LATEST NEWS

Related Posts

LOCAL NEWSKOTHAMANGALAMഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ 'എ' ലൈസൻസ് നേട്ടവുമായി കായിക പരിശീലകൻ ഹാരി ബെന്നി

ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ‘എ’ ലൈസൻസ് നേട്ടവുമായി കായിക പരിശീലകൻ ഹാരി ബെന്നി

ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ‘എ’ ലൈസൻസ് നേട്ടവുമായി കായിക പരിശീലകൻ ഹാരി ബെന്നി

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കായിക വിഭാഗം മേധാവിയും പ്രമുഖ ഫുട്ബോൾ പരിശീലകനുമായ ഹാരി ബെന്നി ചെട്ടിയാംകുടിയിൽ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (എ.എഫ്.സി) ‘എ’ ലൈസൻസ് കരസ്ഥമാക്കി.
ഇന്ത്യയിൽ എ.എഫ്.സി ‘എ’ ലൈസൻസും എ.എഫ്.സി ഗോൾകീപ്പിംഗ് ‘എ’ ലൈസൻസും ഒരുമിച്ച് സ്വന്തമാക്കുന്ന 30 പരിശീലകരിൽ ഒരാളാണ് ഹാരി. ഈ ഇരട്ടനേട്ടം കൈവരിച്ച കേരളത്തിൽ നിന്നുള്ള രണ്ട് പരിശീലകരിൽ ഒരാളുമാണ് ഇദ്ദേഹം.
കോതമംഗലം എം.എ. കോളേജ് ഫുട്ബോൾ ടീമിനെ നിരവധി വർഷങ്ങളായി വിജയകരമായി പരിശീലിപ്പിച്ചു വരുന്ന ഇദ്ദേഹം, കോളേജിന്റെ കായിക ചരിത്രത്തിൽ നിരവധി വിജയങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. കേരള പ്രീമിയർ ലീഗിൽ സാറ്റ് തിരൂരിനെ ഫൈനൽ വരെ എത്തിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച ഇദ്ദേഹം, 2015, 2016 വർഷങ്ങളിൽ സംസ്ഥാന യൂത്ത് ടീമിന്റെ മുഖ്യ പരിശീലകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.


സൂപ്പർ ലീഗ് കേരളയിൽ ഫോർക്ക കൊച്ചി എഫ്.സി ഗോൾകീപ്പർ കോച്ചായും, കേരള സന്തോഷ് ട്രോഫി ടീമിന്റെ അസിസ്റ്റന്റ് കോച്ചായും ഉൾപ്പെടെ 17 വർഷത്തിലധികമായി ഫുട്ബോൾ പരിശീലന രംഗത്ത് ഹാരി സജീവമാണ്. ഒരു കോളേജ് ഫുട്ബോൾ ടീമിനെ ഒരു പ്രൊഫഷണൽ ഫുട്ബോൾ ടീം ആക്കി കേരള പ്രീമിയർ ലീഗിൽ കളിപ്പിക്കുകയും, 3 വർഷക്കാലം എം.എ. ഫുട്ബോൾ അക്കാഡമിയെ പ്രൊഫഷണൽ ലീഗിൽ അണിനിരത്തുകയും അതുവഴി നിരവധി കളിക്കാർക്ക് പ്രൊഫഷണൽ ലൈഫ് തുറന്നുനൽകിയതിൽ ഹാരി ബെന്നി എന്ന അധ്യാപകനായ പരിശീലകന്റെ പങ്ക് വളരെ വലുതാണ്.
കഴിഞ്ഞ 10 വർഷക്കാലയളവിൽ എം.എ. കോളേജിൽ നിന്നും 3 കളിക്കാർ ദേശീയ കുപ്പായം അണിഞ്ഞപ്പോൾ 12 കളിക്കാർ സന്തോഷ് ട്രോഫി ടീമിലും, 7 കളിക്കാർ വിവിധ ഐ.എസ്.എൽ ക്ലബ്ബുകളിലും ആയി അരങ്ങേറ്റം കുറിച്ചു.
2016, 2024 വർഷങ്ങളിൽ സന്തോഷ് ട്രോഫി കേരള ടീമിന്റെ സഹ പരിശീലകനായും, എം.ജി., കാലിക്കറ്റ് സർവകലാശാലകളുടെ പരിശീലകനുമായും ഇദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.


കോളേജിലെ സഹ അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും മാനേജ്മെന്റിന്റെയും പിന്തുണയ്ക്കൊപ്പം, എം.എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് കോളേജിന്റെ ഫുട്ബോൾ ടീമിന് നൽകി വരുന്ന സഹായസഹകരണങ്ങളും പ്രോത്സാഹനവുമാണ് തന്റെ കരിയറിലെ ഈ വലിയ നേട്ടത്തിലേക്ക് എത്തിച്ചേരുവാൻ സഹായകരമായതെന്ന് ഹാരി ബെന്നി പറഞ്ഞു. പൈങ്ങോട്ടൂർ ചെട്ടിയാംകുടിയിൽ കുടുംബാംഗമാണ്.


ഫുട്ബോൾ രംഗത്ത് മികച്ച നേട്ടം കൈവരിച്ച ഹാരി ബെന്നിയെ എം.എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, അധ്യാപക-അനധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ അഭിനന്ദിച്ചു.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here