സംസ്ഥാനത്തുടനീളം ശക്തമായ മഴ തുടരുന്നു. ഇടുക്കി കല്ലാർകുട്ടി അണക്കെട്ട് തുറന്നു; പാംബ്ലയും ഉടൻ തുറന്നേക്കും. രണ്ട് ഷട്ടറുകൾ 15 സെന്റി മീറ്റർ വീതമാണ് കല്ലാർകുട്ടി ഡാം ഉയർത്തിയത്. പാംബ്ല ഡാമും ഉടൻ തുറക്കുമെന്നാണ് വിവരം. പത്തനംതിട്ടയിൽ മണിയാർ ഡാം തുറന്ന സാഹചര്യത്തിൽ പമ്പ, കക്കാട്ടാർ തീരങ്ങളിൽ വസിക്കുന്നവർക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിത സ്ഥലത്തേക്ക് മാറി താമസിക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ഉറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. കുട്ടനാട്ടിലും പെരിയാറിലും ജലനിരപ്പ് ഒരടിയോളം ഉയർന്നു. ഇടുക്കിയിൽ രാത്രി 7 മുതൽ പുലർച്ചെ 6 വരെ യാത്രകൾ നിരോധിച്ചു.
എംജി, കണ്ണൂർ, സാങ്കേതിക (കെടിയു) സർവകലാശാലകൾ ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റി. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഇന്ന് ആരംഭിക്കാനിരുന്ന ഒന്നാം വർഷ പിജി ക്ലാസുകൾ നാളെയേ ആരംഭിക്കൂ.
ഇതിനിടെ മലപ്പുറം അമരമ്പലം പുഴയിൽ 12കാരിയെയും മുത്തശ്ശിയെയും കാണാതായി. പുലർച്ചെ രണ്ടരയ്ക്കാണ് ഒരു കുടുംബത്തിലെ 5 പേർ അമരമ്പലം സൗത്ത് കടവിൽ ഇറങ്ങിയത്. അമ്മയും 3 മക്കളും മുത്തശ്ശിയുമാണ് പുഴയിൽ ഒഴുക്കിൽപ്പെട്ടത്. 3 പേർ രക്ഷപ്പെട്ടു. സൗത്ത് അമരമ്പലം കുന്നുംപുറത്ത് സുശീലയ്ക്കും പന്ത്രണ്ടുകാരിയായ പേരക്കുട്ടിക്കും വേണ്ടി തെരച്ചിൽ തുടരുകയാണ്.
ഇന്നു ചേരുന്ന മന്ത്രിസഭായോഗം കാലവർഷക്കെടുതി നേരിടുന്നതിന് നടപടികൾ ചർച്ച ചെയ്യും