Wednesday, May 15, 2024

യോഗിഭക്തരേ, നിങ്ങളെന്തുകൊണ്ടാണ് ഇപ്പോഴും കല്ലുകൾ നോക്കി നടക്കുന്നത്? കെ.ജെ. ജേക്കബ്

Social media share

സമാജ് വാദി പാർട്ടി മുൻ എം,പി മുഹമ്മദ് അതീഖിന്റെയും സഹോദരന്റെയും പോലീസ് കസ്റ്റഡിയിലെ കൊലപാതകം, അതീഖിന്റെ മകനും സുഹൃത്തും പോലീസ് വെടിവെയ്പിൽ മരിച്ചത്, മറ്റു 183 പേരുടെ പോലീസ് ഏറ്റുമുട്ടൽ കൊലപാതകം അടക്കം ഉത്തർ പ്രദേശിൽ നടക്കുന്ന നിതി നിഷേധത്തിന്റെയും ഭരണകൂടം നടത്തുന്ന നിയമലംഘനത്തിന്റെയും പശ്ചാത്തലത്തിൽ ഡെക്കാൻ ക്രോണിക്കിൾ എക്‌സിക്യൂട്ടീവ് എഡിറ്റർ കെ.ജെ. ജേക്കബ് എഴുതിയ ഫേസ് കുറിപ്പ്

കഴിഞ്ഞ മൂന്നു ദിവസവും ഒരേ സംസ്ഥാനത്തെപ്പറ്റി മുഖ പ്രസംഗം എഴുതേണ്ടിവന്ന അസാധാരണ സാഹചര്യം ചൂണ്ടികാണിച്ചാണ് കെ.ജെ. ജേക്കബിന്റെ കുറിപ്പ്്

ഫേസ്ബുക്ക് കുറിപ്പ്് പൂർണമായും വായിക്കാം.

യോഗിഭക്തരോട്

കഴിഞ്ഞയാഴ്ച മൂന്നുദിവസം അടുപ്പിച്ചു ഒരേ സംസ്ഥാനത്തെപ്പറ്റി എഡിറ്റോറിയൽ എഴുതേണ്ടിവന്നു. സാധാരണ അങ്ങിനെ സംഭവിക്കാറില്ല. മൂന്നും ‘പുതിയ ഇന്ത്യയുടെ’ മുഖമായ ഉത്തർപ്രദേശിനെപ്പറ്റി.
മുനിസിപ്പൽ കരം പിരിക്കാൻ പോയ ഉദ്യോഗസ്ഥരെ തടഞ്ഞു, ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞു ഒരാളെ ഒരു കൊല്ലമായി ദേശീയ സുരക്ഷാ നിയമം പ്രയോഗിച്ചു ജയിലിലിട്ടതിനെ നിശിതമായി വിമർശിച്ചും അയാളെ ഉടൻ പുറത്തുവിടാൻ നിദ്ദേശിച്ചും സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവായിരുന്നു ആദ്യത്തെ ദിവസത്തെ വിഷയം.
അയാളുടെ പേരിൽ ദേശീയ സുരക്ഷാ നിയമം ചുമത്താനുള്ള നിർദ്ദേശം മുന്നോട്ടുവച്ച ഉദ്യോഗസ്ഥൻ, അതിനു അംഗീകാരം കൊടുത്ത സമിതി എന്നിവരൊക്കെ ചെയ്ത കാര്യങ്ങൾ കണ്ടു തങ്ങൾ ഞെട്ടി എന്നാണ് സുപ്രീം കോടതി പറഞ്ഞത്; അതിനെതിരെ അലഹബാദ് ഹൈക്കോടതിയിൽ കൊടുത്ത കേസ് പല പ്രാവശ്യം മാറ്റിവച്ചപ്പോഴാണ് പരാതിക്കാരൻ സുപ്രീം കോടതിയിലെത്തിയത്. ഹൈക്കോടതിയിൽ വരുന്ന കാലതാമസത്തിനെതിരെയുള്ള കേസുകൾ സാധാരണ തങ്ങൾ കേൾക്കാറില്ല എന്നാൽ ഈ കേസിലെ വിവരങ്ങൾ അത്രയധികം നീതിനിഷേധമുള്ളതാണ് (facts in the case are gross), അതുകൊണ്ടാണ് തങ്ങൾ ഇതിൽ ഇടപെടുന്നത് എന്നാണ് കോടതി പറഞ്ഞത്.
പ്രത്യേക ഉദ്ദേശത്തോടെ കൊണ്ടുവന്ന ഒരു നിയമം, അതും പൗരനെ കരുതൽ തടങ്കലിൽ ഇടാനുള്ള ഒരുതരം കരിനിയമം, ഒരു സാധാരണ കേസിൽ പ്രയോഗിക്കുക എന്നാൽ അത് അതിന്റെ ഇരയുടെ മാത്രം വിഷയമല്ല,
നിയമവാഴ്ചയുടെ, സ്റ്റെയ്റ്റ് എന്ന സംവിധാനം നടത്തുന്ന നിയമനിഷേധത്തിന്റെ വിഷയമാണ്. അജയ് കുമാർ ബിഷ്ട് എന്ന യോഗി ആദിത്യനാഥ് ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനത്തു നടത്തുന്ന പ്രത്യേകതരം ഭരണത്തിന്റെ ഒരു ഏകദേശരൂപം അതിൽനിന്നും കിട്ടും.
അതുകൊണ്ടാണ് സുപ്രീംകോടതി തന്നെ വിഷയത്തിൽ ഇടപെട്ടത്.

അച്ഛൻ പ്രതിയായ കൊലക്കേസിലെ സാക്ഷിയായ വക്കീലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിച്ചുകൊണ്ടിരുന്ന ഒരു പത്തൊൻപതുകാരനും അയാളുടെ കൂട്ടുകാരനും പോലീസുമായുള്ള ‘ഏറ്റുമുട്ടലിൽ’ ‘കൊല്ലപ്പെട്ട’ വിഷയമായിരുന്നു രണ്ടാമത്തെ ദിവസം.
ആർക്കും ഒരു സംശയവും തോന്നാത്ത വിധത്തിലായിരുന്നു യോഗി ആദിത്യനാഥിന്റെയും അദ്ദേഹത്തിൻറെ ഡെപ്യൂട്ടി കേശവ ചന്ദ്ര മൗര്യയുടെയും പ്രതികരണം. ആദിത്യനാഥ് പോലീസ് സംഘത്തെ അഭിനന്ദിച്ചു; ചരിത്രപരമാണ് ഈ സംഭവമെന്നും ക്രിമിനലുകൾക്കുള്ള ‘പുതിയ ഇന്ത്യ’യുടെ സന്ദേശമാണ് ഇതെന്നുമായിരുന്നു ഉപമുഖ്യമന്ത്രിയുടെ പ്രഖ്യാപനം. വലിയ വളച്ചു കെട്ടില്ലാതെ പറഞ്ഞാൽ നിയമവാഴ്ച തങ്ങൾക്കു പുല്ലാണെന്നും കൊല്ലണമെന്ന് തീരുമാനിച്ചവരെ കൊല്ലുമെന്നും.
ജുഡീഷ്യൽ കസ്റ്റഡിയിലുള്ള രണ്ടു കുറ്റാരോപിതർ പോലീസിന്റെ വലയത്തിനുള്ളതിൽ മീഡിയ ക്യാമറകളുടെ മുൻപിൽ കൊല്ലപ്പെട്ടതായിരുന്നു മൂന്നാമത്തെ ദിവസത്തെ വിഷയം. കഴിഞ്ഞ ഏഴുവര്ഷത്തിനുള്ളിൽ പതിനായിരത്തിലേറെ ഏറ്റുമുട്ടലുകൾ നടത്തുകയും 183 പേരെ കൊല്ലുകയും ചെയ്ത ഒരു സർക്കാരാണ് ഇന്ന് ഉത്തർ പ്രദേശ് ഭരിക്കുന്നത്. നിയമപ്രകാരമായുള്ള നടപടിക്രമങ്ങളിലൂടെയല്ലാതെ ഒരു മനുഷ്യന്റെയും ജീവനോ സ്വാതന്ത്ര്യത്തിനോ ഭംഗം വരുത്താൻ പാടില്ല എന്നെഴുതിവച്ച ഭരണഘടനപ്രകാരം ഭരണം നടത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറിയ സർക്കാരാണ് ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളെയും മൗലികാവകാശങ്ങളെയും പൂർണ്ണമായും റദ്ദുചെയ്തുകൊണ്ടു കാട്ടുനീതി നടപ്പാക്കുന്നത്.
ഈ മൂന്നുകേസുകളിലും ഇരകളെല്ലാം, ഒന്നൊഴിയാതെ, മുസ്ലിം പേരുള്ളവരായിരുന്നു.

ജനാധിപത്യം ഇനിയും കടന്നുചെല്ലാത്ത നാടുകളിൽ, ഭീകരപ്രവർത്തകർ ഭരണം കയ്യാളുന്ന ഇടങ്ങളിൽ ഒക്കെ കയ്യൂക്കുള്ളവർ നടത്തുന്ന പേക്കൂത്തിനു ഓശാന പാടുന്നതിന്റെ നേർക്കാഴ്ചയായിരുന്നു ദേശീയ മാധ്യമങ്ങളിൽ പിന്നീട് കണ്ട ആഘോഷം. ജനാധിപത്യ ഭരണഘടന പൗരന്മാർക്ക് നൽകുന്ന അധികാരങ്ങളും അവകാശങ്ങളും ഉപയോഗിച്ച് ജനാധിപത്യംകൊണ്ടും നിയമവാഴ്ചകൊണ്ടും മാത്രം നിലനിൽപ്പുള്ള മാധ്യമങ്ങൾ ജനാധിപത്യ രീതികളുടെ തായ്വേരിൽ ആഞ്ഞു കൊത്തുന്ന ദൃശ്യം. പോലീസുകാരൻ വഴിയേ പോയാൽ ഓടി കോടതിയിലെത്തി മുൻകൂർ ജാമ്യവും പിന്നെ ജാമ്യവും തരപ്പെടുത്തുന്ന, അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ അവകാശങ്ങളിൽ വെള്ളം ചേർക്കാൻ അനുവദിക്കാത്ത പാർട്ടികൾ ജീവിക്കാനുള്ള അവകാശം ചിലർക്ക് സർക്കാർ നിഷേധിക്കുന്നത് കാണുമ്പോൾ സന്തോഷം കൊണ്ട് ഉറഞ്ഞുതുള്ളുന്ന വിചിത്ര ദൃശ്യം.

‘അവർ പരിശുദ്ധന്മാരൊന്നുമല്ലല്ലോ’

ബി ജെ പിയുടെ അഖിലേന്ത്യാ നേതാക്കന്മാർ തുടങ്ങി കേരളത്തിന്റെ ഇട്ടാവട്ടത്തിൽ ഈ നാട് പുലർത്തുന്ന ജനാധിപത്യ സംസ്‌കാരത്തിന്റെ സുരക്ഷയിൽ പുതുതായി പുളച്ചുതുടങ്ങിയ ക്രിസംഘി കൃമികൾ വരെ പുലമ്പുന്ന വർത്തമാനമാണ് ഇത്.
അവർ പരിശുദ്ധന്മാരല്ലല്ലോ, നിങ്ങൾ പരിശുദ്ധന്മാരാണല്ലോ എന്നതൊക്കെ നിങ്ങളുടെ മാത്രം അവകാശവാദങ്ങളാണ്. ആര് പരിശുദ്ധന്മാരും ആര് കുറ്റവാളികളുമെന്നൊക്കെ കൈയൂക്കുള്ളവൻ തീരുമാനിക്കുന്ന കെട്ട കാലത്തുനിന്നു യാത്ര ചെയ്ത് അക്കാര്യങ്ങൾക്കായി ഒരു വ്യവസ്ഥയുണ്ടാക്കി ആ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ കുറ്റവാളിയെ നിർണ്ണയിക്കാൻ നടത്തിയ പോരാട്ടമാണ്, ഭാഗികമെങ്കിലും അതിലുണ്ടായ വിജയമാണ് മനുഷ്യചരിത്രം ആകെ പിഴിഞ്ഞാൽ കിട്ടുന്നത്.
നിയമവാഴ്ചയുടെ ചരിത്രം പൂർത്തിയായി എന്നല്ല. പക്ഷെ പിഴവുകളുണ്ടായിട്ടും അതേ വ്യവസ്ഥയുടെ സംരക്ഷണത്തിലിരുന്നല്ലേ ആ വ്യവസ്ഥ ലംഘിച്ചു സർക്കാർ മനുഷ്യരെ കൊല്ലുന്നതിനു മരപ്പാഴ് മനുഷ്യരെ, നിങ്ങൾ കൈയടിക്കുന്നത്? ഒരപരിചിതൻ വാതിൽക്കൽ മുട്ടിയാൽ മൂത്രമൊഴിച്ചുപോവുന്ന ഭീരുക്കളല്ലേ എവിടെയോ നടക്കുന്ന നീതിനിഷേധത്തിന്റെ പേരിൽ ആഹ്ലാദിക്കുന്നത്? സ്വന്തം ശരീരത്തിൽ, കുടുംബാംഗങ്ങളുടെമേൽ, സ്വത്തിന്മേൽ, ജോലിക്കാര്യത്തിൽ, ഒരു നീതിനിഷേധമുണ്ടായാൽ കൈയൂക്കുകൊണ്ടു പരിഹാരം കാണുന്നവർ എത്ര പേരുണ്ട് ഈ ഉല്‌സാഹക്കമ്മിറ്റിയിൽ? ആദിത്യനാഥ് പറയുന്നതുപോലെ എനിക്കെന്റെ നിയമം എന്ന് പറയാൻ ചങ്കൂറ്റമുള്ളവർ?
നിങ്ങളിൽ എത്ര പേരുണ്ട് അത്ര ധൈര്യശാലികൾ? ഈ കുറിപ്പ് വായിച്ചുതുടങ്ങുമ്പോൾ പുച്ഛസ്വരത്തിൽ കോടിയ എത്ര ചുണ്ടുകൾ ഇപ്പോഴും അങ്ങിനെയിരിക്കുന്നുണ്ടാകും?

നിയമസഭാ/ലോക് സഭ സാമാജികരുടെ ക്രിമിനൽ കേസുകളുടെ കണക്കെടുന്ന അസോസിയേഷൻ ഫോർ ഡെമോക്റ്ററിക് റിഫോംസ് എന്ന സംഘടനാ പറയുന്നത് ഉത്തർ പ്രദേശിലെ നാനൂറ്റി അഞ്ചിൽ 205 എം എൽ എ മാരുടെ പേരിൽ ക്രിമിനൽ കേസുണ്ട് എന്നാണ്. അതിൽ 159 പേരുടെ പേരിലുള്ളത് കൊലപാതകം, കൊലപാതകശ്രമം, തെറ്റിക്കൊണ്ടുപോകൽ, സ്ത്രീകളുടെ മേലുള്ള അതിക്രമം എന്നിങ്ങനെയുള്ള ഹീനമായ കുറ്റകൃത്യങ്ങളാണുള്ളത്.
എല്ലാവരെയും വെടിവച്ചുകൊല്ലുമോ? അതിനു നിങ്ങൾ ആവശ്യപ്പെടുമോ?
പോലീസ് വലയത്തിനുള്ളിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ ഈ നാട്ടിലെ പരമോന്നത നീതിപീഠത്തെ സമീപിച്ചിരുന്നു എന്നോർക്കുക. നിങ്ങൾ സർക്കാരിന്റെ സംരക്ഷണയിലാണ്; നിങ്ങളുടെ ജീവന്റെ കാര്യം സർക്കാർ നോക്കിക്കോളും എന്ന് കോടതി അയാളോട് പറഞ്ഞിരുന്നു.
ദിവസങ്ങൾക്കകം അയാൾ കൊല്ലപ്പെടുന്നു.
നിങ്ങൾക്ക് ഒരു പ്രശ്‌നവും തോന്നുന്നില്ല എന്നല്ലേ? നിങ്ങൾ എന്ത് ധൈര്യത്തിലാണ് ഹേ, വീട്ടിൽ കിടന്നുറങ്ങുന്നത്? നിയമവാഴ്ചയുടെ? അതോ നിങ്ങളുടെ തോക്കിന്റെ ബലത്തിലോ?

നിയമവ്യവസ്ഥയെ മറികടന്നു 183 പേരെ കൊന്ന, അതിൽ അഭിമാനിക്കുന്ന ഒരു സർക്കാരിന് കൈയടിക്കുന്നവർ ഒന്നോർക്കുക:

മനുഷ്യചരിത്രത്തിനു പുറത്തുനിന്നാണ് നിങ്ങൾ സംസാരിക്കുന്നത്. പിഴവുകൾ വരുത്തിയും തിരുത്തിയും മിനുക്കിയും മുന്നോട്ടുപോകുന്ന നീതി എന്ന സങ്കൽപ്പത്തിന്റെ പ്രത്യക്ഷ രൂപങ്ങളുടെ സംരക്ഷണയിലിരുന്നാണ് നിങ്ങൾ നീതിനിഷേധത്തിനുവേണ്ടി വാദിക്കുന്നത്. അതിന്റെ പരിഹാസ്യതയും ദയനീയതയും മനസിലാക്കാൻ അതിന്റെ ഇരകളുടെ പേരുകളുടെ പൊതുസ്വഭാവം, നിങ്ങളുടെ ഉള്ളിൽ നുരയ്ക്കുന്ന വർഗീയത, നിങ്ങളെ അനുവദിക്കില്ല. നിങ്ങളുടെ മക്കൾക്ക് ജീവിക്കാൻ നിങ്ങൾ വിട്ടുപോകുന്ന സമൂഹം എങ്ങിനെ ആയിരിക്കണം എന്നാലോചിച്ചാൽ ഒരു പക്ഷേ നിങ്ങൾക്കത് മനസിലായേക്കും. ഒരു പക്ഷേ.
അറിവുകൾ കണ്ടെത്തിയും സൃഷ്ടിച്ചും മെച്ചപ്പെടുത്തിയും പുനഃക്രമീകരിച്ചും പുനഃസൃഷ്ടിച്ചും പുതുക്കിയുമൊക്കെയാണ് മനുഷ്യർ മുന്നോട്ടു പോവുക. ചിലതൊക്കെ വഴിയിലുപേക്ഷിക്കുകയും ചെയ്യും. അങ്ങിനെ ഉപേക്ഷിക്കപ്പെട്ട ഒന്നാണ് കൈയൂക്കിന്റെ പ്രാമാണ്യം. അതിനു പകരം

ബുദ്ധിയും വിവേകവുമുള്ള മനുഷ്യർ സൃഷ്ടിച്ചുവച്ച സമ്പ്രദായമാണ് നിയമവാഴ്ച. നിങ്ങൾ കൂടി ആശ്രയിക്കുന്നത്. അത് പോരെങ്കിൽ, പിഴവുകളുണ്ടെങ്കിൽ മെച്ചപ്പെടണം എന്ന് വാദിക്കാൻ പറ്റാത്തവിധം നിങ്ങളുടെ തലച്ചോർ തുരുമ്പെടുത്തോ?
കല്ലുകൾ തീർന്നുപോയതുകൊണ്ടല്ല ശിലായുഗം അവസാനിച്ചത് എന്ന് പറയാറുണ്ട്.
യോഗിഭക്തരെ, നിങ്ങളെന്തുകൊണ്ടാണ് ഇപ്പോഴും കല്ലുകൾ നോക്കി നടക്കുന്നത്?

കെ. ജെ. ജേക്കബ്
ഏപ്രിൽ 22, 2023

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

4,599FansLike
3,912FollowersFollow
21,700SubscribersSubscribe

Latest Articles