കൊച്ചി : ദേശീയപാതയുടെ മധ്യഭാഗത്തുനിന്ന് ഇരുവശങ്ങളിലേക്കും വീടുകള്‍ക്ക് 40 മീറ്റർ പരിധിയും, വാണിജ്യ ആവശ്യങ്ങള്‍ക്ക് 75 മീറ്റർ പരിധിയിലും ഭൂവിനിയോഗം നിരോധിക്കുന്ന സുപ്രിം കോടതിയുടെ താല്ക്കാലിക വിധിയില്‍ പാതയോരത്തെ ലക്ഷകണക്കിനുപേര്‍ കുടിയൊഴിപ്പിക്കപ്പെടുമോ എന്ന ആശങ്കയില്‍.
പുതിയ നിർമ്മാണങ്ങൾക്ക് വിലക്ക് വരുന്നതിനോടൊപ്പം നിലവിലുള്ള കെട്ടിടങ്ങളുടെ ലൈസൻസുകളും അനുമതികളും പുന:പരിശോധിക്കുവാനും ഉത്തരവിട്ടിട്ടുണ്ട്.
2025 ല്‍ രാജസ്ഥാനിലെ ഫലോഡിയിലും, തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലും ഉണ്ടായ വാഹനാപകടങ്ങളിൽ 34 പേർ മരിച്ചതിനെ തുടർന്ന് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസില്‍ കഴിഞ്ഞ ഏപ്രില്‍ 13 ന് പുറപ്പെടുവിച്ച വിധിയാണ് വിവാദമായിരിക്കുന്നത്. വ്യത്യസ്ത സാഹചര്യത്തിലുള്ള രണ്ടു അപകടങ്ങളുമായി ബന്ധപ്പെച്ച് ദേശീയപാതകളിലെ അനധികൃത കൈയേറ്റങ്ങൾ, സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത, അധികൃതരുടെ ഉത്തരവാദിത്വം തുടങ്ങിയവ പരിശോധിക്കുന്നതിനിടെ ജനദ്രോഹപരമായ നിര്‍ദേശങ്ങളാണ് ഉള്‍ക്കൊളളിച്ചിരിക്കുന്നത്.
ദേശീയപാതയോരത്ത് പതിറ്റാണ്ടുകളായി താമസിക്കുന്ന കുടുംബങ്ങൾ, 45 മീറ്റര്‍ ഉള്‍പ്പെടെ റോഡിന് സ്ഥലം വിട്ടുകൊടുത്ത് അവശേഷിച്ച സ്ഥലത്ത് താമസിക്കുന്നവര്‍, നൂറുകണക്കിനു വാണിജ്യവ്യവസായ സ്ഥാപനങ്ങള്‍ എല്ലാവരെയും ഉജ്കണ്ഠപ്പെടുത്തുന്നതാണ് കോടതി ഉത്തരവ്ഒരു ചതുരശ്ര കിലോമീറ്ററിൽ ശരാശരി 850-ൽ കൂടുതൽ ആളുകൾ തിങ്ങിപ്പാർക്കുന്ന കേരളത്തിൽ ഈ നിയമത്തിന്റെ പ്രത്യാഘാതങ്ങൾ അതിരൂക്ഷമായിരിക്കുമെന്ന് ഈ വിഷയത്തില്‍ പ്രക്ഷോഭത്തിനു നേതൃത്വം കൊടുക്കുന്ന ജനകീയ പ്രതിരോധ സമിതിയുടെ നേതാവ് ഹാഷിം ചേന്നാംപിള്ളി മലനാട് വാര്‍ത്തയോട് പറഞ്ഞു.
ദേശീയപാതകൾക്ക് ഇരുവശത്തുമായി വലിയ ബഫർ സോൺ പ്രഖ്യാപിച്ചാൽ കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങൾക്ക് മാറിത്താമസിക്കാൻ സംസ്ഥാനത്ത് വേറെ ഭൂമിയില്ലാത്ത അവസ്ഥയുണ്ട്. ആകെ 11 ദേശീയപാതകളിലായി മൊത്തം 1781 കിലോമീറ്റർ റോഡുകളാണുള്ളത്. പുതിയ നിർദ്ദേശം പാലിക്കുമ്പോൾ, 45 മീറ്റർ വീതിയുള്ള ഹൈവേകളിൽ റോഡിന്റെ അതിർത്തിയിൽ നിന്ന് ഇരുവശത്തേക്കും 52.5 മീറ്റർ വരെ ബഫർ സോൺ ആയി ഉപേക്ഷിക്കേണ്ടി വരും. ഈ നിയമം വഴി എൻ.എച്ച് 66-ന്റെ (NH 66) ഓരങ്ങളിൽ മാത്രം ഏകദേശം 16,734 ഏക്കർ ഭൂമി ഫ്രീസ് ചെയ്യപ്പെടും. മറ്റ് ദേശീയപാതകളിലെ ബഫർ സോണുകൾ കൂടി കണക്കിലെടുത്താൽ സംസ്ഥാനത്ത് ഒരു ലക്ഷത്തോളം ഏക്കർ ഭൂമിയാണ് ജനങ്ങൾക്ക് നഷ്ടപ്പെടാൻ പോകുന്നത്.
ദേശീയപാതയുടെ വീതി 60ൽ നിന്ന് 30 മീറ്ററായി കുറക്കണമെന്ന് ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്നാണ് കേന്ദ്രസർക്കാർ 45 മീറ്റർ ആക്കി ചുരുക്കിയത്. ഇതിപ്പോള്‍ ഫലത്തില്‍ 150 മീറ്റർ ആക്കുന്നതിന് തുല്യമായ വിധിയാണ് ഉണ്ടായിരിക്കുന്നത്. ഹാഷിം ചേന്ദാപ്പിളളി പറയുന്നു. ഒക്ടോബർ നാലിന് രാവിലെ 10 ന് എറണാകുളം അധ്യാപക ഭവനിൽ നടക്കുന്ന സംസ്ഥാന തല കണ്‍വന്‍ഷനില്‍ ജനകീയ പ്രക്ഷോങത്തിന് അന്തിമ രൂപം നല്കുമെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ കാളീശ്വരം രാജ് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ദേശീയപാതയോരങ്ങളിൽ താമസിക്കുന്ന ഇരകളായവരും ജനകീയ സമരപ്രതിനിധികളും ഈ കൺവെൻഷനിൽ സംബന്ധിക്കും.


