ചെന്നൈ: ഫലസ്തീനിലെ ഇസ്രയേല്‍ ആക്രമണത്തിനെതിരെ പെരിയാര്‍ ഫോളോവേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ചെന്നൈയില്‍ പ്രതിഷേധ റാലിയും സ മ്മേശനവും സംഘടിപ്പിച്ചു.
വിടുതലൈ ചിരുതൈകള്‍ കച്ചി നേതാവും എംപിയുമായ തോല്‍ തിരുമാവളവന്‍, എംഎല്‍എ തനിയരശു, മണിത്തനേയ മക്കള്‍ പാര്‍ട്ടി നേതാവ് ജവാഹിറുല്ല, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ തിരുമുരുകന്‍ ഗാന്ധി, നടന്മാരായ സത്യരാജ്, പ്രകാശ് രാജ്, സംവിധായകന്‍ വെട്രിമാരന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
ഫലസ്തീന്‍ കവികളായിരുന്ന മഹ്‌മൂദ് ദര്‍വിശിന്റെയും, മര്‍വാന്‍ മഖൂല്‍
വാക്കുകള്‍ ഉദ്ധരിച്ചാണ് നടന്‍ പ്രകാശ് രാജ് സംസാരിച്ചത്്.
‘യുദ്ധങ്ങള്‍ അവസാനിക്കും നേതാക്കള്‍ കൈകൊടുത്ത് പിരിയും. എന്നാല്‍ എവിടെയോ ഒരു വൃദ്ധയായ അമ്മ തന്റെ മകന് വേണ്ടി കാത്തിരിക്കും, ഒരു ഭാര്യ ഭര്‍ത്താവിനെ കാത്തിരിക്കും, കുട്ടികള്‍ അവരുടെ പിതാവിനെ കാത്തിരിക്കും. അതാണ് സത്യം. ആരാണ് ഈ ഭൂമി ഉപേക്ഷിച്ചതെന്ന് നമുക്കറിയില്ലായിരിക്കാം, പക്ഷേ ആരാണ് അതിന് വില നല്‍കിയതെന്ന് നമുക്കറിയാം.’ (മഹ്‌മൂദ് ദര്‍വിശ്)്
‘എന്റെ കവിതകള്‍ രാഷ്ട്രീയത്തില്‍ നിന്ന് മുക്തമാകണമെങ്കില്‍,
ഞാന്‍ പക്ഷികളുടെ ശബ്ദം കേള്‍ക്കണം.
പക്ഷേ, പക്ഷികളുടെ ശബ്ദം കേള്‍ക്കണമെങ്കില്‍,
ആദ്യം യുദ്ധവിമാനങ്ങളുടെ ഇരമ്പല്‍ നിശബ്ദമാക്കണം.’ (മര്‍വാന്‍ മഖൂല്‍)
ഈ കവിതകളാണ് പ്രകാശ് രാജ് ചൊല്ലിയത്.
ഫലസ്തീന് നേരെ നടക്കുന്ന അനീതിക്ക് ഇസ്രായേല്‍ മാത്രമല്ല ഉത്തരവാദിയെന്നും അമേരിക്കയും മോദിയുടെ നിശബ്ദതയും ഉത്തരവാദിയാണ്. നമ്മുടെ ശരീരത്തില്‍ ഒരു മുറിവ് ഉണ്ടാകുമ്പോള്‍ നാം അതില്‍ നിശബ്ദത പാലിച്ചാല്‍ അത് കൂടുതല്‍ വഷളാകും. അതുപോലെ ഒരു രാഷ്ട്രത്തിന് മുറിവ് ഏല്‍ക്കുകയും നമ്മള്‍ നിശബ്ദത പാലിക്കുകയും ചെയ്താല്‍ ആ നിശബ്ദത ആ രാഷ്ട്രത്തെ കൂടുതല്‍ മുറിവേല്‍പ്പിക്കും.’ പ്രകാശ് രാജ് വിശദീകരിച്ചു.
ഫലസ്തീന് വിഷയം പരിഹരിക്കുന്നതിന് വേണ്ടി ലോകരാഷ്ട്രങ്ങള്‍ ഇടപെടണമെന്ന് തമിഴ് നടന്‍ സത്യരാജ് ആവശ്യപ്പെട്ടു. കൊലപാതകങ്ങള്‍ തടയാന്‍ ഐക്യരാഷ്ട്രസഭ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘മനുഷ്യര്‍ വിമോചനത്തിനായി പോരാടുമ്പോഴെല്ലാം വംശഹത്യ നടക്കുന്നു.’ സത്യരാജ് പറഞ്ഞു. ‘ഇത്തരം പരിപാടികളില്‍ പങ്കെടുക്കുക എന്നത് എന്നെപ്പോലുള്ള കലാകാരന്മാരുടെ കടമയാണ്. നമ്മുടെ പ്രശസ്തി മാനവികതയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ജനപ്രിയ അഭിനേതാക്കളായിരിക്കുന്നതുകൊണ്ട് പ്രയോജനമില്ല.’ സത്യരാജ് വ്യക്തമാക്കി.
ഫലസ്തീനില്‍ നടക്കുന്നത് ആസൂത്രിതമായ വംശഹത്യയാണെന്ന് സംവിധായകന്‍ വെട്രിമാരന്‍ പറഞ്ഞു. അഞ്ചില്‍ ഒരാള്‍ പട്ടിണി മൂലം മരിക്കുന്നു. അഞ്ചില്‍ ഒരു കുട്ടി പോഷകാഹാരക്കുറവ് മൂലം മരിക്കുന്നു.
സ്‌കൂളുകളിലും ആശുപത്രികളിലും പോലും ബോംബുകള്‍ വര്‍ഷിക്കുകയാണെന്നും പലരുടെയും ഉപജീവനമാര്‍ഗമായ ഒലിവ് മരങ്ങള്‍ നശിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധ റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
