തിരുവനന്തപുരം: ഒരുമണിക്കൂറോളം പെയ്ത അതിശക്തമായ മഴയിൽ തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. തമ്പാനൂർ, കിഴക്കേക്കോട്ട, എസ്.എസ്. കോവിൽ റോഡ് തുടങ്ങിയ മേഖലകളിലാണ് രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടത്. റോഡുകൾ വെള്ളത്തിലായതോടെ ഗതാഗതം സ്തംഭിക്കുകയും നിരവധി യാത്രക്കാർ ദുരിതത്തിലാവുകയും ചെയ്തു.
നവംബർ 26-ന് രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ കിഴക്കേക്കോട്ടയിൽ 91.2 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. തമ്പാനൂർ റെയിൽവേ സ്റ്റേഷനും കെഎസ്ആർടിസി ബസ് സ്റ്റാൻഡിനും സമീപമുള്ള റോഡുകളിൽ വെള്ളം കയറിയതോടെ വാഹനഗതാഗതം തടസ്സപ്പെട്ടു.
ചാല, പഴവങ്ങാടി, ആര്യശാല, മണക്കാട്, വഞ്ചിയൂർ, കരമന, പൂജപ്പുര തുടങ്ങിയ പ്രദേശങ്ങളിലും വെള്ളം കയറി. കടകളിലും ഓഫീസുകളിലും വെള്ളം ഇരച്ചുകയറിയതോടെ വ്യാപാരികൾക്കും ജീവനക്കാർക്കും വലിയ നഷ്ടമുണ്ടായി. മുട്ടോളം ഉയർന്ന മലിനജലത്തിലൂടെയാണ് നിരവധി യാത്രക്കാർ റെയിൽവേ സ്റ്റേഷനിലേക്കും ബസ് സ്റ്റാൻഡിലേക്കും എത്തിയത്. ആമയിഴഞ്ചാൻ തോട്ടിൽ നിന്നുള്ള മാലിന്യവും പ്ലാസ്റ്റിക് കുപ്പികളും റോഡുകളിലേക്ക് ഒഴുകിയെത്തിയതും സ്ഥിതി കൂടുതൽ രൂക്ഷമാക്കി.
