രാജ്യത്തെ ഞെട്ടിച്ച സെക്സ് ടേപ്പ് വിവാദത്തിൽ പ്രധാന മന്ത്രിക്ക് എതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഏപ്രിൽ 26ന് കർണാടകയിലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് ശേഷം ജർമ്മനിയിലേക്ക് പലായനം ചെയ്ത രേവണ്ണയെ രാജ്യം വിടുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി തടഞ്ഞില്ലെന്ന് പ്രിയങ്ക ആരോപിച്ചു. അസമിലെ ധുബ്രിയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രിയങ്ക.
”കർണ്ണാടകയിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ കണ്ടു. ഈ ആളുകളാണ് രാജ്യത്ത് സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നത്. പ്രജ്വൽ ഇന്ത്യ വിടുന്നത് പ്രധാനമന്ത്രി മോദി തടഞ്ഞതുമില്ല.’
‘
പ്രധാനമന്ത്രി മോദി സാധാരണക്കാരുടെ യാഥാർത്ഥ്യത്തിൽ നിന്ന് വളരെ അകലെയാണ്. അഹംഭാവിയായതിനാൽ അവരുടെ ദുരിതങ്ങളെക്കുറിച്ച് അദ്ദേഹത്തിന് ധാരണയില്ല.” പ്രിയങ്ക ആരോപിച്ചു.
ഇതിനിടെ പ്രജ്വൽ രേവണ്ണയുടെ മുൻ ഡ്രൈവറുടെ വെളിപ്പെടുത്തൽ. ബി.ജെ.പി യെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ബിജെപി നേതാവ് ദേവരാജെ ഗൗഡയ്ക്കു മാത്രമാണ് താൻ വിഡിയോകൾ അടങ്ങിയ പെൻഡ്രൈവ് കൈമാറിയിട്ടുള്ളതെന്ന് പ്രജ്വൽ രേവണ്ണയുടെ മുൻ ഡ്രൈവർ കാർത്തിക്. 2023ൽ വിഡിയോ ദൃശ്യങ്ങൾ നൽകിയിട്ടുണ്ടെന്നാണു വെളിപ്പെടുത്തൽ. വിവാദ വിഡിയോ കോൺഗ്രസ് നേതാക്കൾക്കാണ് ആദ്യം ലഭിച്ചതെന്ന് ദേവരാജെ ഗൗഡ നേരത്തെ ആരോപിച്ചിരുന്നു.
”ആ പെൻഡ്രൈവ് അദ്ദേഹമോ (ദേവരാജെ ഗൗഡ) ബി.ജെ.പിക്കാരോ മറ്റാർക്കെങ്കിലും എന്തെങ്കിലും ആവശ്യത്തിനു കൈമാറിയോ എന്ന് അറിയില്ല. ഞാൻ അദ്ദേഹത്തിനല്ലാതെ മറ്റാർക്കും അതു നൽകിയിട്ടില്ല. ഞാനത് കോൺഗ്രസ് നേതാക്കൾക്കു നൽകിയിട്ടുണ്ടെന്നാണ് അദ്ദേഹം ഇപ്പോൾ ആരോപിക്കുന്നത്. കോൺഗ്രസ് നേതാക്കൾക്കാണ് ഞാനത് നൽകിയതെങ്കിൽ പിന്നീട് നീതി തേടി അദ്ദേഹത്തെ സമീപിക്കുന്നതെന്തിനാണ്?”- മുൻ ഡ്രൈവർ ചോദിച്ചു.
കേസിൽ കർണാടക സർക്കാർ ഉത്തരവിൽ അന്വേഷണം ആരംഭിച്ച സ്പെഷൽ ഇൻവെസ്റ്റിഗേഷൻ സംഘത്തിന്(എസ്.ഐ.ടി) എല്ലാ രേഖകളും കൈമാറുമെന്നും കാർത്തിക് വ്യക്തമാക്കി.
കർണാടക പ്രദേശ് കോൺഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് പെൻഡ്രൈവ് കൊടുത്തിട്ടുണ്ടെന്ന് കാർത്തിക് തന്നോട് പറഞ്ഞെന്നായിരുന്നു ദേവരാജെ ഗൗഡയുടെ അവകാശവാദം. ഒപ്പം രേവണ്ണ കുടുംബത്തിന്റെ ലൈംഗികാതിക്രമങ്ങളെ കുറിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്ിനെ കത്തിലൂടെ അറിയിച്ചിരുന്നുവെന്നും ദേവരാജെ ഗൗഡ പറഞ്ഞിരുന്നു.
ഹാസനിൽ പ്രജ്വലിനെ വീണ്ടും സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിനിടെയാണ് സംഭവങ്ങളെ കുറിച്ചു വിശദമായി നേതൃത്വത്തിന് എഴുതിയതെന്നായിരുന്നു ഗൗഡ പറഞ്ഞത്. എന്നാൽ, വാദങ്ങൾ കർണാടക ബി.ജെ.പി അധ്യക്ഷനും ശിക്കാരിപുര എം.എൽ.എയുമായ വിജയേന്ദ്ര യെദിയൂരപ്പ ഇത് നിഷേധിച്ചു. ഗൗഡ പറയുന്നതെല്ലാം പൂർണമായും കള്ളമാണെന്നും ഇത്തരത്തിലൊരു കത്തും തനിക്കു ലഭിച്ചിട്ടില്ലെന്നും വിജയേന്ദ്ര പറഞ്ഞു
ഏതായാലും ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കവെ ബിജെപി എൻ.ഡി.എ സഖ്യത്തെ വെട്ടിലാക്കുന്നതാണ് കണാടക സെക്സ് ടേപ്പ് വിവാദം. 2900 ത്തോളം വീഡിയോ ക്ലിപ്പുകളാണ് പ്രചരിക്കുന്നതെന്നാണ് റിപ്പോർട്ട്. 68 വയസ്സായ വീട്ടുവേലക്കാരി മുതല്‍ നൂറുകണക്കിനു സ്ത്രീകളെ ബലാത്സംഗം ചെയ്ത് വീഡിയോ പകര്‍ത്തുകയായിരുന്നു.