മൂവാറ്റുപുഴ : കെ.ജി. രാധാകൃഷ്ണൻ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആകും. യു.ഡി.എഫിന് വൻഭൂരിപക്ഷമുളള എറണാകുളം ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം പട്ടിക ജാതി സംവരണമാണ്. പാമ്പാക്കുട ഡിവിഷനിൽനിന്ന് മികച്ച വിജയം നേടിയ കെ.ജി. രാധാകൃഷ്ണന് കോൺഗ്രസിലും, യു.ഡി.എഫിലും മറ്റൊരു എതിരാളിയില്ല. നിലവിൽ മൂവാറ്റുപുഴ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്.
പാമ്പാ്ക്കുട ഡിവിഷനിൽ 6346 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടത്. ആകെ പോൾ ചെയ്ത വോട്ടിൽ രാധാകൃഷ്ണന് 23823 വോട്ടും, എതിര് സ്ഥാനാർഥി എൽ.ഡി.എഫിലെ സി.ടി.ശശി 17477 വോട്ടും നേടി. അജീഷ് തങ്കപ്പന്് (ബിജെപി) 4956 വോട്ട്് ലഭിച്ചു. 28 അംഗ ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫിന് 25 അംഗങ്ങളുണ്ട്. ഡോ. ജിന്റോ ജോൺ, ഉൾപ്പെടെ നിരവധി പ്രമുഖർ അംഗങ്ങളായുളള ജില്ലാ പഞ്ചായത്തിൽ കെ.ജി. രാധാകൃഷ്ണന് ഭാഗ്യാവസരമാണ് കൈവന്നിരിക്കുന്നത്.
കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുളള രാധാകൃഷ്ണൻ നിലവിൽ ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റാണ്. 2010- 2015, മൂവാറ്റുപുഴ ബ്ളോക്ക് പഞ്ചായത്ത് കാലത്ത് ബ്ളോക്ക പഞ്ചായത്ത് വികസന കാര്യസമിതി ചെയർമാനായിരുന്നു.
കല്ലൂർക്കാട് കോട്ടപ്പുറത്ത് കെ.കെ. ഗോവിന്ദന്റെയും പരേതയായ ലീല ഗോവിന്ദന്റെയും മകനാണ്. ഭാര്യ പ്രിയ നാരായണൻ (വാാരപ്പെട്ടി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽഅധ്യാപിക) മക്കൾ : ദേവ നന്ദ (കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനി) ഗൗതം കൃഷ്ണ (വാാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി)



