ഷാഹുല്ർ ഹമീദ്
ആലുവ കുന്നത്തേരിയിൽ വാടകയ്ക്ക് താമസിക്കുന്ന 15 വയസ്സുകാരനെ വീട്ടിൽ കയറി തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കാക്കനാട് വികാസവാണി ഭാഗത്ത് വെളുത്തേടത്ത് പറമ്പിൽ മുൻസിർ (21) ആലുവ മുച്ചംകുളം ചിറമേൽ പറമ്പിൽ വീട്ടിൽ ഷാജഹാൻ ( 23) എന്നിവരെയാണ് ആലുവ സി ഐ പി എം ഷെമീറിൻ്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളിൽ ഒരാളും 15 വയസ്സുകാരന്റെ സുഹൃത്തും തമ്മിൽ ശത്രുതയിലായിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് സുഹൃത്തിനെ തിരക്കിയാണ് പ്രതികൾ കുട്ടിയുടെ വീട്ടിലെത്തിയത്. തുടർന്ന് കുട്ടിയെ ബൈക്കിൽ കയറ്റി സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു. കുട്ടിയെ പെരിങ്ങാലയിലെ വീട്ടിൽ കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു .ബ്ലേഡ് കൊണ്ട് ശരീരത്തിൽ മുറിവേൽപ്പിച്ചു. കുട്ടിയെ തട്ടി കൊണ്ടുപോയത് അറിഞ്ഞ് കുട്ടിയുടെ അമ്മ ആലുവ പോലീസിൽ പരാതി നൽകി. പരാതി ലഭിച്ച ഉടനെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അമ്മ പരാതി നൽകിയെന്നറിഞ്ഞ് തട്ടുകൊണ്ടു പോയവർ 15 വയസ്സുകാരനെ കങ്ങരപ്പടിയിലെ ബസ്റ്റോപ്പിന് സമീപം ഇറക്കിവിട്ടു. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ പ്രതികളെ തിരിച്ചറിഞ്ഞു. ഇവർ നിരവധി കേസിൽ ഉൾപ്പെട്ടവരാണ് എന്ന് മനസ്സിലാക്കിയ പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ഊർജിതമാക്കി. ശനിയാഴ്ച രാത്രി പള്ളിക്കരയിലെ പമ്പിൽ വാഹനത്തിന് പെട്രോൾ അടിക്കാൻ എത്തിയ സംഘത്തിലെ രണ്ടു പേരെ പോലീസ് വളഞ്ഞു. ചെറുത്തുനിന്ന പ്രതികൾ പോലീസിനെതിരെ കത്തി വീശി. ആക്രമണത്തിൽ പോലീസുകാർക്ക് പരിക്കേറ്റു. തുടർന്ന് പ്രതികളെ സാഹസികമായി പോലീസ് അറസ്റ്റ്. ചെയ്യുകയായിരുന്നു. ഒന്നാംപ്രതി 10 കേസുകളിലും, രണ്ടാം പ്രതി 6 കേസുകളിലും ഉൾപ്പെട്ടവരാണ്. പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾക്കെതിരെ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ആണ് ചുമത്തിയിട്ടുള്ളത്. ആലുവ ഡി വൈ എസ് പി ബൈജു പൗലോസിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ ആലുവ സർക്കിൾ ഇൻസ്പെക്ടർ പി എം ഷമീർ, എസ് ഐ മാരായ ബെന്നി കുര്യാക്കോസ് ,സുരേഷ് കുമാർ സി പി ഒ മാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് ഷാഹിൻ, കെ എം മനോജ് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്നാമനുവേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി


