റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിലുണ്ടായ ബസ് അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായതായി റിപ്പോർട്ടുകൾ. മരിച്ചവരിൽ നാല് മലയാളികളെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. കണ്ണൂർ മട്ടന്നൂർ സ്വദേശി ഹേമന്ത് പുതിയകാവിൽ (29), കാസർകോട് അട്ടേങ്ങാനം സ്വദേശി അഷ്റഫ് (53), തലശ്ശേരി സ്വദേശിനി സങ്കീർത്തന സുരേഷ് (26), കൊച്ചി സ്വദേശി മുഹമ്മദ് ആഷിഖ് എന്നിവരാണ് തിരിച്ചറിഞ്ഞ മലയാളികൾ. അഞ്ചാമത്തെ മലയാളിയുടെ വിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ല
അപകടത്തിൽ ആകെ 13 പേരാണ് മരിച്ചത്. ഒമാനിൽ വിസ പുതുക്കൽ നടപടികൾ പൂർത്തിയാക്കി യുഎഇയിലേക്ക് മടങ്ങുകയായിരുന്ന 41 യാത്രക്കാരുമായി എത്തിയ ബസ് അൽ വതൻ റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ട്രക്കിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്നാണ് വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്നതെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അപകടത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.
