പ്രമുഖ എഡ്യുടെക് കമ്പനിയായ ബൈജൂസ് ആപ്പിനെതിരെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ. ബൈജൂസ് ആപ്പ് കുട്ടികളുടെയും മാതാപിതാക്കളെയും നിരന്തരം ശല്യപ്പെടുത്തുകയും കോഴ്സുകളിൽ ചേരാത്തവരെ അവരുടെ ഭാവി നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി ബോധ്യപ്പെട്ടതായി ് എൻസിപിസിആർ ചെയർപേഴ്സൺ പ്രിയങ്ക് കനൂംഗോ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് വെളിപ്പെടുത്തി. തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും കോഴ്സ്കൾ വിറ്റഴിച്ചെന്ന പരാതിയും ഉണ്ട്.
വിദ്യാർഥികളിൽനിന്നു നിരവധി പരാതികളാണ് ഇതുസംബന്ധിച്ച് ലഭിച്ചതെന്നും ഇതിന്റെ അടിസ്ഥാനത്തിൽ നടപടി ആരംഭിച്ചിട്ടുണ്ടെന്നും എൻസിപിസിആർ ചെയർപേഴ്സൺ വ്യക്തമാക്കി.
ഡിസംബർ 23 ന് ബൈജൂസ് സി.ഇ.ഒ ബൈജു രവീന്ദ്രനോട് നേരിട്ട് ഹാജരാകാനും ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കമ്മീഷൻ സമൻസ് അയച്ചിരുന്നു.
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള എഡ്യൂക്കേഷൻ സ്റ്റാർട്ടപ്പാണ് മലയാളിയായ ബൈജു രവീന്ദ്രൻ നേതൃത്വം നൽകുന്ന ബൈജൂസ്. 22 ബില്യൺ ഡോളറാണ് കമ്പനിയുടെ ആകെ മൂല്യം. അതേസമയം ഈ വാർത്തയോട് ഇതുവരെ കമ്പനി പ്രതികരിച്ചിട്ടില്ല