Home News Highlights വിദ്വേഷ പ്രചാരകരുമായുള്ള സൗഹൃദം  അതൊരു അംഗീകാരമാണ് : താരാ ടോജോ അലക്സ്

വിദ്വേഷ പ്രചാരകരുമായുള്ള സൗഹൃദം  അതൊരു അംഗീകാരമാണ് : താരാ ടോജോ അലക്സ്

0
11
tara tojo alex

മതസൗഹാർദ്ദം എന്നത് വിദ്വേഷം പ്രചരിപ്പിക്കുന്നവരോടൊപ്പം വേദി പങ്കിടലല്ല. മതേതരത്വം എന്നത് എല്ലാവരോടും ഒരുപോലെ ചിരിച്ചുകൊണ്ട് ഫോട്ടോയെടുക്കലുമല്ല.

വിദ്വേഷ പ്രചാകരുടെ വീട്ടില്‍ നടക്കുന്ന ചടങ്ങുകളിലും ആഘോഷങ്ങളിലും പോയി സൗഹൃദം പുതുക്കുന്നത് അപകടകരമായ രാഷ്ട്രീയ നിലപാടാണെന്ന്   കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ കോഡിനേറ്റര്‍ താര ടോജോ അലക്‌സ്. 

മതസൗഹാർദ്ദം എന്നത് വിദ്വേഷം പ്രചരിപ്പിക്കുന്നവരോടൊപ്പം വേദി പങ്കിടലല്ല. മതേതരത്വം എന്നത് എല്ലാവരോടും ഒരുപോലെ ചിരിച്ചുകൊണ്ട് ഫോട്ടോയെടുക്കലുമല്ല. താര ടോജോ അലക്സ് ഫേസ്ബുക്കില്‍ കുറിച്ചു. കുപ്രസിദ്ധ യുട്യൂബര്‍ ഷാജന്‍ സ്കറിയയുടെ പിതാവിന്‍റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയടക്കം നിരവധി മന്ത്രിമാര്‍ അദ്ദേഹത്തിന്‍റെ വീട്ടില്‍ പോയതിനെതിരെ  സമൂഹത്തില്‍ വലിയ വിമര്‍ശനം ഉയര്‍ന്നുകൊണ്ടിരിക്കെയാണ് താരയുടെ ശ്രദ്ദേയമായ പോസ്റ്റ്. 

മതവിദ്വേഷം പരത്തി, മനുഷ്യർക്കിടയിൽ വർഗീയതയുടെ വിഷം കുത്തിവെച്ച്,സമൂഹത്തിൽ ഭിന്നിപ്പിന്റെയും ശത്രുതയുടെയും വിത്തുകൾ വിതയ്ക്കുന്നവരുടെ വീട്ടിൽ നടക്കുന്ന ചടങ്ങുകളിലും ആഘോഷങ്ങളിലും  പോയി സൗഹൃദം പുതുക്കുന്നത് നിഷ്കളങ്കമായ സാമൂഹിക ഇടപെടലല്ല. അതൊരു രാഷ്ട്രീയ നിലപാടാണ്.അപകടകരമായ രാഷ്ട്രീയ നിലപാട്. എന്നാണ് താര കുറിച്ചിരിക്കുന്നത്. വിദ്വേഷം പ്രചരിപ്പിക്കുന്നവർക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രോത്സാഹനം അവരുടെ പ്രസ്താവനകൾക്ക് കിട്ടുന്ന കൈയടിയല്ല. ആ പ്രസ്താവനകൾക്കു ശേഷവും സമൂഹത്തിലെ പ്രമുഖർ അവരെ ഉൾക്കൊള്ളുന്നതാണ്. നിങ്ങളുടെ സാന്നിധ്യം വെറുമൊരു സാന്നിധ്യമല്ല. അതൊരു അംഗീകാരമാണ്.

നിങ്ങളുടെ സൗഹൃദം വെറുമൊരു വ്യക്തിബന്ധമല്ല.അത് പലപ്പോഴും ഒരു രാഷ്ട്രീയ സന്ദേശമാണ്. വിദ്വേഷത്തിന് മുന്നിൽ നിഷ്പക്ഷതയില്ല.വിദ്വേഷത്തെ ഒറ്റപ്പെടുത്താൻ കഴിയാത്ത സൗഹൃദം മതേതരത്വവുമല്ല.  താര പറയുന്നു. 

 ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണമായും വായിക്കാം 

മതവിദ്വേഷം പരത്തി, മനുഷ്യർക്കിടയിൽ വർഗീയതയുടെ വിഷം കുത്തിവെച്ച്,സമൂഹത്തിൽ ഭിന്നിപ്പിന്റെയും ശത്രുതയുടെയും വിത്തുകൾ വിതയ്ക്കുന്നവരുടെ വീട്ടിൽ നടക്കുന്ന ചടങ്ങുകളിലും ആഘോഷങ്ങളിലും  പോയി സൗഹൃദം പുതുക്കുന്നത് നിഷ്കളങ്കമായ സാമൂഹിക ഇടപെടലല്ല. അതൊരു രാഷ്ട്രീയ നിലപാടാണ്.അപകടകരമായ രാഷ്ട്രീയ നിലപാട്.

കാരണം, ഇവരെയൊക്കെ വളർത്തുന്നത് ഇവർ പറയുന്ന വിദ്വേഷ പ്രസംഗങ്ങൾ മാത്രമല്ല. അതിന് ഒരു പറ്റം മനുഷ്യർ കൊടുക്കുന്ന   അംഗീകാരവും ചില രാഷ്ട്രീയ സിനിമാ സാംസ്കാരിക പ്രവർത്തകരുടെയും സന്ദർശനങ്ങളും സാന്നിധ്യവും കൂടിയാണ്.വിദ്വേഷം പ്രചരിപ്പിക്കുന്നവർക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രോത്സാഹനം അവരുടെ പ്രസ്താവനകൾക്ക് കിട്ടുന്ന കൈയടിയല്ല.

ആ പ്രസ്താവനകൾക്കു ശേഷവും സമൂഹത്തിലെ പ്രമുഖർ അവരെ ഉൾക്കൊള്ളുന്നതാണ്.നിങ്ങൾ ഒരാളുടെ വീട്ടിൽ ഒരു ചടങ്ങിന്  പോയേക്കാം. ഒരു ആഘോഷത്തിൽ പങ്കെടുത്തേക്കാം. ഒരു കുടുംബചടങ്ങിൽ സ്നേഹപൂർവം ഫോട്ടോയ്ക്ക് പോസ് ചെയ്തേക്കാം.പക്ഷേ, നിങ്ങളുടെ ആ സാന്നിധ്യം അവർ എങ്ങനെയാണ് തങ്ങളുടെ നിലപാടുകൾ സാധൂകരിക്കുന്നതിന് ഉപയോഗിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?അത് പുറംലോകത്തിന് നൽകുന്ന സന്ദേശം എന്താണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

നിങ്ങൾക്ക് അത് വെറുമൊരു നിരുപദ്രവമായ സന്ദർശനമായിരിക്കാം.എന്നാൽ വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവർക്ക് അത് വലിയൊരു അംഗീകാരമാണ്.അവരുടെ നിലപാടുകൾക്ക് സമൂഹത്തിൽ സ്വീകാര്യതയുണ്ടെന്നും, എത്രത്തോളം വിഷം ചീറ്റിയാലും അധികാരത്തിന്റെയും പ്രശസ്തിയുടെയും സ്വാധീനമുള്ളവർ അവരുടെ കൂടെയുണ്ടെന്നും പൊതുസമൂഹത്തോട് വിളിച്ചുപറയാനുള്ള അവസരമാണത്.

മതസൗഹാർദ്ദം എന്നത് വിദ്വേഷം പ്രചരിപ്പിക്കുന്നവരോടൊപ്പം വേദി പങ്കിടലല്ല. മതേതരത്വം എന്നത് എല്ലാവരോടും ഒരുപോലെ ചിരിച്ചുകൊണ്ട് ഫോട്ടോയെടുക്കലുമല്ല.മനുഷ്യരെ മതത്തിന്റെ പേരിൽ വിഭജിക്കുന്നവരോട് വ്യക്തമായ നിലപാട് സ്വീകരിക്കാനുള്ള ആർജവമാണ് യഥാർത്ഥ മതേതരത്വം.ഇവിടെ വ്യക്തിവിരോധമോ കുടുംബങ്ങളോടുള്ള ശത്രുതയോ…ഒന്നും ഉണ്ടാവേണ്ടതില്ല.

അവരുടെ രാഷ്ട്രീയ നിലപാടിനോടുള്ള സാമൂഹികമായ വിയോജിപ്പാണ്. അതുകൊണ്ടുതന്നെ, മതവിദ്വേഷം പ്രചരിപ്പിക്കുന്നവരുടെ ആഘോഷങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കാതിരിക്കുക, അവരുടെ പൊതുപ്രവർത്തനങ്ങളെ സാധൂകരിക്കാതിരിക്കുക, അത്തരക്കാരെ സാമൂഹികമായി ഒറ്റപ്പെടുത്തുക എന്നതെല്ലാം ജനാധിപത്യപരമായ രാഷ്ട്രീയ ഇടപെടലുകളാണ്.രാഷ്ട്രീയക്കാർക്കും സിനിമാ താരങ്ങൾക്കും കലാകാരന്മാർക്കും സാംസ്കാരിക പ്രവർത്തകർക്കും ഇക്കാര്യത്തിൽ വലിയ ഉത്തരവാദിത്തമുണ്ട്.

നിങ്ങളുടെ സാന്നിധ്യം വെറുമൊരു സാന്നിധ്യമല്ല.അതൊരു അംഗീകാരമാണ്.നിങ്ങളുടെ സൗഹൃദം വെറുമൊരു വ്യക്തിബന്ധമല്ല.അത് പലപ്പോഴും ഒരു രാഷ്ട്രീയ സന്ദേശമാണ്.വിദ്വേഷത്തിന് മുന്നിൽ നിഷ്പക്ഷതയില്ല. വിദ്വേഷത്തെ ഒറ്റപ്പെടുത്താൻ കഴിയാത്ത സൗഹൃദം മതേതരത്വവുമല്ല.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here