Home MORE FEATURE STORY സൗന്ദര്യക്ക്രീമിൽ ഒളിഞ്ഞ വിഷം;17കാരിയുടെ ദുരനുഭവം

സൗന്ദര്യക്ക്രീമിൽ ഒളിഞ്ഞ വിഷം;17കാരിയുടെ ദുരനുഭവം

0
പ്രതീകാത്മക ചിത്രം

by ഫാത്തിമ ഷാഹുൽ

സൗന്ദര്യം വർധിപ്പിക്കാനും ചർമത്തിലെ പാടുകൾ മാറ്റാനും നിറം വെളുപ്പിക്കാനുമൊക്കെയായി വിപണിയിൽ ഇന്ന് നൂറുകണക്കിന് സൗന്ദര്യവർധക ഉത്പന്നങ്ങളാണ് ലഭ്യമായിട്ടുള്ളത്. ടെലിവിഷനിലെയും സമൂഹമാധ്യമങ്ങളിലെയും പരസ്യങ്ങൾക്കും ഇൻഫ്‌ലുവൻസർമാരുടെ പ്രചാരണങ്ങൾക്കും പിന്നാലെ വൻതുക മുടക്കി ഇത്തരം ഉത്പന്നങ്ങൾ വാങ്ങുന്നവരും നിരവധിയാണ്. എന്നാൽ ആകർഷകമായ പരസ്യങ്ങൾക്കപ്പുറം ഈ ഉത്പന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷിതത്വവും പരിശോധിക്കാൻ പലരും തയ്യാറാകാറില്ല. അത്തരമൊരു അശ്രദ്ധ എത്രത്തോളം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നതിന്റെ ഞെട്ടിക്കുന്ന ഉദാഹരണമാണ് മലപ്പുറം അരീക്കോട്ടെ 17കാരിയുടെ അനുഭവം.

ഓൺലൈനിലൂടെ വാങ്ങിയ ഫെയർനെസ് ക്രീം ഒരു വർഷത്തോളം ഉപയോഗിച്ചതിനെത്തുടർന്ന് പെൺകുട്ടിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ചതായാണ് കണ്ടെത്തൽ. സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർമാർ വ്യാപകമായി പ്രചരിപ്പിച്ച ക്രീമാണ് താൻ ഉപയോഗിച്ചതെന്നും അതിനുശേഷമാണ് ആരോഗ്യപ്രശ്‌നങ്ങൾ ആരംഭിച്ചതെന്നും പെൺകുട്ടി പറയുന്നു. കേന്ദ്ര ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ക്രീമിൽ ഉയർന്ന അളവിൽ മെർക്കുറി അടങ്ങിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

വെളുക്കാമെന്ന പരസ്യവാഗ്ദാനം; ഒടുവിൽ രോഗക്കിടക്കയിൽ

മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്യാനും ചർമത്തിന് കൂടുതൽ തിളക്കവും വെളുപ്പും ലഭിക്കാനുമായിരുന്നു പെൺകുട്ടി ക്രീം ഉപയോഗിച്ചുതുടങ്ങിയത്. ് ഓൺലൈനിലൂടെ ഉത്പന്നം ഓർഡർ ചെയ്യുകയായിരുന്നു. ഒരു വർഷമായി ക്രീം ഉപയോഗിക്കുന്ന കുട്ടിക്ക് കടുത്ത തലവേദനയും ശാരീരിക അസ്വസ്ഥതകളും ശരീരത്തിൽ നീരും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ അനുഭവപ്പെട്ടു തുടങ്ങി.

പരിശോധനകൾക്കൊടുവിൽ പെൺകുട്ടിക്ക് മെംബ്രനസ് നെഫ്രോപ്പതി എന്ന ഗുരുതര വൃക്കരോഗം ബാധിച്ചതായി കണ്ടെത്തി. ശരീരത്തിലെ മെർക്കുറിയുടെ അളവ് ഉയർന്നതായും പരിശോധനയിൽ വ്യക്തമായി. ഇതോടെയാണ് ഉപയോഗിച്ചിരുന്ന ക്രീം പരിശോധനയ്ക്ക് അയച്ചത്. കേന്ദ്ര ലബോറട്ടറിയിലെ പരിശോധനയിൽ സൗന്ദര്യവർധക ക്രീമിൽ അനുവദനീയമായ പരിധി ലംഘിച്ച് ഉയർന്ന അളവിൽ മെർക്കുറി അടങ്ങിയിരുന്നതായി കണ്ടെത്തുകയായിരുന്നു.

ചർമത്തിൽ പുരട്ടുന്ന വിഷം വൃക്കകളെപ്പോലും തകർക്കാം

മെർക്കുറി മനുഷ്യശരീരത്തിന് ഹാനികരമായ ഘനലോഹമാണ്. മെർക്കുറി അടങ്ങിയ സൗന്ദര്യവർധക ഉത്പന്നങ്ങൾ തുടർച്ചയായി ഉപയോഗിക്കുന്നത് ശരീരത്തിൽ വിഷാംശം അടിഞ്ഞുകൂടുന്നതിനും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകാം. ചില സാഹചര്യങ്ങളിൽ ചർമത്തിലൂടെ ശരീരത്തിലെത്തുന്ന മെർക്കുറി വൃക്കകളെയും നാഡീവ്യവസ്ഥയെയും ബാധിക്കാം.

വൃക്കകളുടെ പ്രധാന ധർമം രക്തത്തിലെ മാലിന്യങ്ങളും അധിക ദ്രാവകവും അരിച്ചുമാറ്റി ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുകയാണ്. മെർക്കുറിയുടെ വിഷബാധ വൃക്കകളുടെ അരിപ്പകളെ ബാധിക്കുമ്പോൾ മൂത്രത്തിലൂടെ അമിതമായി പ്രോട്ടീൻ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകാം. ഇതിന്റെ ഭാഗമായി ശരീരത്തിൽ നീരുണ്ടാകുകയും വൃക്കകളുടെ പ്രവർത്തനം തകരാറിലാകുകയും ചെയ്യാം.

മെംബ്രനസ് നെഫ്രോപ്പതി വൃക്കകളിലെ അരിപ്പകളെ ബാധിക്കുന്ന രോഗാവസ്ഥയാണ്. രോഗത്തിന്റെ തീവ്രതയനുസരിച്ച് ചികിത്സ ആവശ്യമാണ്. കൃത്യമായ ചികിത്സയും തുടർപരിശോധനയും ലഭിച്ചില്ലെങ്കിൽ ചിലരിൽ വൃക്കകളുടെ പ്രവർത്തനം ഗണ്യമായി കുറയാനും ദീർഘകാല വൃക്കരോഗത്തിലേക്ക് പുരോഗമിക്കാനും സാധ്യതയുണ്ട്.

പരസ്യത്തിൽ വിശ്വസിക്കുന്നതിന് മുമ്പ് ചിന്തിക്കണം

ഇന്ന് സമൂഹമാധ്യമങ്ങളിൽ ഫെയർനെസ് ക്രീമുകൾക്കും സ്‌കിൻ വൈറ്റനിങ് ഉത്പന്നങ്ങൾക്കും വലിയ പ്രചാരമാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ നിറം മാറുമെന്നും മുഖത്തെ പാടുകൾ പൂർണമായി ഇല്ലാതാകുമെന്നും വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങൾ ഉപഭോക്താക്കളെ ആകർഷിക്കുന്നു. പ്രശസ്തരായ ഇൻഫ്‌ലുവൻസർമാർ ഉത്പന്നങ്ങളെക്കുറിച്ച് പറയുമ്പോൾ അവയുടെ സുരക്ഷിതത്വത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കാതെ വാങ്ങുന്ന പ്രവണതയുമുണ്ട്.

എന്നാൽ ഒരു ഉത്പന്നം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു എന്നതുകൊണ്ടോ നിരവധി പേർ ഉപയോഗിക്കുന്നു എന്നതുകൊണ്ടോ അത് സുരക്ഷിതമാണെന്ന് ഉറപ്പിക്കാനാവില്ല. പരസ്യങ്ങളിൽ പറയുന്ന അവകാശവാദങ്ങൾക്കും യഥാർഥ ഉത്പന്നത്തിന്റെ ഗുണനിലവാരത്തിനും തമ്മിൽ വലിയ വ്യത്യാസമുണ്ടാകാം. ഓൺലൈൻ വിപണിയിൽ വിൽക്കുന്ന എല്ലാ ഉത്പന്നങ്ങളും ഒരേ നിലവാരത്തിലുള്ള പരിശോധനകൾക്ക് വിധേയമായവയാണെന്നും കരുതരുത്.

സൗന്ദര്യത്തിന് വേണ്ടി ആരോഗ്യം പണയപ്പെടുത്തരുത്

സൗന്ദര്യവർധക ഉത്പന്നങ്ങൾ വാങ്ങുമ്പോൾ അവയുടെ ഘടകങ്ങൾ, നിർമ്മാതാവിന്റെ വിവരങ്ങൾ, ലൈസൻസ്, ലേബൽ, കാലാവധി എന്നിവ പരിശോധിക്കണം. വിശ്വസനീയമല്ലാത്ത ഓൺലൈൻ വിൽപ്പനക്കാരിൽനിന്നും ഉറവിടം വ്യക്തമല്ലാത്ത ക്രീമുകളിൽനിന്നും വിട്ടുനിൽക്കണം. ഡോക്ടറുടെ നിർദേശമില്ലാതെ ശക്തമായ ചർമനിറം മാറ്റുന്ന ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതും ഒഴിവാക്കണം.

ഇതിനകം ഇത്തരം ക്രീമുകൾ ഉപയോഗിക്കുന്നവരിൽ അസ്വാഭാവികമായ ആരോഗ്യപ്രശ്‌നങ്ങൾ പ്രകടമായാൽ ഉപയോഗം നിർത്തി ഡോക്ടറുടെ സഹായം തേടണം. സംശയാസ്പദമായ ഉത്പന്നങ്ങൾ ആരോഗ്യവകുപ്പിന്റെയോ ബന്ധപ്പെട്ട ഡ്രഗ് കൺട്രോൾ അധികൃതരുടെയോ ശ്രദ്ധയിൽപ്പെടുത്തുകയും വേണം.

മലപ്പുറത്തെ 17കാരിയുടെ സംഭവം ഒരു കുടുംബത്തിന്റെ മാത്രം ദുരനുഭവമല്ല. സൗന്ദര്യത്തെക്കുറിച്ചുള്ള തെറ്റായ ധാരണകളും സമൂഹമാധ്യമങ്ങളിലെ ഉത്തരവാദിത്തമില്ലാത്ത പ്രചാരണങ്ങളും എത്രത്തോളം അപകടകരമാകാമെന്ന മുന്നറിയിപ്പുകൂടിയാണിത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ സൗന്ദര്യം വർധിപ്പിക്കാമെന്ന വാഗ്ദാനങ്ങൾക്കുവേണ്ടി സ്വന്തം ആരോഗ്യം അപകടത്തിലാക്കരുത്. മുഖത്ത് പുരട്ടുന്ന ഒരു ക്രീം നിങ്ങളുടെ വൃക്കകളുടെ ആരോഗ്യം പോലും കവർന്നെടുക്കുന്ന സാഹചര്യം ഉണ്ടാകാം എന്ന തിരിച്ചറിവ് ഓരോ ഉപഭോക്താവിനും ആവശ്യമാണ്. വെളുക്കാൻ തേച്ചത് പാണ്ടായി എന്ന പഴഞ്ചൊല്ല്് പോലെയായി സംഭവം

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version