തിരുവനന്തപുരം: മദ്യവാങ്ങലുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന്റെ പേരിൽ രണ്ട് സഹോദരങ്ങളെ ക്രൂരമായി ആക്രമിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. വർക്കല പള്ളിക്കുന്ന് പുത്തൻചന്ത സ്വദേശി അജയൻ (46) ആണ് ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായത്. കേസിലെ പ്രധാന പ്രതിയായ ആറ്റിങ്ങൽ കരിച്ചയിൽ സ്വദേശി അനീഷിനെയും വിജയനെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പെരുംകുളം സ്വദേശികളായ അരുൺ, കിരൺ എന്നീ ഓട്ടോ ഡ്രൈവർമാർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യം വാങ്ങുന്നതുമായി ബന്ധപ്പെട്ട് അരുൺ, കിരൺ എന്നിവരും അനീഷും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.
തർക്കം പരിഹരിക്കാമെന്ന് പറഞ്ഞ് അനീഷ് സഹോദരങ്ങളെ വീടിനടുത്തുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് അനീഷും വിജയനും അജയനും ചേർന്ന് ഇരുവരെയും മർദിക്കുകയും വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നുവെന്നാണ് കേസ്.
