Home NEWS KERALA ചാരിറ്റിയുടെ മറവിൽ പണപ്പിരിവ്; വ്യാജ സന്ദേശങ്ങൾക്കെതിരെ മിഥുൻ രമേശിന്റെ മുന്നറിയിപ്പ്

ചാരിറ്റിയുടെ മറവിൽ പണപ്പിരിവ്; വ്യാജ സന്ദേശങ്ങൾക്കെതിരെ മിഥുൻ രമേശിന്റെ മുന്നറിയിപ്പ്

0

കൊച്ചി: തന്റെ പേര് ദുരുപയോഗം ചെയ്ത് വ്യാജ ചാരിറ്റി പ്രവർത്തനത്തിന്റെ പേരിൽ പണം തട്ടാൻ ശ്രമിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി നടനും അവതാരകനുമായ മിഥുൻ രമേശ്. നബീൽ എന്ന വ്യക്തിയാണ് തന്റെ പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച് ആളുകളിൽനിന്ന് പണം ആവശ്യപ്പെടുന്നതെന്ന് മിഥുൻ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി.

കുട്ടിയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി മിഥുൻ 25,000 രൂപ ധനസഹായം നൽകിയെന്ന തരത്തിലാണ് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു കുട്ടിയോ ചികിത്സാ സാഹചര്യമോ നിലവിലില്ലെന്നും പ്രചരിക്കുന്ന സന്ദേശങ്ങൾ പൂർണമായും വ്യാജമാണെന്നും താരം വ്യക്തമാക്കി.

തന്റെ സുഹൃത്തുക്കൾക്കും സിനിമാ മേഖലയിലെ നിരവധി പ്രമുഖർക്കും സമാനമായ സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മിഥുൻ പറഞ്ഞു. ഇത്തരം തട്ടിപ്പുകൾ അർഹരായവരെ സഹായിക്കാനുള്ള യഥാർഥ ചാരിറ്റി പ്രവർത്തനങ്ങളെപ്പോലും സംശയത്തിന്റെ നിഴലിലാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വന്തം ജീവകാരുണ്യ പ്രവർത്തനങ്ങൾ പരസ്യപ്പെടുത്താൻ താൽപര്യമില്ലെങ്കിലും മറ്റുള്ളവർ അവ പങ്കുവയ്ക്കുന്നതിൽ സന്തോഷമുണ്ടെന്ന് മിഥുൻ വ്യക്തമാക്കി. എന്നാൽ തന്റെ പേര് ഉപയോഗിച്ച് പണം ആവശ്യപ്പെടുന്ന വ്യാജ സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും ആരും പണം കൈമാറരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.

ഇത്തരത്തിൽ സഹായം ആവശ്യപ്പെട്ട് ആരെങ്കിലും സമീപിച്ചാൽ പണം നൽകുന്നതിന് മുൻപ് നേരിട്ട് തന്നോട് അന്വേഷിച്ച് ഉറപ്പുവരുത്തണമെന്നും താരം അറിയിച്ചു. തട്ടിപ്പുകാരന്റെ ഫോൺ നമ്പർ ആവശ്യപ്പെടുന്നവർക്ക് സ്വകാര്യ സന്ദേശത്തിലൂടെ നൽകാമെന്നും, നമ്പർ പരസ്യമായി പങ്കുവയ്ക്കുന്നത് ഉചിതമല്ലാത്തതിനാലാണ് അങ്ങനെ ചെയ്യാത്തതെന്നും മിഥുൻ കൂട്ടിച്ചേർത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version