കോഴിക്കോട് : കുപ്രസിദ്ധനായ ഷാജൻ സ്‌കറിയക്കെതിരെ മൊസാദുമായി ബന്ധപ്പെടുത്തി ആരോപണവുമായി രംഗത്തുവന്ന മുൻ എംഎൽഎ പി.വി.അൻവർ തുടർന്ന് മൊസാദിന്റെ വേഷം ധരിച്ച് നില്ക്കുന്ന ഷാജൻ സ്‌കറിയയുടെ ചിത്രം ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു.
ഷാജൻ സ്‌കറിയ കേരളത്തിലെ ഏറ്റവും വലിയ വർഗീയവാദിയും വിദ്വേഷവാദിയും വിഭജനവാദിയുമാണെന്ന് കോഴിക്കോട് മാധ്യമ പ്രവർത്തകരോട് പറഞ്ഞ പി.വി. അൻവർ കേരളത്തിലെ ക്രിസ്ത്യാനികളെയും മുസ്ലിംകളെയും തമ്മിൽ തെറ്റിക്കാൻ ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ പോലും സഹായം ഷാജൻ സ്‌കറിയയ്ക്ക് ലഭിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായും ആരോപിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ഷാജൻ സ്‌കറിയയുടെ വീട്ടിൽ സന്ദർശനം നടത്തിയതിനെതിരെ താൻ എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന ചോദ്യത്തിനു മറുപടി പറയവെയാണ് മൊസാദ് ഏജന്റാണോയെന്ന് സംശയം പ്രകടിപ്പിച്ചത്.
ഷാജൻ സ്‌കറിയയുടെ പിതാവ് മരിച്ച ചടങ്ങിലാണ് പലരും പങ്കെടുത്തതെന്നും, സ്വന്തം പിതാവ് മരിച്ച സമയത്തുണ്ടായ മാനസികാവസ്ഥ അറിയാവുന്നതിനാൽ അതൊരു ധാർമിക പ്രശ്‌നമായി കണ്ടാണ് അന്ന് പ്രതികരിക്കാതിരുന്നതെന്നും അൻവർ വ്യക്തമാക്കി. എങ്കിലും ഷാജൻ സ്‌കറിയയെപ്പോലുള്ള വർഗീയ വിഭജനവാദികൾക്കെതിരെ താൻ മുമ്പെടുത്ത നിലപാടിൽ ഇപ്പോഴും നാളെയും മാറ്റമില്ലെന്നും പോരാട്ടം ശക്തമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിന് ഒന്നേമുക്കാൽ വർഷം മുമ്പ് താൻ ആരംഭിച്ച പിണറായി വിരുദ്ധ പോരാട്ടത്തിന്റെ ഫലമായി 12 ക്രിമിനൽ കേസുകളും നാല് സിവിൽ കേസുകളും വിജിലൻസ്, ഇഡി കേസുകളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അൻവർ പറഞ്ഞു. ഇതിൽ രണ്ടോ മൂന്നോ കേസുകൾ ഷാജൻ സ്‌കറിയ നൽകിയതാണ്. സമൂഹത്തിനു വേണ്ടി സംസാരിച്ചതിന്റെ പേരിലാണ് മാസത്തിൽ ആറുദിവസത്തോളം കേരളം മുഴുവൻ കോടതികളിൽ കയറിയിറങ്ങേണ്ട അവസ്ഥയുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തുടർന്നാണ് ഷാജൻ സ്‌കറിയ മൊസാദിന്റെ വേഷം ധരിച്ച ചിത്രവുമായി വീണ്ടും പ്രതികരിച്ചത്
ഒരു യു ട്യൂബ് ചാനൽ ഒക്കെ നടത്തുമ്പോൾ സാമാന്യ പരിജ്ഞാനം എങ്കിലും വേണ്ടേ?
മാധ്യമപ്രവർത്തകൻ എന്ന് ഈ ദേഹത്തെ അഭിസംബോധന ചെയ്യാനേ പറ്റില്ല. അത് കേരളത്തിലെ പരിണിതപ്രജ്ഞരും സമുന്നതരുമായ മാധ്യമപ്രവർത്തകരോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയായി മാറും.
മൊസാദ് ലോകത്തിൽ തന്നെ ഏറ്റവും പേരുകേട്ട ഇസ്രായേലി ചാരസംഘടനയാണ്. മൊസാദിന്റെ ഏജന്റുമാർ ചിത്രത്തിൽ കാണുന്നതുപോലെ മൊസാദ് എന്ന് എഴുതിയ യൂണിഫോം ഇട്ടോ അല്ലെങ്കിൽ നെറ്റിയിൽ മൊസാദ് എന്ന് പച്ച കുത്തിയോ അല്ല അവരുടെ കുത്സിതപ്രവർത്തനങ്ങൾ നടത്താറുള്ളത്.
തന്ത്രപരമായി ഭരണകൂടങ്ങളിലും രാജ്യങ്ങളിലും സമൂഹത്തിന്റെ വിവിധ തലങ്ങളിലും രഹസ്യമായി നുഴഞ്ഞുകയറി വിഘടന, വിദ്വംസക , വർഗീയ പ്രവർത്തനങ്ങൾ നടത്തുക എന്നുള്ളതാണ് അവരുടെ രീതി.
അതിന്റെ ഫലം സമൂഹത്തിൽ പ്രതിഫലിക്കാനും അത് തിരിച്ചറിയാനും സമയമെടുക്കും.
ഞാൻ ഇന്ന് കേരളത്തിലെ വാർത്താമാധ്യമങ്ങളോട് പറഞ്ഞത് ക്രിസ്ത്യൻ നാമധാരിയായ വർഗീയവാദി ആണ് എന്ന് തന്നെയാണ്.
പോസ്റ്റിനോടൊപ്പം കൊടുക്കുന്ന ചിത്രം എന്റെ സംഭാവനയല്ല. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പ്രൊഫൈൽ ചിത്രം ആയി അദ്ദേഹം തന്നെ നൽകിയിട്ടുള്ളതാണ് എന്നും അൻവർ പറഞ്ഞു.
