, ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട്, മേഖലകളിലെ നൂറുകണക്കിന് പാർട്ടിയിൽനിന്ന് രാജിവക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. നിരവധി ജനപ്രതിനിധികളും പ്രതിഷേധത്തിലാണ്. കൂറുമാറ്റ നിരോധ നിയമം പ്രതികൂലമായതിനാൽ എന്ത് നിലപാട് എടുക്കണമെന്ന ആശങ്കയിലാണ് ജനപ്രതിനിധികൾ

പാർട്ടി വിടുന്നവർക്ക് പൂർണ സംരക്ഷണം കോൺഗ്രസും, സിപിഎമ്മും വാഗ്ദാനം ചെയ്തിട്ടുണ്ട്്്്. മതനിരപേക്ഷരായ ജനങ്ങളുടെ വോട്ട് വാങ്ങിയിട്ട് അവരെ പിന്നിൽ നിന്നും കുത്തുകയാണ് ട്വന്റി-20 ചെയ്തതെന്നും എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. കോർപറേറ്റ് മുതലാളിയായ സാബുവിന് ബിജെപി തന്നെയാണ് എന്തുകൊണ്ടും ചേരുന്നത്.

കുന്നത്തുനാട്ടിലെ ജനങ്ങൾ സാബു. എം. ജേക്കബിന്റെ തീരുമാനത്തിന് തിരിച്ചടി നൽകും. പഞ്ചായത്തുകളിൽ ജയിച്ച അംഗങ്ങൾ ബിജെപിക്കൊപ്പം പോകില്ല. തങ്ങൾ പലരുമായും ചർച്ച നടത്തുന്നുണ്ട്. ബിജെപിക്കൊപ്പം ചേരില്ലെന്ന് അവരൊക്കെ വ്യക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ട്വന്റി-20 അംഗങ്ങൾ കോൺഗ്രസിൽ ചേരുമെന്നും മുഹമ്മദ് ഷിയാസ് വ്യക്തമാക്കി.

ട്വന്റി 20 ബിജെപിയുടെ ഭാഗമായതോടെ അതിൽ പ്രവർത്തിക്കുന്ന മതേതര വിശ്വാസികളായവർ ട്വന്റി 20 വിട്ട് കോൺഗ്രസിലേക്ക് വരണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ അഭ്യർഥിച്ചു. വരുന്നവർക്ക് പൂർണ സംരക്ഷണം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ട്വന്റി-20 ബിജെപിക്കൊപ്പം ചേർന്നതിൽ അത്ഭുതമില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ് പറഞ്ഞു. ചേരേണ്ട സ്ഥലത്തു തന്നെയാണ് ചെന്നു ചേർന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിപരമായ നേട്ടങ്ങൾ എവിടെയുണ്ടോ അതാണ് സാബു ജേക്കബിന്റെ രാഷ്ട്രീയമെന്ന് പി.വി ശ്രീനിജൻ എംഎൽഎ. ട്വന്റി-20യിലെ പഞ്ചായത്ത് അംഗങ്ങളടക്കം സാബു ജേക്കബിന്റെ തീരുമാനത്തിൽ അസ്വസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
‘പ്രിയപ്പെട്ട 20-20 പ്രവർത്തകരെ നിങ്ങൾ വിശ്വസിച്ച നിങ്ങളുടെ നേതാവ് നിങ്ങളെ വഞ്ചിച്ച് വർഗ്ഗീയ കൂടാരത്തിൽ എത്തിയിരിക്കുന്നു
പുറത്തുകടക്കുവാൻ നിങ്ങൾക്ക് ഇനിയും സമയമുണ്ട് ….
വർഗ്ഗീയതയെ തള്ളിപറഞ്ഞ് ജനപക്ഷരാഷ്ട്രീയത്തിനൊപ്പം അണി ചേരൂ….
ഞാനുണ്ടാകും നിങ്ങൾക്കൊപ്പം…’ എന്നാണ് പി.വി. ശ്രീനിജന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ജനപ്രതിനിധികൾ അടക്കം ട്വന്റി-20 വിടുന്നവർക്ക് നിയമ- രാഷ്ട്രീയ സംരക്ഷണവും എം.എൽ.എ ഉറപ്പുനല്കി.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി-20 -ബിജെപി സഖ്യം പ്രതികൂലമായി ബാധിക്കില്ലെന്നാണ് യു.ഡി.എഫ്. എൽഡി.എഫ് നേതാക്കൾ വിലയിരുത്തുന്നത്.

advt exide

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles