കൊച്ചി: ഒരു സിനിമയുടെ വിജയം ഉറപ്പാക്കാൻ നായകന്റെ താരമൂല്യം മാത്രം മതിയാകില്ലെന്ന് നടൻ ദുൽഖർ സൽമാൻ. മികച്ച ഉള്ളടക്കവും കഥയിലെ ആത്മാർഥതയും പ്രേക്ഷകരുമായി വൈകാരിക ബന്ധം സ്ഥാപിക്കാൻ കഴിയുന്ന ഘടകങ്ങളും സിനിമയുടെ വിജയത്തിന് അനിവാര്യമാണെന്നും താരം പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ദുൽഖർ ഇക്കാര്യം വ്യക്തമാക്കിയത്.
തന്നെ ഒരു വലിയ കൊമേഴ്സ്യൽ താരമായി ഇപ്പോഴും കാണുന്നില്ലെന്ന് ദുൽഖർ പറഞ്ഞു. മമ്മൂട്ടിയെപ്പോലെ വാണിജ്യ സിനിമകളും ഉള്ളടക്കത്തിന് പ്രാധാന്യം നൽകുന്ന ചിത്രങ്ങളും ഒരുപോലെ വിജയിപ്പിക്കാൻ കഴിയുന്ന താരമാകുക എന്നത് തന്റെ ആഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൽമാൻ ഖാന്റെ താരമൂല്യത്തെയും ദുൽഖർ പരാമർശിച്ചു. അദ്ദേഹത്തിന്റെ സിനിമകൾക്ക് റിലീസ് ദിവസം തന്നെ വലിയ പ്രേക്ഷക പിന്തുണ ലഭിക്കുമെന്നും ദീർഘകാലം തിയറ്ററുകളിൽ തുടരാനുള്ള കഴിവുണ്ടെന്നും ദുൽഖർ അഭിപ്രായപ്പെട്ടു. അത്തരമൊരു താരമൂല്യം വർഷങ്ങളായുള്ള പരിശ്രമത്തിലൂടെ നേടിയെടുക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
