പുതിയ റോഡുകളും ബൈപ്പാസുകളും ജംഗ്ഷൻ നവീകരണവും പഠിച്ച് പദ്ധതി തയ്യാറാക്കുന്നതിന് പൊതുമരാമത്ത് വകുപ്പിനോട് നിർദേശിച്ചു
മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് പുതിയ റോഡുകൾ, ബൈപ്പാസുകൾ, റിംഗ് റോഡ്, പ്രധാന ജംഗ്ഷനുകളുടെ വികസനം എന്നിവ സംബന്ധിച്ച് ശാസ്ത്രീയ പഠനങ്ങൾ നടത്തി പദ്ധതികൾ തയ്യാറാക്കാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് മാത്യുകുഴൽനാടൻ എം.എൽ.എ നിർദ്ദേശം നൽകി. നിലവിലുള്ള റോഡുകളുടെ സാധാരണ അറ്റകുറ്റപ്പണികൾക്കപ്പുറം ദീർഘവീക്ഷണത്തോടെയുള്ള വലിയ പദ്ധതികൾ നടപ്പിലാക്കിയാൽ മാത്രമേ മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റാൻ സാധിക്കൂ. ഭാവിയിലെ നഗരവൽക്കരണവും വാഹനപ്പെരുപ്പവും ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലുള്ള റോഡ് ശൃംഖലയാണ് വിഭാവനം ചെയ്യുന്നത്. ഇതിന്റെ ആദ്യപടിയായാണ് വിശദമായ പഠനം നടത്തി പ്രോജക്ട് റിപ്പോർട്ടുകൾ തയ്യാറാക്കാൻ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ വ്യക്തമാക്കി.
സമഗ്ര റിംഗ് റോഡ് പദ്ധതി:
മൂവാറ്റുപുഴ ടൗണിലെ വാഹനത്തിരക്ക് പൂർണ്ണമായും ഒഴിവാക്കുന്നതിനായി ടൗണിനെ ചുറ്റി പുതിയൊരു റിംഗ് റോഡ് നിർമ്മിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുക. നഗരത്തിന്റെ വിവിധ ഭാഗങ്ങളെ തമ്മിൽ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന രീതിയിലായിരിക്കണം ഇതിന്റെ രൂപകൽപ്പന.
പുതിയ ബൈപ്പാസ് റോഡുകൾ:
വിവിധ ദിശകളിൽ നിന്ന് വരുന്ന ദീർഘദൂര വാഹനങ്ങൾക്ക് ടൗണിൽ പ്രവേശിക്കാതെ സുഗമമായി കടന്നുപോകാൻ കഴിയുന്ന തരത്തിൽ പുതിയ ബൈപ്പാസ് റോഡുകൾക്കായി അലൈൻമെന്റ് തയ്യാറാക്കുന്നത് നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകും. നിലവിലുള്ള ബൈപ്പാസ് പദ്ധതികളുടെ തുടർച്ചയും പുതിയ ഇടനാഴികളും ഇതിൽ ഉൾപ്പെടുത്തണം.
പുതിയ പാലങ്ങളും നവീകരണവും:
മണ്ഡലത്തിലെ ഗതാഗതക്കുരുക്ക് അഴിക്കുന്നതിനും വിവിധ പഞ്ചായത്തുകളെ തമ്മിൽ എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതിനുമായി ആവശ്യമായ സ്ഥലങ്ങളിൽ പുതിയ പാലങ്ങൾ നിർമ്മിക്കുന്നതിനുള്ള സാധ്യതകൾ തേടണം. കൂടാതെ, നിലവിലുള്ള വീതികുറഞ്ഞതും കാലപ്പഴക്കം ചെന്നതുമായ പാലങ്ങൾ വീതികൂട്ടി നവീകരിക്കുന്നതിനും പദ്ധതികൾ തയ്യാറാക്കണം.
പ്രധാന ജംഗ്ഷനുകളുടെ ആധുനികവൽക്കരണം:
മണ്ഡലത്തിലെ പ്രധാനപ്പെട്ടതും അപകടസാധ്യതയുള്ളതുമായ ജംഗ്ഷനുകൾ ഉന്നത നിലവാരത്തിൽ വീതികൂട്ടി നവീകരിക്കണം. ശാസ്ത്രീയമായ ട്രാഫിക് പരിഷ്കാരങ്ങൾ, ആധുനിക ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനങ്ങൾ, കാൽനടയാത്രക്കാർക്കുള്ള സുരക്ഷിതമായ നടപ്പാതകൾ, സീബ്രാ ക്രോസിംഗുകൾ, ബസ് ബേകൾ, ആധുനിക തെരുവുവിളക്കുകൾ എന്നിവ ഉൾപ്പെടുന്ന പദ്ധതി വിഭാവനം ചെയ്യുന്നത് ഭാവി മുവാറ്റുപുഴക്ക് ഗുണകരമാകും.
ഗ്രാമീണ-പ്രധാന റോഡുകളുടെ സംയോജനം:
മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെയും നഗരസഭയിലെയും പ്രധാന റോഡുകളെയും ഗ്രാമീണ റോഡുകളെയും തമ്മിൽ ബന്ധിപ്പിച്ച് ഗതാഗതയോഗ്യമാക്കുന്നതിനുള്ള സമഗ്ര റോഡ് ശൃംഖല വികസന പദ്ധതി. നിലവിൽ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭ്യമാക്കിയ റോഡ് പദ്ധതികൾക്ക് പുറമെയാണ് പുതിയ റോഡുകൾ കണ്ടെത്തേണ്ടത്.
പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം, പാലങ്ങൾ വിഭാഗം എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർക്കാണ് എംഎൽഎ നിർദേശങ്ങൾ നൽകിയത്. പ്രാഥമിക സാധ്യതാ പഠനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി എത്രയും വേഗം വിശദമായ പദ്ധതി രേഖ തയ്യാറാക്കി സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പദ്ധതികൾക്ക് സർക്കാർ തലത്തിൽ ആവശ്യമായ ഭരണാനുമതിയും ഫണ്ടും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവരുമായി നേരിട്ട് ചർച്ച നടത്തുമെന്നും എം.എൽ.എ അറിയിച്ചു. ഈ വികസന പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ മൂവാറ്റുപുഴയുടെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്നതിനൊപ്പം, പ്രദേശത്തിന്റെ വാണിജ്യ-വ്യവസായ-ടൂറിസം മേഖലകളിൽ വലിയ മാറ്റം സൃഷ്ടിക്കുമെന്ന് എംഎൽഎ പറയുന്നു