കൊച്ചി : ആലുവ സ്വദേശിയായ വയോധികനെ വെർച്വൽ അറസ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞ് ഒരു കോടിയിലേറെ രൂപ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പ് പാറക്കല്ലിൽ വീട്ടിൽ സലിം (43)നെ ആണ് എറണാകുളം റൂറൽ ജില്ലാ സൈബർ പോലീസ് സ്റ്റേഷൻ ടീം അറസ്റ്റ് ചെയ്തത്.
കേന്ദ്ര അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥനാണെന്ന് പരിജയപ്പെടുത്തിയാണ് വയോധികന് വിളി വന്നത്. വയോധികന്റെ പേരിൽ ബോംബെയിലെ ഒരു ദേശസാൽകൃത ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും, ആ അക്കൗണ്ടിലേക്ക് ഉത്തരേന്ത്യയിലെ മനുക്ഷ്യക്കടത്തു കേസിലെ പ്രതി 75 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെന്നും പറഞ്ഞായിരുന്നു തട്ടിപ്പിന്റെ തുടക്കം.
തുടർന്ന് കേസെടുത്തിട്ടുണ്ടെന്നും കോടതിയുടെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ചു. കോടതിയുടേതാണെന്നു പറഞ്ഞ് ഒരു കത്തും കാണിച്ചു. വയോധികനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും, അക്കൗണ്ടുകൾ മരവിപ്പിച്ച് സ്വത്തുക്കൾ കണ്ട് കെട്ടുമെന്നും ഭീഷണിപ്പെടുത്തി. ഈ കേസ് ‘പ്രയോർട്ടി ഇൻവെസ്റ്റിഗേഷൻ’ ആയി പരിഗണിക്കാമെന്നും അതിന്റെ ഭാഗമായി അക്കൗണ്ടുകളിലെ തുക തട്ടിപ്പു സംഘം പറഞ്ഞ അക്കൗണ്ടുകളിലേക്ക് മാറ്റണമെന്നും പറഞ്ഞു. ഭയപ്പെട്ട വയോധികൻ 8 ട്രാൻസാക്ഷനിലൂടെ ഒരു കോടി ഇരുപതുലക്ഷത്തോളം, രൂപ സംഘം പറഞ്ഞ അക്കൗണ്ടുകളിലേക്ക് അയച്ചു നൽകുകയായിരുന്നു.
വൈകിയാണ് സംഭവം തട്ടിപ്പാണെന്ന് മനസിലാക്കിത്. തുടർന്ന് പോലീസിൽ പരാതി നൽകി. ശാസ്ത്രീയ അന്വേഷണത്തിലൂടെ ആലുവ സൈബർ പോലീസ് സ്റ്റേഷനിലെ ടീം മലപ്പുറത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ ബാങ്ക് അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ ഇടപാടാണ് നടന്നിട്ടുള്ളത്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്താൽ രൂപീകരിച്ച അന്വേഷഷണ സംഘത്തിൽ ഇൻസ്‌പെക്ടർ വി.ആർ ജഗദീഷ്, എസ്.ഐമാരായ എം.അജേഷ് , ടി.കെവർഗീസ്, എ.എസ്.ഐ സലാവുദ്ദീൻ, സീനിയർ സി പി ഒ പി.കെ ദിനേശൻ, സി പി ഒ ജെറി കുര്യാക്കോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.




