കൊച്ചി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം) കോഴിക്കോടിന്റെ സ്ഥിരം കൊച്ചി കാമ്പസ് കാക്കനാട് ഇൻഫോപാർക്കിൽ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. ഇൻഫോപാർക്ക് ഫേസ് രണ്ടിലെ 14.06 ഏക്കർ ഭൂമി 90 വർഷത്തേക്ക് പാട്ടത്തിന് നൽകാനുള്ള അപേക്ഷയ്ക്ക് സംസ്ഥാന ഐ.ടി വകുപ്പിന്റെ അനുമതി ലഭിച്ചു.
ഭൂമി പാട്ടത്തിനായി ഏകദേശം 60 കോടി രൂപ നൽകിയതായി ഐ.ഐ.എം കോഴിക്കോട് ഡയറക്ടർ അറിയിച്ചു. 1,500-ലധികം പേർക്ക് സൗകര്യമൊരുക്കാൻ കഴിയുന്ന രീതിയിലാണ് കാമ്പസ് വിഭാവനം ചെയ്തിരിക്കുന്നത്. ആധുനിക ക്ലാസ് മുറികൾ, അക്കാദമിക്-താമസ സൗകര്യങ്ങൾ, ഓഡിറ്റോറിയങ്ങൾ, കോൺഫറൻസ് ഹാളുകൾ, ലൈബ്രറി, ഗവേഷണ കേന്ദ്രങ്ങൾ, കായിക-വിനോദ സൗകര്യങ്ങൾ എന്നിവയും കാമ്പസിൽ ഒരുക്കും.
