Home NEWS INDIA ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 മരണം

ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 മരണം

ഹിമാചല്‍ പ്രദേശിലെ സിര്‍മൗര്‍ ജില്ലയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. സോളനില്‍ നിന്ന് ഹരിപൂര്‍ ധറിലേക്ക് പോവുകയായിരുന്നു ബസാണ് അപകടത്തില്‍പ്പെട്ടത്. മലയോര പാതയിലൂടെ സഞ്ചരിച്ച ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ആഴത്തിലുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ ആഘാതത്തില്‍ ബസ് പൂര്‍ണ്ണമായും തകര്‍ന്നു.
രക്ഷാപ്രവര്‍ത്തനം വളരെ പ്രയാസകരമായിരുന്നു. അപകടസമയത്ത് 50-ത്തിലധികം യാത്രക്കാരുണ്ടായിരുന്നുവെന്ന് കരുതപ്പെടുന്നു. അതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

അപകടത്തില്‍ അനുശോചനം അറിയിച്ചും ധനസഹായം പ്രഖ്യാപിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. മരണപ്പെട്ട ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കള്‍ക്ക് PMNRF-ല്‍ നിന്ന് 2 ലക്ഷം രൂപ വീതം സഹായധനം നല്‍കും. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അപകടത്തിന് പിന്നാലെ പ്രദേശത്ത് വലിയ പരിഭ്രാന്തിയാണ് ഉണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കൊക്കയില്‍ നിന്നുള്ള യാത്രക്കാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസിനുള്ളില്‍ കുടുങ്ങിക്കിടന്ന യാത്രക്കാരെ രക്ഷാപ്രവര്‍ത്തകര്‍ ഏറെ ശ്രമപ്പെട്ടാണ് പുറത്തെടുത്തത്.

വിവരമറിഞ്ഞ ഉടന്‍ പൊലീസും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ കൊക്കയില്‍ നിന്ന് പുറത്ത് എടുക്കാനുള്ള നടപടികള്‍ തുടരുകയാണ്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version