എം.എസ്.എഫ് നേതാവ് അരിയിൽ അബ്ദുൾ ഷുക്കൂർ വധക്കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം. ഒന്നാംപ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, 9-ാം പ്രതി മനോഹർ, 10-ാം പ്രതി ദിനേശൻ, 12-ാം പ്രതി ബിജുമോൻ, 15-ാം പ്രതി ഷിജിൻ മോഹൻ എന്നിവർക്കാണ് ജീവപര്യന്തം. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. ഇവര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളിയാണെന്ന് കോടതി വിധിച്ചു. കേസിൽ 32-ാം പ്രതിയായിരുന്നു ജയരാജൻ. 33 -ാം പ്രതിയായിരുന്ന ടി.വി. രാജേഷ് എന്നിവര്‍ ഉള്‍പ്പെടെ പതിനെട്ടുപേരെ കോടതി വെറുതെ വിട്ടു.
14 വർഷത്തിനുശേഷമാണ് വിധി വരുന്നത്. 33 സി.പി.എം. പ്രവർത്തകരായിരുന്നു കേസിലെ പ്രതികൾ. രണ്ടുപേര്‍ വിചാരണ ആരംഭിക്കുംമുന്പ് മരണപ്പെട്ടു.
2012 ഫെബ്രുവരി 20നാണ് കണ്ണൂർ കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിന് സമീപം ഷുക്കൂർ കൊല്ലപ്പെട്ടത്. അന്നത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും അന്നത്തെ കല്യാശ്ശേരി എംഎൽഎ ടി.വി. രാജേഷും സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ പ്രതികാരമായാണ് കൊലപാതകം നടന്നതെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ. ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസ് ഷുക്കൂറിന്റെ മാതാവ് പി.സി. ആത്തിക്കയുടെ ഹർജിയിൽ 2016 ല്‍ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് സിബിഐ ഏറ്റെടുത്തത്