മനോഹരമായ റോഡും, നടപ്പാതയിലൂടെ സുഗമ സഞ്ചാരവും മാത്രമല്ല നൂറുകണക്കിനു കച്ചവടക്കാരുടെ ഉപജീവനമാർഗവും സംരക്ഷിക്കപ്പെടേണ്ടതാണ്.
മൂവാറ്റുപുഴ : നഗര പാതയിലെ ഗതാഗത ക്രമീകരണങ്ങൾ രൂപകല്പന ചെയ്യുന്നതിന് നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ് പാക് ) സ്ഥലപരിശോധന നടത്തി.
പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഷാഹീം എസ്., സീനിയർ സയന്റിസ്റ്റ് ഡോ. അനീഷ് കിനി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തിയത്. പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തൽ, തെരുവിളക്ക്, ട്രാഫിക് സിഗ്നലുകൾ, യു-ടേൺ, സീബ്രാ ക്രോസിംഗുകൾ, ബസ് ബേ, ഓട്ടോ സ്റ്റാൻഡ് തുടങ്ങിയവ സംബന്ധിച്ചുള്ള വിവിധ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംഘം വിലയിരുത്തി. ഡോ.മാത്യുകുഴലനാടൻ എംഎൽഎ, നഗരസഭ ചെയർപേഴ്‌സൺ ജോയ്‌സ് മേരി ആന്റണി തുടങ്ങിയവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
വിവിധ മേഖലകളിൽനിന്ന് ഉയർന്നുവന്ന നിർദ്ദേശങ്ങൾ പഠിച്ച് ശാസ്ത്രീയമായ ഗതാഗത ക്രമീകരണങ്ങൾ ആസൂത്രണം ചെയ്യുകയാണ് ലക്ഷ്യമെന്ന് മാത്യുകുഴലനാടൻ എംഎൽഎ പറഞ്ഞു.
നാറ്റ് പാക് സംഘത്തെ ഗതാഗത ക്രമീകരണം തയ്യാറാക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കെയാണ് നടപ്പാതയോടനുബന്ധിച്ച്് നിർമിച്ച ഇരുമ്പ് വേലി പുന: ക്രമീകരിക്കണമെന്ന ആവശ്യം ഉയരുന്നത്.
പണിപൂർത്തിയാകുന്ന റോഡിൽ ഇതിനകം സ്ഥാപിച്ച ഇരുമ്പ്്് വേലി വ്യാപാരികൾക്ക് വലിയ തടസ്സമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സംരക്ഷണ വേലിയുടെ അശാസ്ത്രീയത പലമേഖലകളിൽനിന്നും ചൂണ്ടികാണിച്ചെങ്കിലും അധികൃതർ ഇതുവരെ പ്രതികരിക്കുന്നതിന് തയ്യാറായിട്ടില്ല. വർഷങ്ങൾ കാത്തിരുന്ന്, നഷ്ടവും ത്യാഗവും സഹിച്ച വ്യാപാരികൾക്ക് പദ്ധതി പൂർത്തിയായപ്പോൾ നിരാശ സൃഷ്ടിക്കുംവിധമാണ് പോസ്്‌റ്റോഫീസ് ജംഗ്ഷൻ മുതൽ കച്ചേരിത്താഴം വരെ ഇരു ഭാഗത്തും വേലി സ്ഥാപിച്ചത്.
റോഡിന്റ ഇരു പാർശ്വത്തും വാഹനങ്ങളൊന്നും നിർത്തി കടയിലേക്ക് പ്രവേശിക്കുന്നതിന് സംവിധാനമില്ല. ഇടയ്ക്കിടെ ഒറ്റപ്പെട്ട കച്ചവട സ്ഥാപനങ്ങളിലേക്ക് മാത്രമാണ് വാഹനങ്ങൾ പ്രവേശിക്കുന്നതിന് സൗകര്യമുള്ളത്. അല്ലാത്തിയടത്ത് ഇരു ചക്രവാഹനങ്ങൾപോലും നിർത്തി ഉപഭോക്താക്കൾക്ക് കടയിൽ കയറാനാവില്ല.
മനോഹരമായ റോഡും, നടപ്പാതയിലൂടെ സുഗമ സഞ്ചാരവും മാത്രമല്ല നൂറുകണക്കിനു കച്ചവടക്കാരുടെ ഉപജീവനമാർഗവും സംരക്ഷിക്കപ്പെടേണ്ടതാണ്.
പാർക്കിങ് അടക്കം ഗതാഗത ക്രമീകരണത്തിന് പദ്ധതി തയ്യാറാക്കുമ്പോൾ ഉപഭോക്താക്കൾക്ക് കച്ചവട സ്ഥാപനത്തിലേക്ക് എത്തുന്നതിനു കൂടി മാർഗ്ഗം തേടണമെന്ന് ആവശ്യമാണ് ഉയരുന്നത്.
