പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് പമ്പാനദിയിലും സ്നാനഘട്ടങ്ങളിലും വസ്ത്രങ്ങളും മാലിന്യങ്ങളും ഉപേക്ഷിക്കുന്നവർക്ക് 5,000 രൂപ വരെ പിഴ ചുമത്തും. ശബരിമല അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ദിലീപ് കെ. കൈനിക്കരയാണ് രണ്ട് മാസത്തേക്ക് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.
ലക്ഷക്കണക്കിന് തീർത്ഥാടകരുടെയും പ്രദേശവാസികളുടെയും കുടിവെള്ള സ്രോതസ്സാണ് പമ്പാനദി. വസ്ത്രങ്ങളും മാലിന്യങ്ങളും ഉപേക്ഷിക്കുന്നത് ജലമലിനീകരണത്തിനും നദിയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്നതിനും ജലജന്യരോഗങ്ങൾ പടരുന്നതിനും കാരണമാകുമെന്ന ആശങ്കയെ തുടർന്നാണ് നടപടി.
വസ്ത്രങ്ങൾ, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നദിയിലും തീരങ്ങളിലും ഉപേക്ഷിക്കുന്നത് നിരോധിച്ചിട്ടുണ്ട്. 15 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരും. പമ്പാനദിയിലെ ജലമലിനീകരണം തടയുന്നതിനും നദി സംരക്ഷിക്കുന്നതിനുമാണ് നടപടി. പിഴത്തുക ശുചീകരണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. തീർത്ഥാടകർ ഉപയോഗിച്ച വസ്ത്രങ്ങൾ നിശ്ചിത ശേഖരണ കേന്ദ്രങ്ങളിൽ നിക്ഷേപിക്കണമെന്നും അധികൃതർ നിർദേശിച്ചു.
