ലോകകപ്പിലെ മൂന്നാം സ്ഥാനം ക്രൊയേഷ്യക്ക്. ആഫ്രിക്കൻ സ്വപ്നങ്ങളുമായെത്തി അദ്ഭുതം വിരിയിച്ച മൊറോക്കോയെ 2-1ന് വീഴ്ത്തിയാണ് ക്രോട്ടുകൾ ലൂസേഴ്‌സ് ഫൈനലിൽ മൂന്നാം സ്ഥാനക്കാരായി മടങ്ങുന്നത്. ക്രൊയേഷ്യയ്ക്കായി ജോസിപ് ഗ്വാർഡിയോൾ (7-ാം മിനിറ്റ്), മിസ്ലാവ് ഓർസിച്ച് (42-ാം മിനിറ്റ്) എന്നിവർ ലക്ഷ്യം കണ്ടു. മൊറോക്കോയുടെ ആശ്വാസഗോൾ ഒൻപതാം മിനിറ്റിൽ അച്‌റഫ് ദാരി നേടി.
ആഫ്രിക്കൻ വീരഗാഥയുമായി സെമിവരെയെത്തിയ മൊറോക്കോയും, കഴിഞ്ഞ ലോകകപ്പോടെ സോക്കർ ലോക ഭൂപടത്തിൽ സ്ഥാനം നേടിയ ക്രൊയേഷ്യയും ഖലീഫ സ്റ്റേഡിയത്തിൽ കാണികൾക്കു മുന്നിൽ കളിയഴകിന്റെ വർണം തീർത്താണ് ആദ്യാവസാനം പോരാടിയത്.
ലൂസേഴ്‌സ് ഫൈനലിലെ വിജയത്തോടെ ക്രൊയേഷ്യയ്ക്ക് വെങ്കല മെഡലും ഒപ്പം 2.7 കോടി യുഎസ് ഡോളറും (ഏകദേശം 223 കോടി രൂപ). നാലാം സ്ഥാനക്കാർക്ക് 2.5 കോടി യുഎസ് ഡോളർ (ഏകദേശം 206 കോടി രൂപ). സമ്മാനമായി ലഭിക്കും.