ന്യൂഡൽഹി: ഇന്ത്യയും ഇറാനും തമ്മിലുള്ള സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ന്യൂഡൽഹിയിൽ ഉഭയകക്ഷി ചർച്ച നടത്തി. ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ) സിവിലൈസേഷണൽ ഡയലോഗ് ഫോറത്തിനിടെയായിരുന്നു കൂടിക്കാഴ്ച.
ചരിത്രരേഖകളും കൈയെഴുത്തുപ്രതികളും ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിനായി എസ്.സി.ഒ അംഗരാജ്യങ്ങൾക്കിടയിൽ സംയുക്ത ശൃംഖല രൂപീകരിക്കണമെന്ന നിർദേശം ഇറാൻ മുന്നോട്ടുവച്ചു. കൈയെഴുത്തുപ്രതികളുടെ പുനരുദ്ധാരണം, സാങ്കേതികവിദ്യാ കൈമാറ്റം, പരിശീലനം, സംയുക്ത ഗവേഷണം, പ്രസിദ്ധീകരണം തുടങ്ങിയ മേഖലകളിൽ സഹകരിക്കാനും നിർദേശമുണ്ട്. ഇന്ത്യയും ഇറാനും തമ്മിലുള്ള സാംസ്കാരിക വിനിമയ സാധ്യതകൾ ചർച്ചയായെങ്കിലും പദ്ധതികളിൽ അന്തിമ തീരുമാനമായിട്ടില്ല. ഫോറത്തിനിടെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഔദ്യോഗിക ഉഭയകക്ഷി ചർച്ചകൾ നടന്നിട്ടില്ലെന്നും കേന്ദ്ര സാംസ്കാരിക സെക്രട്ടറി വ്യക്തമാക്കി.
