മൂവാറ്റുപുഴ: മണ്ഡലകാല തീർഥാടനത്തോടനുബന്ധിച്ച് മൂവാറ്റുപുഴയിലെത്തുന്ന ശബരിമല തീർഥാടകരെ സ്വീകരിക്കാനും ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കാനും നഗരസഭയുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ പൂർത്തിയാക്കി. തീർഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രയും വിശ്രമവും ഉറപ്പാക്കുന്നതിനുള്ള വിവിധ സംവിധാനങ്ങളാണ് മുവാറ്റുപുഴയിൽ ഒരുക്കിയിരിക്കുന്നത്.
പുഴക്കരക്കാവ് ഭഗവതി ക്ഷേത്രം വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രം, ശ്രീ കുമാര ഭജന ക്ഷേത്രം, കിഴക്കേക്കര ശ്രീ ധർമശാസ്ത്രാ ക്ഷേത്രം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ള വിശ്രമകേന്ദ്രങ്ങൾക്ക് നഗരസഭയുടെ പൂർണ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. വെള്ളൂർകുന്നം ക്ഷേത്രത്തിൽ വൈകുന്നേരം അന്നദാനം നടത്തും.വിശ്രമകേന്ദ്രങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും പരിസര ശുചിത്വം ഉറപ്പാക്കുന്നതിനും നഗരസഭയുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
തീർഥാടകർക്ക് വഴികാട്ടുന്നതിനായി പ്രധാന കേന്ദ്രങ്ങളിൽ ദിശാബോർഡുകളും വിവിധ ഭാഷകളിലുള്ള നിർദേശങ്ങളും മുന്നറിയിപ്പുകളും സ്ഥാപിച്ചു. നഗരത്തിലെ കടവുകളിലും അപകടസാധ്യതയുള്ള സ്ഥലങ്ങളിലും സുരക്ഷാ നിർദേശങ്ങൾ പ്രദർശിപ്പിക്കും
ഹോട്ടലുകളിലും ഭക്ഷണശാലകളിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ ആരംഭിച്ചു. മൂവാറ്റുപുഴ ഗവ. ജനറൽ ആശുപത്രിയിൽ ശബരിമല തീർഥാടകർക്കായി പ്രത്യേക ഹെൽപ് ഡെസ്ക് സജ്ജീകരിക്കുന്നതിനുള്ള ക്രമീകരണങ്ങളും പൂർത്തിയാക്കി. ചൊവ്വാഴ്ച മുതൽ ജനറൽ ഹോസ്പിറ്റലിൽ ആവശ്യമായ ആരോഗ്യസേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനൊപ്പം സഹായത്തിനായി ഹെൽപ് ഡസ്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്.





