LATEST NEWS

Related Posts

NEWSKERALAഅരിയില്‍ ഷുക്കൂര്‍ വധം  13 പേര്‍ കുറ്റക്കാര്‍ ; പി.ജയരാജനും, ടി.വി. രാജേഷും ഉള്‍പ്പെടെ 18...

അരിയില്‍ ഷുക്കൂര്‍ വധം  13 പേര്‍ കുറ്റക്കാര്‍ ; പി.ജയരാജനും, ടി.വി. രാജേഷും ഉള്‍പ്പെടെ 18 പേരെ വെറുതെ വിട്ടു

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ 13  പ്രതികൾ കുറ്റക്കാര്‍. ഗൂഡാലോചന കേസില്‍ പ്രതികളായിരുന്ന സിപിഎം നേതാക്കളായ പി. ജയരാജൻ, ടി.വി രാജേഷ് എന്നിവര്‍ ഉള്‍പ്പെടെ 18 പ്രതികളെ കോടതി വെറുതെ വിട്ടു. 

എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജനും സംസ്ഥാന കമ്മിറ്റി അംഗം ടി.വി. രാജേഷും ഉൾപ്പെടെ 33 പേരായിരുന്നു കേസിലെ പ്രതികൾ. രണ്ടുപേർ മരിച്ചതോടെ 31 പേരാണ് വിചാരണ നേരിട്ടത്. 

13 പേരിൽ ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒൻപതാം പ്രതി മനോഹരൻ, പത്താം പ്രതി എം.വി. ദിനേശൻ, 12- ാം പ്രതി ബിജുമോൻ, 14-ാം പ്രതി ഇ.പി. രാധാകൃഷ്ണൻ, 15-ാം പ്രതി ഷിജിൻ മോഹൻ, 16-ാം പ്രതി കെ.വി. സജിത്ത് ,25-ാം പ്രതി വി.വി. മോഹനൻ, 26-ാം പ്രതി പുരുഷോത്തമൻ, 27-ാം പ്രതി പി.കെ. അജിത് കുമാർ, 28-ാം പ്രതി പി.പി. സുരേശൻ എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. ഗൂഡാലോചന കേസില്‍ പി.ജയരാജനും, ടി.വി. രാജേഷിനുമെതിരെ  പ്രധാന സാക്ഷികളായിരുന്ന രണ്ടുപേര്‍ സാക്ഷിമൊഴി കൊടുക്കുന്നതിന് കോടതിയില്‍ ഹാജരായില്ല. വെറുതെ വിട്ടവരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്തും ഉള്‍പ്പെടുന്നു.

2012  ഫെബ്രുവരി 20 നാണ് അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്. പട്ടുവം അരിയില്‍ സിപിഎം-മുസ്ലീം ലീഗ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പട്ടുവത്ത് എത്തിയ അന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജന്‍, കല്ല്യാശ്ശേരി എം.എല്‍.എ ആയിരുന്ന ടി.വി.രാജേഷ് എന്നിവര്‍ സഞ്ചരിച്ച വാഹനം തടഞ്ഞതിന് പ്രതികാരമായിട്ടാണ് കൊലപാതകമെന്നാണ് കേസ്.

സംഭവദിവസം ക്രിക്കറ്റ് കളിക്കിടെ പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഷുക്കൂറും സംഘവും ആക്രമിക്കപ്പെട്ടത്. 

സിപിഎം പ്രവർത്തകർ പിന്തുടരുന്നതായി ഭയന്ന സംഘം കണ്ണപുരം കീഴറയിലെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിൽ അഭയം തേടി. എന്നാൽ, വീട് വളഞ്ഞെത്തിയ സംഘം ഇവരെ മണിക്കൂറുകളോളം തടഞ്ഞുവെച്ചെന്നും ഷുക്കൂറിന്റെയും കൂടെയുണ്ടായിരുന്നവരുടെയും ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് സിബിഐയുടെ കുറ്റപത്രത്തിലെ ആരോപണം. 

തുടർന്ന് ഷുക്കൂറിനെയും കേസിലെ സാക്ഷിയായ സക്കറിയെയും സമീപത്തെ വയലിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് രണ്ടര മണിക്കൂറോളം വിചാരണ നടത്തിയ ശേഷമാണ് ഷൂക്കൂര്‍ കൊല്ലപ്പെട്ടത്. വെട്ടേറ്റ്  പരിക്കേറ്റ സക്കറിയ ഓടി രക്ഷപ്പെടുകയായിരുന്നു. കേസിൽ പ്രധാന സാക്ഷിയായിരുന്നു സക്കറിയ.

കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് പി.ജയരാജനും, ടി.വി. രാജേഷും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. ആശുപത്രിയിലെ 315-ാം നമ്പർ മുറിയിൽ ഗൂഢാലോചന നടന്നെന്നാണ് സി.ബി.ഐയുടെ കുറ്റപത്രം. ഷൂക്കൂറിന്‍റെ മാതാവിന്‍റെ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം 2o16 ലാണ് കേസ് സിബിഐ ഏറ്റെടുത്തത്.

17 മാസം നീണ്ട വിചാരണ നടപടികൾക്കിടെ 41 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. സിബിഐ കുറ്റപത്രത്തിൽ 81 സാക്ഷികളാണുണ്ടായിരുന്നത്. വിചാരണയ്ക്കിടെ പ്രതിഭാഗം മൂന്ന് സാക്ഷികളെയും പ്രോസിക്യൂഷൻ ഒരു സാക്ഷിയെയും അധികമായി ഹാജരാക്കി. 238 രേഖകളും 21 തൊണ്ടിമുതലുകളും കോടതിയിൽ സമർപ്പിച്ചിരുന്നു.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here