തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്) ചട്ടങ്ങളിൽ സമഗ്ര ഭേദഗതി നിർദേശിച്ച് സംസ്ഥാന സർക്കാർ കരട് വിജ്ഞാപനം പുറത്തിറക്കി. കെ.എ.എസ് തസ്തികകളുടെ എണ്ണം, വിവിധ വകുപ്പുകളിലെ കേഡർ വിന്യാസം, നിയമനരീതി, ശമ്പള വ്യവസ്ഥകൾ, പരിശീലന കാലാവധി എന്നിവയിൽ മാറ്റങ്ങൾ വരുത്താനാണ് നിർദേശം. ഇനി ഓരോ വകുപ്പിലും കെ.എ.എസിന് അനുവദിക്കേണ്ട തസ്തികകളുടെ എണ്ണവും കേഡർ ശക്തിയും സർക്കാർ കാലാകാലങ്ങളിൽ തീരുമാനിക്കും. ഉദ്യോഗസ്ഥരുടെ ശമ്പളവും ആനുകൂല്യങ്ങളും നിശ്ചയിക്കുന്ന രീതിയിലും മാറ്റം നിർദേശിച്ചിട്ടുണ്ട്.
നിലവിലുള്ള ജീവനക്കാരുടെ സ്ഥാനക്കയറ്റ സാധ്യതകൾ സംരക്ഷിക്കുന്നതിനായി മൂന്നാം സ്ട്രീം വഴിയുള്ള നിയമനത്തിലും നിയന്ത്രണങ്ങൾ കൊണ്ടുവരും. ഐ.എ.എസ് കേഡറിലേക്കുള്ള സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട കേന്ദ്ര ചട്ടങ്ങളോട് കെ.എ.എസ് ഘടനയെ പൊരുത്തപ്പെടുത്തുന്നതും ഭേദഗതിയുടെ ലക്ഷ്യമാണ്. നവംബർ 18ന് പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ നവംബർ 25 വരെ പൊതുജനങ്ങൾക്കും ബന്ധപ്പെട്ട സംഘടനകൾക്കും അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാം. ലഭിക്കുന്ന നിർദേശങ്ങൾ പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.
