സംസ്‌കാരം ചൊവ്വാഴ്ച അഞ്ചിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ
മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര നടൻ ഇന്നസെന്റ് (75) നിര്യാതനായി. കൊച്ചി ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഞായറാഴ്ച രാത്രി 10.30ഓടെയായിരുന്നു മരണം. . അർബുദം ബാധിതനായി നാളുകളായി ചികിത്സയിലായിരുന്നു. മാർച്ച് മൂന്നിനാണ് രോഗം മൂർച്ഛിച്ചതിനാൽ ലേക്ഷോരിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഒടുവിൽ ജീവൻ നിലനിർത്തിയത്.
സിനിമ നിർമാതാവായി തുടങ്ങി ഹാസ്യ, സ്വഭാവ വേഷങ്ങളിൽ മൂന്നുപതിറ്റാണ്ടിലേറെ തിളങ്ങിയ താരമാണ് വിടവാങ്ങിയത്. 18 വർഷം താരസംഘടന ‘അമ്മ’യുടെ പ്രസിഡന്റായിരുന്നു. അറുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ഇടതുപക്ഷ സഹയാത്രികനായി 2014 മുതൽ 2019 വരെ ചാലക്കുടിയിൽ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു.
1948 മാർച്ച് നാലിന് തെക്കേത്തല വറീതിന്റെയും മാർഗരീത്തയുടെയും മകനായി തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലായിരുന്നു ജനനം. ഇരിങ്ങാലക്കുട ലിറ്റിൽ ഫ്‌ലവർ കോൺവന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, ഡോൺ ബോസ്‌കോ ഹയർ സെക്കൻഡറി സ്‌കൂൾ, എൻ.എസ്.എസ് സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. എട്ടാം ക്ലാസിൽ പഠനം നിർത്തിയ ശേഷമാണ് മദ്രാസലെത്തി സിനിമ ലോകത്തെ സാന്നിദ്ധ്യമായത്.
മൃദദേഹം കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദർശനത്തിനുവയക്കും. ഇന്നു രാവിലെ എട്ടുമുതൽ 11 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലാണ് പൊതുദർശനം. ഒരുമണിമുതൽ മൂന്നരവരെ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ പൊതുദർശനം. സംസ്‌കാരം ചൊവ്വാഴ്ച അഞ്ചിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ.