മൂവാറ്റുപുഴ : കൈക്കൂലി വാങ്ങിയെന്ന കേസിൽ ഡെപ്പ്യൂട്ടി തഹസിൽദാർമാരെ വിജിലൻസ് കോടതി വെറുതെവിട്ടു. ഒന്നാംപ്രതി കുമളി കാർഡമം സെറ്റിൽമെൻറ് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാർ കൂട്ടിക്കൽ കൊക്കയാർ പാറക്കൽ വീട്ടിൽ ജാഫർ ഖാനേയും, രണ്ടാം പ്രതി കോട്ടയം എരുമേലി സൗത്ത് വില്ലേജ് തളത്തി പറമ്പിൽ വീട്ടിൽ ഷാനവാസ് ഖാനെയുമാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി എൻ. വി രാജു കുറ്റക്കാരല്ലെന്നു കണ്ട്്് വെറുതെ വിട്ടത്.
് 2013 ഏപ്രിൽ 30 ന് ഇടുക്കി വിജിലൻസ് പോലീസ് ചാർജ് ചെയ്ത കേസിലാണ് കോടതി വിധി. ഒന്നും രണ്ടും പ്രതികൾ കേസിലെ പരാതിക്കാരനായ പാലാ സ്വദേശി സെബാസ്റ്റ്യനിൽ നിന്നും ഏലം കൃഷി ചെയ്തുവന്ന കുത്തക പാട്ട ഭൂമി മക്കളുടെ പേരിലേക്ക് സ്ഥലംമാറ്റം നടത്തി കിട്ടുന്നതിന് ഏക്കറിന് 10000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നും തുടർന്ന്്് രണ്ടാം പ്രതി 25000 രൂപ കൈക്കൂലി വാങ്ങിയെന്നുമാണ് കേസ്. വിജിലൻസ് പോലീസ് ട്രാപ്പ് ( കെണി) നടത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . 25000 രൂപ രണ്ടാം പ്രതിയുടെ ഓഫീസിൽനിന്ന് വിജിലൻസ് പോലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു. കേസിൽ വാദിയെ കൂടാതെ 20 സാക്ഷികളെ വിസ്തരിച്ചു. ഒന്നാം പ്രതിക്ക് വേണ്ടി അഡ്വക്കേറ്റ് എൻ പി തങ്കച്ചനും രണ്ടാം പ്രതിക്ക് വേണ്ടി അഡ്വക്കറ്റ് ഷാബു ശ്രീധരനും ഹാജരായി.