മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് നിരവധി പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തി ഗതാഗത കമ്മിറ്റി. മാത്യുകുഴൽനാടൻ എംഎൽഎ. ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐ.എ.എസ്, നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി, എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ട്രാഫിക് കമ്മിറ്റിയാണ് പരീക്ഷണാടിസ്ഥാനത്തിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചത്.
കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്ത് നഗരസഭ ‘നോ പാർക്കിംഗ്’ ബോർഡുകൾ സ്ഥാപിക്കും. ഇതിനായി നഗരസഭ സെക്രട്ടറിക്ക് നിർദ്ദേശം നൽകും. ബസ് സ്റ്റാൻഡിന് മുൻവശം സർവീസ് റോഡിന്റെ കിഴക്കുവശത്തുള്ള പാർക്കിംഗ് പൂർണ്ണമായും ഒഴിവാക്കി ഒരു വശത്ത് മാത്രം പാർക്കിംഗ് അനുവദിക്കും. മുനിസിപ്പൽ സെക്രട്ടറിയും പോലീസും ചേർന്ന് ഇക്കാര്യം ഉറപ്പാക്കും. സ്റ്റാൻഡിന് മുൻവശം എം.സി. റോഡ് സൈഡിലെ പാർക്കിംഗ് ഒഴിവാക്കി നിയമം ലംഘിക്കുന്നവർക്കെതിരെ പോലീസ് പിഴ ഈടാക്കും.
വാഴപ്പിള്ളി ജംഗ്ഷനിലെ ബസ് സ്റ്റോപ്പുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. പെരുമ്പാവൂർ ഭാഗത്തുനിന്നും വരുന്ന സർവീസ് ബസ്സുകളുടെ സ്റ്റോപ്പ് വാഴപ്പിള്ളി ജംഗ്ഷന് സമീപമുള്ള റോയൽ എൻഫീൽഡ് ഷോപ്പിന് അടുത്തേക്ക് മാറ്റി സ്ഥാപിക്കും. കാക്കനാട്, പട്ടിമറ്റം ഭാഗത്തുനിന്നും വരുന്ന ബസ്സുകളുടെ സ്റ്റോപ്പ് ജംഗ്ഷന് സമീപമുള്ള ആര്യങ്കാല കെട്ടിടത്തിന് മുൻവശത്തേക്കാണ് മാറ്റുന്നത്.
വെള്ളൂർക്കുന്നം ഭാഗത്തെ മീഡിയൻ എ.എം.എ. പമ്പിന് മുൻവശം വരെ നീട്ടി നിർമ്മിക്കും. കൂടാതെ സീമാസിന് മുൻവശം അടച്ച് സ്റ്റേഡിയം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ബി.ഒ.സി. ജംഗ്ഷനിൽ റൗണ്ട് എബൗട്ട് ചുറ്റി പോകേണ്ടതാണ്. ശബരിമലയിൽ നിന്നും വരുന്ന ചെറിയ വാഹനങ്ങൾ ഈസ്റ്റ് മാറാടിയിൽ നിന്നും തിരിഞ്ഞ് പോകണം. ഇതിനായി മാറാടിയിൽ 300 മീറ്റർ മുൻപ് ദിശാബോർഡ് സ്ഥാപിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകും.
പായിപ്ര പഞ്ചായത്ത് ട്രാഫിക് സബ് കമ്മിറ്റി പരിശോധിച്ച നിർദ്ദേശങ്ങൾ പ്രകാരം പേഴയ്ക്കാപ്പിള്ളി – പായിപ്ര ഭാഗങ്ങളിലും ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പെരുമ്പാവൂർ ഭാഗത്തേക്കുള്ള ബസ്സുകൾ പായിപ്ര കവല കഴിഞ്ഞ് അർബൻ ബാങ്കിന് മുൻവശം (എതിർവശത്ത് കാർഷിക ബാങ്കിന്റെ നീതി സ്റ്റോർ) നിർത്തണം. മൂവാറ്റുപുഴയിലേക്കുള്ള ബസ്സുകൾ പായിപ്ര കവലയിലുള്ള കേരള ബാങ്കിന് എതിർവശം ദേവ ഫാർമസിക്ക് മുൻവശത്തും, ചെറുവട്ടൂർ – പായിപ്ര ഭാഗത്തേക്കുള്ള എല്ലാ ബസ്സുകളും എം.ജി.എം. ഹോസ്പിറ്റലിന് എതിർവശം മന്ന ബിൽഡിങ്ങിന് മുൻവശത്തും നിർത്തണം. ചെറുവട്ടൂർ – പായിപ്ര റൂട്ടിൽ മൂവാറ്റുപുഴ, പെരുമ്പാവൂർ ഭാഗത്തേക്കുള്ള വലിയ വാഹനങ്ങൾ ബാസ്പ് റോഡ് വഴി തിരിച്ചുവിടാനും തീരുമാനമായി.
വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതോടെ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരമാകുമെന്നാണ് ഗതാഗത കമ്മിറ്റി പ്രതീക്ഷിക്കുന്നത്.
