Tuesday, May 14, 2024

നമ്മുടെ മക്കളെ നമുക്ക് വെറുതെവിടാം. അവരെ തമ്മിലടിക്കുന്നവരാക്കരുത്. കെ.ടി. ജലീൽ

Social media share

നമ്മുടെ മക്കളെ നമുക്ക് വെറുതെവിടാം. അവരെ തമ്മിലടിക്കുന്നവരാക്കരുത്. അവരിലേക്ക് വർഗ്ഗീയത കുത്തിവെക്കരുത്. എന്തിനാണ് ആ പാവങ്ങളുടെ മനസ്സിൽ സംശയത്തിന്റെ വിത്തുകൾ പാകുന്നത്? നമ്മളനുഭവിച്ച സ്വസ്ഥതയും സമാധാനവും നമ്മുടെ മക്കൾക്കും അവരുടെ മക്കൾക്കും ഉണ്ടാവണ്ടേ? പുതുതലമുറയെ തമ്മിൽതല്ലിച്ച് അവരുടെ ജീവിതം എന്തിന് ദുസ്സഹമാക്കുന്നു? ഇടുക്കി രൂപത കേരള സ്റ്റോറി പ്രദർശിപ്പിച്ചതിനെതിരെ കെ.ടി. ജലീൽ.

മണിപ്പൂരിലെ സഹോദരിമാരുടെ നിലവിളിയും വികൃതമാക്കപ്പെട്ട മനുഷ്യരുടെ മൃതദേഹങ്ങളും തകർക്കപ്പെട്ട ക്രൈസ്തവ ദേവാലയങ്ങളുടെ ചാരവും ഇത്രവേഗം കൺമുന്നിൽ നിന്ന് അപ്രത്യക്ഷമായോ? കേരളത്തിന്റെ കഥയെന്ന തലക്കെട്ടിൽ തന്റെ ഫേസ്‌കുറിപ്പിലാണ് ജലീലിന്റെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

കേരളത്തിന്റെ കഥ!

രുകാലത്ത് അറിവും സ്‌നേഹവും നാടിന് പകർന്ന് നൽകിയവർ ഇരുട്ടും വിദ്വേഷവും സമൂഹത്തിൽ പ്രചരിപ്പിക്കുന്നത് കാണുമ്പോൾ വല്ലാത്ത ദുഃഖം തോന്നുന്നു. കേരളത്തെ ലോകത്തിന് മുന്നിൽ അപമാനിക്കാൻ സംഘ്പരിവാർ മെനഞ്ഞെടുത്ത കള്ളക്കഥയാണ് ‘കേരള സ്റ്റോറി’. ഉത്തരേന്ത്യയിൽ വ്യാപകമായി ‘ഇസ്ലാമോഫോബിയ’ സൃഷ്ടിച്ച് ജനങ്ങളെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിച്ച് മുസ്ലിങ്ങളെ ഒറ്റപ്പെടുത്താനാണ് ദൂരദർശനിൽ പോലും ആ ‘ഇല്ലാക്കഥ’ സംപ്രേക്ഷണം ചെയ്തത്. മണിപ്പൂരിലെ സഹോദരിമാരുടെ നിലവിളിയും വികൃതമാക്കപ്പെട്ട മനുഷ്യരുടെ മൃതദേഹങ്ങളും തകർക്കപ്പെട്ട ക്രൈസ്തവ ദേവാലയങ്ങളുടെ ചാരവും ഇത്രവേഗം കൺമുന്നിൽ നിന്ന് അപ്രത്യക്ഷമായോ?

വായിക്കുക ‘കേരളത്തിൽ എവിടെയാണ് ‘കേരള സ്റ്റോറി’യിൽ പറയുന്ന കാര്യങ്ങൾ സംഭവിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി


മുസ്ലിങ്ങൾ ആരുടെയും ശത്രുക്കളല്ല. സംഘടിതമായി തീരുമാനമെടുത്ത് സാമൂഹ്യവിരുദ്ധമായ ഒന്നും അവർ നടപ്പിലാക്കുന്നുമില്ല. അടിസ്ഥാനപരമായി സമാധാനകാംക്ഷികളും ഉദാരമസ്‌കരുമാണവർ. സഹായമനസ്ഥിതി വേണ്ടുവോളമുള്ളവർ. സഹോദരമതസ്ഥരുമായുള്ള സുഹൃദ്ബന്ധം ഏറെ കാംക്ഷിക്കുന്നവരും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നവർ. മതാതീതമായി സഹായഹസ്തങ്ങൾ നീട്ടുന്നവർ. ദാനധർമ്മങ്ങൾ ചെയ്യുമ്പോൾ മതമോ ജാതിയോ പരിഗണിക്കാത്തവർ. എന്നിട്ടും എന്തിന് മുസ്ലിം സമൂഹത്തെ അപരവൽക്കരിക്കുന്നു?
ഏതെങ്കിലും മുസ്ലിം പേരുള്ളവർ ചെയ്യുന്ന തെറ്റിന് ഒരു സമുദായത്തെ മുഴുവൻ പ്രതിക്കൂട്ടിലാക്കുന്നത് എന്തുമാത്രം അന്യായമാണ്? ഈ മാനദണ്ഡം മറ്റുമതസ്ഥർക്ക് നമ്മളാരും ബാധകമാക്കാറില്ലല്ലോ? എന്ത് വേണ്ടാത്തത് നടന്നുവെന്ന് കേൾക്കുമ്പോഴും എന്റെ ഉള്ളിലെ പ്രാർത്ഥന അതിന്റെ കാരണക്കാരൻ ഒരുമുസ്ലിം പേരുകാരനാകരുതേ എന്നാണ്. മുസ്ലിം വിദ്വേഷം അകംപേറി നടക്കുന്ന സുഹൃത്തുക്കളോട് ഒരേയൊരു ചോദ്യമേ എനിക്കുള്ളൂ: ജീവിതത്തിൽ ഏതെങ്കിലും ഒരു മുസ്ലിമിൽ നിന്ന് നിങ്ങൾക്കുണ്ടായ ദുരനുഭവമാണോ നിങ്ങളെ ഒരു മുസ്ലിം വിരുദ്ധനാക്കി മാറ്റിയത്? എങ്കിൽ അത് തുറന്നു പറഞ്ഞ് അകം ശുദ്ധമാക്കൂ.
ജനങ്ങളെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുന്നവർക്ക് ലക്ഷ്യം അധികാരമാണ്. അവരുടെ ഭരണപരാജയം മറച്ചുവെക്കാൻ മതത്തെയാണ് അവർ പരിചയാക്കുന്നത്. ഒരുവീട്ടിലെ അംഗങ്ങൾ തമ്മിൽ പരസ്പരം സംശയിച്ചും വഴക്കിട്ടും അടിപിടികൂടിയും ജീവിക്കുന്നത് പോലെത്തന്നെയല്ലേ ഒരു രാജ്യത്തെ ജനങ്ങൾ അങ്ങിനെ ചെയ്യുന്നതും. വീട്ടിൽ സ്വസ്ഥതയില്ലെങ്കിൽ എത്ര സമ്പത്തുണ്ടായിട്ട് എന്തുകാര്യം? പട്ടിണിയാണെങ്കിലും സ്‌നേഹമുണ്ടെങ്കിൽ ഒരു പ്രയാസവും നമ്മളെ അലട്ടില്ല. സമാനമാണ് ഒരു രാജ്യത്തിന്റെ അവസ്ഥയും! വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ വളരുമ്പോഴും ജനങ്ങൾ തമ്മിൽ ഐക്യവും സ്‌നേഹവുമില്ലെങ്കിൽ നാം നേടുന്ന പുരോഗതിക്ക് എന്തർത്ഥം?

നമ്മുടെ മക്കളെ നമുക്ക് വെറുതെവിടാം. അവരെ തമ്മിലടിക്കുന്നവരാക്കരുത്. അവരിലേക്ക് വർഗ്ഗീയത കുത്തിവെക്കരുത്. എന്തിനാണ് ആ പാവങ്ങളുടെ മനസ്സിൽ സംശയത്തിന്റെ വിത്തുകൾ പാകുന്നത്? നമ്മളനുഭവിച്ച സ്വസ്ഥതയും സമാധാനവും നമ്മുടെ മക്കൾക്കും അവരുടെ മക്കൾക്കും ഉണ്ടാവണ്ടേ? പുതുതലമുറയെ തമ്മിൽതല്ലിച്ച് അവരുടെ ജീവിതം എന്തിന് ദുസ്സഹമാക്കുന്നു? ആരും ആർക്കും ഒരുരംഗത്തും എതിരാളികളല്ല. ലോകത്ത് എത്രകോടി മനുഷ്യരുണ്ടോ അത്രകണ്ട് അവസരങ്ങളുമുണ്ട്. കഴിവും പ്രാപ്തിയും നൈപുണ്യവുമുള്ളവരുടേതാണ് ലോകം. അതിൽ മതഭേദമില്ല. ജാതിഭേദവും ഇല്ല.
സംഭവിച്ചത് സംഭവിച്ചു. മേലിലെങ്കിലും ഇത്തരം വിദ്വേഷം ജനിപ്പിക്കുന്ന പ്രചരണങ്ങളിൽ വ്യാപൃതരാകാതിരിക്കുക. ഹിന്ദുവും മുസ്ലിമും കൃസ്ത്യനും ബൗദ്ധനും സിക്കുകാരനും പാർസിയും ജൈനനും നാസ്തികനും സർവ്വമത സത്യവാദിയും സാഹോദര്യത്തിൽ ജീവിച്ച പഴയകാലം വീണ്ടും നാട്ടിൽ പുലരണം. അതിനാവട്ടെ ഓരോരുത്തരുടെയും പരിശ്രമങ്ങൾ. പറ്റിയ തെറ്റുകളും പിശകുകളും സ്വയം മനസ്സിലാക്കി തിരുത്തുക. മനസ്സമാധാനത്തോടെ കിടന്നുറങ്ങാൻ വരുംതലമുറക്ക് അവസരം നൽകുക. ജയ് ഹിന്ദ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

4,599FansLike
3,912FollowersFollow
21,700SubscribersSubscribe

Latest Articles