Home OPINION ARTICLES ഓർമ്മകളുടെ ബലിപീഠങ്ങൾ

ഓർമ്മകളുടെ ബലിപീഠങ്ങൾ

0


by കുന്നത്തൂർ രാധാകൃഷ്ണൻ

അധികാരത്തിനെതിരായ മനുഷ്യന്റെ പോരാട്ടം മറവിക്കെതിരായ പോരാട്ടമാണ്-മിലൻ കുന്ദേര

അമ്മ നാടകം കേരളത്തിലെ സാംസ്‌കാരികരംഗത്ത് സൃഷ്ടിച്ച പ്രലോഭനവും പ്രകോപനവും യഥാർഥത്തിൽ വേണ്ടരീതിയിൽ അപഗ്രഥിക്കപ്പെട്ടുവെന്ന് കരുതാത്ത അനേകം പേരിൽ ഒരുവനാണ് ഞാന്‍

അടിയന്തരാവസ്ഥയിൽ ജയറാം പടിക്കലും പുലിക്കോടനും മറ്റും പ്രതികരിക്കുന്ന മലയാളികളെ ഉരുട്ടി മൃതപ്രായമാക്കിയ ആ സംഹാരനാളുകൾക്ക് ശേഷമാണ് അമ്മ നാടകം തിയറ്ററിന്റെ ഭാഷ കീഴ്‌മേൽ മറിച്ചത്. ആധുനികതയുടെ പേരിലുള്ള കോപ്രായനാടകവേദി, വിപ്ലവത്തിന്റെ പേരിലുള്ള പൈങ്കിളി അട്ടഹാസനാടകവേദി, വരേണ്യ അനുഷ്ഠാനകലകളെ പുന:പ്രതിഷ്ഠിക്കുന്ന തനതുനാടകവേദി തുടങ്ങിയ നിഷേധാത്മകമായ പ്രവണതകളെ നിരാകരിച്ചുകൊണ്ടാണ് യാഥാർഥ്യത്തിലൂന്നി മധുമാഷ് അമ്മ നാടകമെഴുതിയത്.

മാഷ് അടിയന്തരാവസ്ഥക്കാലത്ത് ജയിലായിരുന്നു. മനുഷ്യാഭിമാനത്തിനുവേണ്ടി ശബ്ദിച്ചു എന്നതായിരുന്നു മധുമാഷ് ചെയ്ത കുറ്റം. അതിന്റെ പ്രതിഫലം മൃഗീയമായ പീഡനമായിരുന്നു (കക്കയം ക്യാമ്പ് കഥ പറയുന്നു. ദേശാഭിമാനി-അപ്പുക്കുട്ടൻ വള്ളിക്കുന്ന്). മാഷിന്റെ അമ്മ നാടകം യഥാർഥത്തിൽ മലയാള നാടകവേദിയിലെ കലാപമായിരുന്നു. ഒരർത്ഥത്തിൽ ഭരണകൂടത്തിനെതിരായ തുറന്ന യുദ്ധം. മാക്‌സിംഗോർക്കി, ബർത്തോൾഡ് ബ്രെഹ്ത്, മഹശ്വേതാദേവി എന്നിവരുടെ ‘അമ്മ’കളിലെ സത്ത സ്വതന്ത്രമായി സ്വീകരിച്ചു കൊണ്ട് സമകാലീന ഇന്ത്യനവസ്ഥയുടെ നേർക്കാഴ്ച സൃഷ്ടിക്കുകയായിരുന്നു മധുമാഷിന്റെ അമ്മ നാടകം.

amma

1978-ൽ ടൗൺഹാളിൽ രണചേതന തിയറ്റേഴ്‌സിന്റെ ബാനറിൽ ആയിരുന്നു ആദ്യ അവതരണം. നാടകത്തിലെ മുഖ്യകഥാപാത്രമായ പവേലിന്റെ കോടതി പ്രസംഗം ലഘുലേഖയായി നാടകാവതരണത്തിനുമുൻപ് പ്രേക്ഷകർക്ക് വിതരണം ചെയ്തിരുന്നു. അക്കാലത്ത് ആ നാടകത്തിന്റെ രണ്ടുരൂപ ടിക്കറ്റുകൾ ഞാൻ പലർക്കും വിറ്റതായി ഓർമ്മിക്കുന്നു. സ്റ്റെല്ല, ജോയ്മാത്യു,രാമചന്ദ്രൻ മൊകേരി, പപ്പൻ നെല്ലിക്കോട്, സേതു, കരിമ്പനപ്പാലം വാസു, വസന്ത, മൊയ്തീൻ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കോഴിക്കോട്ടെ മഹാരാജ പാലസിലായിരുന്നു റിഹേഴ്‌സൽ. പിഎ. ബക്കറെ പോലുള്ള മഹാരഥന്മാർ അന്ന് റിഹേഴ്‌സൽ കാണാനെത്തി. പ്രേക്ഷകരുടെ ആവശ്യാർഥം വീണ്ടും വീണ്ടും അവതരിപ്പിച്ച നാടകമാണ് അമ്മ.
പിൽക്കാലത്ത് ലബ്ധപ്രതിഷ്ഠമായ ആക്ടിവിസ്റ്റ് തിയേറ്റർ ഗ്രൂപ്പുകളുടെ തുടക്കം കോഴിക്കോട്ടെ രണചേതനയിലായിരുന്നു. നൂറിലേറെ വേദികളിൽ (ഒരു പക്ഷെ അതിലേറെയാകാം) അമ്മ അവതരിപ്പിച്ചു എന്നാണ് ഓർമ്മ. മധുമാഷ് ആ നാടകത്തോടെ മലയാളരംഗഭാഷയിലെ ‘ഐക്കൺ’ ആയി. മലയാള നാടകവേദിക്ക് പുതുയൗവനം കൈവന്ന കാലമായിരുന്നു അത്.

ഇടവേളയ്ക്കുശേഷം അമ്മ വീണ്ടും അവതരിപ്പിച്ചപ്പോൾ എനിക്കും ചെറിയൊരു റോളുണ്ടായിരുന്നു. കൈരളി തിയറ്റേഴ്‌സിന്റെ ബാനറിലായിരുന്നു രണ്ടാമത്തെ അമ്മയുടെ അവതരണം. അക്കാലത്ത് എടുത്ത ചിത്രമാണ് ഇതോടൊപ്പം പങ്കുവെക്കുന്നത്.ഇതിൽ നടുവിലെ വരിയിൽ നിൽക്കുന്നവരിൽ ഇടത്തുനിന്ന് നാലാമൻ ഞാനാണെന്ന് വാസു പറഞ്ഞപ്പോൾ എനിക്കും ബോധ്യമായി. നിലമ്പൂർ ബാലൻ, മനോഹരൻ, സുശീല, വസന്ത, ദാസൻ വെസ്റ്റ്ഹിൽ, മണി എന്നിവർക്കൊപ്പം നാട്യമറിയില്ലെങ്കിലും ഞാനും വേഷമിട്ടു.രണ്ട് ‘അമ്മമാർക്കുമൊപ്പം’ നടന്ന കരിമ്പനപ്പാലം വാസുവിന് ഇതിലേറെ പറയാൻ കാണുമെന്നുറപ്പാണ്.

കാരണം അദ്ദേഹം ആ നാടകത്തിൽ എല്ലാവരെയും കൂട്ടിയിണക്കുന്ന ‘ന്യൂക്ലിയസ് ‘ ആയിരുന്നു. ഇതൊരു ശിഥിലമായ ഓർമ്മകൾ മാത്രമാണ്. തീർച്ചയായും അമ്മ നാടകത്തെ കുറിച്ചെഴുതാൻ പ്രാപ്തിയുള്ള അനുഭവസ്ഥർ ഈ കഷ്ടകാലത്തിലും ജീവിച്ചിരിപ്പുണ്ട്. അനുഭവങ്ങൾ കാച്ചിക്കുറുക്കി, രംഗവേദിയെ പ്രകമ്പനം കൊള്ളിക്കുന്ന കലാനിറച്ചാർത്ത് സമ്മാനിച്ച മധുമാഷ് അടക്കമുള്ള പലരും കഥാവശേഷരായി. ഇതെന്തിനാണ് ‘സുഭിക്ഷമായ’ ഇക്കാലത്ത് ഓർമ്മിക്കുന്നതെന്ന് ചോദിക്കുന്നവരെ ഞാൻ കാണുന്നുണ്ട്. വെറുതെ ഒരു രസം എന്നേ അവരോട് പറയാനുള്ളു. ഈയിടെ ഒരു യോഗത്തിൽ പങ്കെടുത്തപ്പോൾ പഴയതു പറയുന്നതിൽ ചിലർ അതൃപ്തി രേഖപ്പെടുത്തി. ഈ കുറിപ്പിന്റെ മുഖ്യ പ്രചോദനം ആ അതൃപ്തിയാണെന്ന് പറയുന്നതിൽ സന്തോഷമുണ്ട്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version