LATEST NEWS

Related Posts

LOCAL NEWSERNAKULAMമൂവാറ്റുപുഴ 2046 ; വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു

മൂവാറ്റുപുഴ 2046 ; വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു

മുവാറ്റുപുഴയെ ആധുനിക നഗരമാക്കുകയെന്ന ലക്ഷ്യത്തോടെ 20 വർഷം മുന്നിൽ കണ്ടാണ് മാസ്റ്റർ പ്ലാൻ തയ്യാക്കുന്നത്.

മൂവാറ്റുപുഴ : മുവാറ്റുപുഴയുടെ അടുത്ത 20 വർഷത്തെ വികസനത്തിന് ദിശാബോധം നൽകുന്ന മാസ്റ്റർ പ്ലാൻ 2046 തയ്യാറാക്കുന്നതിനുള്ള നടപടികൾക്ക് നഗരസഭാ കൗൺസിൽ അംഗീകാരം നൽകി. ഭാവിയിൽ പുതിയ ജില്ലാ കേന്ദ്രമായി മാറാനുള്ള സാധ്യത ഉൾപ്പെടെ നഗരത്തിന്റെ വളർച്ചയും വികസന ആവശ്യങ്ങളും മുൻകൂട്ടി കണ്ട് ആസൂത്രിതവും ആധുനികവുമായ നഗരമായി മുവാറ്റുപുഴയെ മാറ്റുകയാണ് ലക്ഷ്യമെന്ന് നഗരസഭാ ചെയർപേഴ്‌സൺ ജോയ്‌സ് മേരി ആന്റണി പ്രസ്താവിച്ചു.

13.18 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 30 വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന മുവാറ്റുപുഴയുടെ സമഗ്ര വികസനമാണ് മാസ്റ്റർ പ്ലാൻ ലക്ഷ്യമിടുന്നത്. ഭൂവിനിയോഗം, കാർഷിക മേഖലയുടെ മുന്നേറ്റം, ജനസംഖ്യാ വളർച്ച, ഗതാഗതം, അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക പ്രവർത്തനങ്ങൾ, മാലിന്യ നിർമാർജനം, പരിസ്ഥിതി, സാമൂഹിക ആവശ്യങ്ങൾ തുടങ്ങിയ മേഖലകളെ സമഗ്രമായി വിലയിരുത്തി ദീർഘകാല വികസന രേഖ തയ്യാറാക്കും.

നഗരത്തിന്റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിനും മുനിസിപ്പൽ വരുമാനം വർധിപ്പിക്കുന്നതിനും വാണിജ്യ മേഖലകളുടെ വികസനം, ഭൂവിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം, പുതിയ നിക്ഷേപ സാധ്യതകൾ, നഗരസേവനങ്ങളുടെ നവീകരണം എന്നിവയ്ക്ക് പ്രാധാന്യം നൽകും.

ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം, റോഡ് ശൃംഖലയുടെ വികസനം, സുരക്ഷിതമായ കാൽനട പാതകൾ, പാർക്കുകൾ, കളിസ്ഥലങ്ങൾ, ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങൾ, മാലിന്യസംസ്‌കരണം, ശുചിത്വം തുടങ്ങിയ മേഖലകളിലും ഭാവിയിലെ ആവശ്യങ്ങൾ കണക്കിലെടുത്ത് പദ്ധതികൾ ആസൂത്രണം ചെയ്യും.

മുവാറ്റുപുഴയാറിന്റെയും അനുബന്ധ നദികളുടെയും സംരക്ഷണം, പച്ചപ്പും തുറസ്സായ സ്ഥലങ്ങളും നിലനിർത്തൽ, നീർവാർച്ചാ സംവിധാനങ്ങളുടെ മെച്ചപ്പെടുത്തൽ, വെള്ളപ്പൊക്ക പ്രതിരോധം എന്നിവയും വികസന ആസൂത്രണത്തിന്റെ ഭാഗമാകും.

മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്ന പ്രക്രിയയിൽ ഭൂവിനിയോഗ സർവേ, സാമൂഹിക-സാമ്പത്തിക പഠനം, ഗതാഗത പഠനം, പരിസ്ഥിതി വിലയിരുത്തൽ എന്നിവ നടത്തും. കൗൺസിലർമാർ, വിവിധ വകുപ്പുകൾ, വിദഗ്ധർ, പൊതുജനങ്ങൾ എന്നിവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഉൾപ്പെടുത്തിയാണ് അന്തിമ വികസന പദ്ധതി തയ്യാറാക്കുക

കൗൺസിൽ യോഗത്തിൽ ടൗൺ പ്ലാനർ ഫാമിദ യൂസഫ് എം നഗരത്തിന്റെ നിലവിലെ വികസന സാഹചര്യം, ഭാവിയിലെ വികസന സാധ്യതകൾ, മാസ്റ്റർ പ്ലാനിന്റെ പ്രധാന ആശയങ്ങൾ എന്നിവ വിശദീകരിച്ചു. ഡെപ്യൂട്ടി ടൗൺ പ്ലാനർ വിനീത് മാസ്റ്റർ, അസിസ്റ്റന്റ് ടൗൺ പ്ലാനർ ജോസഫ് മനോജ് എന്നിവർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങൾ വിശദീകരിച്ചു.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here