പരിഷ്കാരങ്ങൾ ഇങ്ങനെ
മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് നിരവധി പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തി ഗതാഗത കമ്മിറ്റി.
കെ.എസ്.ആർ.ടി.സി. ബസ്റ്റാൻഡ് മുതൽ പായിപ്ര കവല വരെ ബസ് സ്റ്റോപ്പിലും പാർക്കിങിനും മാറ്റങ്ങൾ നിർദേശിച്ചു.
കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്ത് നഗരസഭ ‘നോ പാർക്കിംഗ്’ ബോർഡുകൾ സ്ഥാപിക്കും. ഇതിനായി നഗരസഭ സെക്രട്ടറിക്ക് നിർദ്ദേശം നൽകും. ബസ് സ്റ്റാൻഡിന് മുൻവശം സർവീസ് റോഡിന്റെ കിഴക്കുവശത്തുള്ള പാർക്കിംഗ് പൂർണ്ണമായും ഒഴിവാക്കി ഒരു വശത്ത് മാത്രം പാർക്കിംഗ് അനുവദിക്കും. മുനിസിപ്പൽ സെക്രട്ടറിയും പോലീസും ചേർന്ന് ഇക്കാര്യം ഉറപ്പാക്കും. സ്റ്റാൻഡിന് മുൻവശം എം.സി. റോഡ് സൈഡിലെ പാർക്കിംഗ് ഒഴിവാക്കി നിയമം ലംഘിക്കുന്നവർക്കെതിരെ പോലീസ് പിഴ ഈടാക്കും.
വാഴപ്പിള്ളി ജംഗ്ഷനിലെ ബസ് സ്റ്റോപ്പുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. പെരുമ്പാവൂർ ഭാഗത്തുനിന്നും വരുന്ന സർവീസ് ബസ്സുകളുടെ സ്റ്റോപ്പ് വാഴപ്പിള്ളി ജംഗ്ഷന് സമീപമുള്ള റോയൽ എൻഫീൽഡ് ഷോപ്പിന് അടുത്തേക്ക് മാറ്റി സ്ഥാപിക്കും. കാക്കനാട്, പട്ടിമറ്റം ഭാഗത്തുനിന്നും വരുന്ന ബസ്സുകളുടെ സ്റ്റോപ്പ് ജംഗ്ഷന് സമീപമുള്ള ആര്യങ്കാല കെട്ടിടത്തിന് മുൻവശത്തേക്കാണ് മാറ്റുന്നത്.
വെള്ളൂർക്കുന്നം ഭാഗത്തെ മീഡിയൻ എ.എം.എ. പമ്പിന് മുൻവശം വരെ നീട്ടി നിർമ്മിക്കും. കൂടാതെ സീമാസിന് മുൻവശം അടച്ച് സ്റ്റേഡിയം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ബി.ഒ.സി. ജംഗ്ഷനിൽ റൗണ്ട് എബൗട്ട് ചുറ്റി പോകേണ്ടതാണ്.
ശബരിമലയിൽ നിന്നും വരുന്ന ചെറിയ വാഹനങ്ങൾ ഈസ്റ്റ് മാറാടിയിൽ നിന്നും തിരിഞ്ഞ് പോകണം. ഇതിനായി മാറാടിയിൽ 300 മീറ്റർ മുൻപ് ദിശാബോർഡ് സ്ഥാപിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകും.
പായിപ്ര പഞ്ചായത്ത് ട്രാഫിക് സബ് കമ്മിറ്റി പരിശോധിച്ച നിർദ്ദേശങ്ങൾ പ്രകാരം പേഴയ്ക്കാപ്പിള്ളി – പായിപ്ര ഭാഗങ്ങളിലും ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പെരുമ്പാവൂർ ഭാഗത്തേക്കുള്ള ബസ്സുകൾ പായിപ്ര കവല കഴിഞ്ഞ് അർബൻ ബാങ്കിന് മുൻവശം (എതിർവശത്ത് കാർഷിക ബാങ്കിന്റെ നീതി സ്റ്റോർ) നിർത്തണം. മൂവാറ്റുപുഴയിലേക്കുള്ള ബസ്സുകൾ പായിപ്ര കവലയിലുള്ള കേരള ബാങ്കിന് എതിർവശം ദേവ ഫാർമസിക്ക് മുൻവശത്തും, ചെറുവട്ടൂർ – പായിപ്ര ഭാഗത്തേക്കുള്ള എല്ലാ ബസ്സുകളും എം.ജി.എം. ഹോസ്പിറ്റലിന് എതിർവശം മന്ന ബിൽഡിങ്ങിന് മുൻവശത്തും നിർത്തണം. ചെറുവട്ടൂർ – പായിപ്ര റൂട്ടിൽ മൂവാറ്റുപുഴ, പെരുമ്പാവൂർ ഭാഗത്തേക്കുള്ള വലിയ വാഹനങ്ങൾ ബാസ്പ് റോഡ് വഴി തിരിച്ചുവിടാനും തീരുമാനമായി.
അനധികൃത പാർക്കിങ് ഒഴിവാക്കണമെന്ന് എംഎൽഎ

വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതോടെ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരമാകുമെന്നാണ് ഗതാഗത കമ്മിറ്റി പ്രതീക്ഷിക്കുന്നത്. പുതിയ ഗതാഗത പരിഷ്കാരങ്ങൾ വിജയകരമായി നടപ്പിലാക്കുന്നതിന് പൊതുജനങ്ങളുടെയും വാഹന ഉടമകളുടെയും പൂർണ്ണ സഹകരണം ഉണ്ടാകണമെന്ന് മാത്യുകുഴൽനാടൻ എംഎൽഎ ആവശ്യപ്പെട്ടു. നഗരത്തിലെ റോഡ് വശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഈ വിഷയം ഗൗരവമായി എടുക്കണമെന്നും എം.എൽ.എ പറഞ്ഞു. ബസ് ബേ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അനധികൃതമായി ബസ് സ്റ്റോപ്പുകളിൽ നിർത്തുന്ന ബസ്സുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ഗതാഗത നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ പിഴ ഈടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐ.എ.എസ്, നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷാന്റി എബ്രഹാം, രജിത സുധാകരൻ, വൈസ് പ്രസിഡന്റുമാരായ കെ.പി. ജോയി, ജിജോ പാപ്പാലിൽ, ഓമന മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സാബു ജോൺ, ആർ.ഡി.ഒ വി.ഇ. അബ്ബാസ്, തഹസിൽദാർമാരായ ബി. അഖിലേഷ് കുമാർ, പി.ആർ. അഭിലാഷ്, പൊതുമരാമത്ത് വകുപ്പ് റോഡ്സ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാമോൻ കെ.കെ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജൂലിൻ ജോസ്, കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരായ ജയരാജൻ പി, പോൾ തോംസൺ, എന്നിവരും മോട്ടോർ വാഹന വകുപ്പ്, ട്രാഫിക് പോലീസ്, ദേശീയപാത അതോറിറ്റി, കെഎസ്ആർടിസി തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
