കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പേരിൽ വ്യാജ നോട്ടിസ് നൽകി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതിക്ക് അന്വേഷണ വിവരങ്ങൾ കൈമാറിയെന്ന ആരോപണത്തെ തുടർന്ന് പാലാരിവട്ടം സ്റ്റേഷൻ ഹൗസ് ഓഫീസർ മഞ്ജിത്ത് ലാലിനെ സസ്പെൻഡ് ചെയ്തു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ആർ. നിശാന്തിനിയാണ് നടപടിയെടുത്തത്.
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കോ–ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിക്ക് ഇഡിയുടെ പേരിൽ വ്യാജ നോട്ടിസ് അയച്ച സംഭവത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. സൊസൈറ്റിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു നോട്ടിസ്. എന്നാൽ ഇഡി അധികൃതരുമായി ബന്ധപ്പെട്ട് പരിശോധിച്ചപ്പോൾ ഇത്തരമൊരു നോട്ടിസ് നൽകിയിട്ടില്ലെന്ന് വ്യക്തമായി.
അങ്കമാലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണ വിവരങ്ങൾ മഞ്ജിത്ത് ലാൽ വാട്സാപ്പിലൂടെ പ്രതിക്ക് കൈമാറിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
