എന്റെ ജനനം തന്നെയാണ് ഏറ്റവും വലിയ തെറ്റ്.
ഹൈദരാബാദ് കേന്ദ്ര സർവകലാശാല പി എച്ച് ഡി വിദ്യാർഥിയായിരുന്ന രോഹിത് വെമുലയുടെ മരണത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന പോലീസ്. രോഹിത് ദളിത് വിഭാഗത്തിൽനിന്നുള്ള ആളല്ലെന്നും യഥാർഥ ജാതി പുറത്തറിയുമോ എന്ന ഭയവുമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് എന്നു കാണിച്ച പോലീസ് സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് തള്ളിയാണ് തെലുങ്കാന പോലീസ് മേധാവി പുനരന്വേഷണത്തിനു ഉത്തരവിട്ടത്. പോലീസിനെതിരെ രോഹിത്തിന്റെ അമ്മയും യുണിവേഴ്‌സിറ്റി വിദ്യാർഥികളും ഉൾപ്പെടെയുള്ളവർ രംഗത്തുവന്നതിന് പിന്നാലെയാണ് സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ്.
2018 ൽ തയ്യാറാക്കിയ അന്തിമ റിപ്പോർട്ട് 2024 മാർച്ച് 21ന് കോടതിയിൽ ഔദ്യോഗികമായി സമർപ്പിക്കുകയായിരുന്നുവെന്നാണ് സംസ്ഥാന പോലീസ് മേധാവി ഡിജിപി രവി ഗുപ്ത അറിയിച്ചത്. കേസിൽ തുടരന്വേഷണത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട കോടതിയിൽ ഹർജി നൽകുമെന്നും ഡിജിപി വിശദീകരിക്കുന്നു.
ഹൈദരാബാദ് സർവകലാശാലയിൽ 2016 ജനുവരി 17നായിരുന്നു രോഹിത് വെമുല ജീവനൊടുക്കിയത്. താൻ ജാതി വിവേചനവും കള്ളക്കേസുകളും നേരിടുന്നുണ്ടെന്ന് കാണിച്ച്്് മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് രോഹിത് വി സിക്ക് കത്തെഴുതിയിരുന്നു.
ഒരാളുടെ വ്യക്തിത്വം അയാളുടെ സ്വത്വം മാത്രമായി ചുരുങ്ങുന്നത് എന്തൊരു ദൗർഭാഗ്യകരമായ അവസ്ഥയാണ്. എന്റെ ജനനം തന്നെയാണ് ഏറ്റവും വലിയ തെറ്റ്.’ എന്ന് എഴുതിയ ആത്മഹത്യാകുറിപ്പും കണ്ടെത്തിയിരുന്നു.
ആത്മഹത്യാ പ്രേരണക്കുറ്റവും എസ്സി, എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരവും 2016ലാണ് പോലീസ് കേസെടുത്തത്. അന്നത്തെ സെക്കന്തരാബാദ് എംപി ബന്ദാരു ദത്താത്രേയ, ഹൈദരാബാദ് സർവകലാശാല വൈസ് ചാൻസലർ പി അപ്പ റാവു, എംഎൽസി എൻ രാംചേന്ദർ റാവു, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരാണ് പ്രതിപട്ടികയിലുള്ളത്. എന്നാൽ രോഹിത്തിന്റെ ആത്മഹത്യയിൽ ആർക്കും പങ്കുള്ളതായി തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എല്ലാവരെയും ഒഴിവാക്കി പോലീസ് ക്ലോഷർ റിപ്പോർട്ട് തയാറാക്കിയത്.
രോഹിത് സമർപ്പിച്ച ജാതി സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നും അദ്ദേഹം പട്ടികജാതി വിഭാഗത്തിൽ പെട്ടവനല്ലെന്നും ക്ലോഷർ റിപ്പോർട്ടിൽ പറയുന്നു. അമ്മയുടെ സഹായത്തോടെയാണ് പട്ടികജാതി സർട്ടിഫിക്കറ്റ് ലഭിച്ചത്. തന്റെ യഥാർത്ഥ ജാതി പുറത്തുവരുമെന്ന് വെമുല ഭയപ്പെട്ടിരുന്നു. ഇത് അക്കാദമിക നേട്ടങ്ങൾക്ക് തിരിച്ചടിയാകുമെന്ന് ഭയന്നാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമായിരുന്നു റിപ്പോർട്ട് അവകാശപ്പെട്ടത്.
റിപ്പോർട്ടിന് പിന്നാലെ രാഹുൽ ഗാന്ധിയും അരവിന്ദ് കെജ്രിവാളും അർബൻ നക്‌സലുകളും രോഹിത്തിന്റെ മരണം രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നുവെന്ന് ആരോപിച്ച് കുറ്റാരോപിതനും നിലവിലെ ബിജെപി ദേശീയ നിർവാഹക സമിതി അംഗം രാംചന്ദർ റാവു രംഗത്തെത്തിയിരുന്നു.
2016 ജനുവരി 17നാണ് വെമുലയെ യൂണിവേഴ്സിറ്റി കാമ്പസിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെമുലയുടെ മരണം രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.
കേന്ദ്ര സർവകലാശാലയിലെ എബിവിപി വിദ്യാർഥികൾ നൽകിയ പരാതിയിൽ രോഹിത് വെമുലയ്ക്കെതിരെ സർവകലാശാല നടപടിയെടുക്കുന്നതിൽ നിന്നാണ് അദ്ദേഹം ജീവനൊടുക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയത്. പരാതിയെത്തുടർന്ന് രോഹിതിന്റെ 25,000 രുപ വരുന്ന ഫെലോഷിപ്പ് സർവകലാശാല നിർത്തലാക്കി. ഹോസ്റ്റൽ മുറിയിൽനിന്ന് പുറത്താക്കിയതും താങ്ങാനാവാത്തതായിരുന്നു.
അംബേദ്കർ സ്റ്റുഡന്റസ് അസോസിയേഷന്റെ ഭാഗമായി രോഹിത് നടത്തിയ രാഷ്ട്രീയ പ്രവർത്തനങ്ങളിലാണ് എബിവിപിയെ രോഹിതിന് എതിരാക്കിയതന്നാണ് പറയുന്നത്. പരാതി കേന്ദ്രമന്ത്രിയും അന്നത്തെ സെക്കന്തരാബാദ് എംപിയുമായ ബന്ദാരു ദത്താത്രേയ അന്നത്തെ മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്ക് കൈമാറുകയും അവർ വിഷയം സമഗ്രമായി അന്വേഷിക്കണമെന്ന് സർവകലാശാലയ്ക്കു നിർദേശം നൽകുകയും ചെയ്തു. ഇതേത്തുടർന്ന് രോഹിത് ഉൾപ്പെടെയുള്ള വിദ്യാർഥികൾ ക്യാംപസിൽ നിരാഹാര സമരം ആരംഭിച്ചു. ഈ രാപകൽ സമരത്തിനിടെയാണ് രോഹിത് ജീവനൊടുക്കിയതായി കണ്ടെത്തിയത്. രോഹിതിന്റെ മരണം രാജ്യ വ്യാപകമായ പ്രതിഷേധത്തിനും വിവാദത്തിനും കാരണമായി. രോഹിതിന്റെ മാതാവ് രാധിക വെമുല മകന്റെ മരണത്തിനു ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി നടന്ന കാംപയിനിലും പങ്കാളിയായതും ശ്രദ്ധിക്കപ്പെട്ടു. രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയിലും രാധിക അണി ചേർന്നു. പോലീസ് റിപ്പോർട്ടിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് പുനരന്വേഷണം നിലപാടിലേക്ക് സർക്കാർ എത്തിയത്.