മിൽസൺ ജോർജിന് എൽമക്രോ ഇന്റർനാഷണൽ അവാർഡ്.
കോതമംഗലം: വൈസ്മെൻസ് ഇന്റർനാഷണലിൽ ഡിസ്ട്രിക്റ്റ് ഗവർണർമാർക്ക് ലഭിക്കുന്ന പരമോന്നത ബഹുമതിയായ എൽമക്രോ ഇന്റർനാഷണൽ അവാർഡിന് 2025–26 പ്രവർത്തന വർഷത്തെ ഡിസ്ട്രിക്റ്റ് – 7 -ന്റെ ഗവർണറായിരുന്ന കോതമംഗലം ചേലാട് സ്വദേശി മിൽസൺ ജോർജ് കുറ്റിക്കാട്ട് അർഹനായി. ഭൂതത്താൻകെട്ട് വൈസ്മെൻസ് ക്ലബ് അംഗമാണ്.
സംഘടനാ നേതൃത്വത്തിലെ മികവ്, നിസ്വാർത്ഥ സേവനം, സാമൂഹിക പ്രതിബദ്ധത, ജീവകാരുണ്യ പ്രവർത്തനങ്ങളിലെ മികച്ച സംഭാവനകൾ എന്നിവ പരിഗണിച്ചാണ് ഈ അന്താരാഷ്ട്ര അംഗീകാരം.
വൈസ്മെൻസ് ഡിസ്ട്രിക്റ്റ് 7- ലെ മുപ്പതിലേറെ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് പ്രസ്ഥാനത്തിന്റെ സേവനലക്ഷ്യങ്ങൾ സമൂഹത്തിന്റെ വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിൽ മിൽസൺ ജോർജ് ശ്രദ്ധേയമായ നേതൃത്വം നൽകി.
ഭവനരഹിതർക്ക് വീടുകൾ നിർമ്മിച്ചുനൽകൽ, വൃക്കരോഗികൾക്ക് ഡയാലിസിസ് കൂപ്പണുകൾ വിതരണം ചെയ്യൽ, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, ആശുപത്രികളിൽ ഭക്ഷണവിതരണം, ചികിത്സാസഹായം, നിർധന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസസഹായം, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, യുവജന ക്യാമ്പുകൾ, ലഹരിവിമുക്ത ബോധവൽക്കരണ പരിപാടികൾ തുടങ്ങി നിരവധി ജനക്ഷേമ പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കി.
സേവനപ്രവർത്തനങ്ങളെ സംഘടനയുടെ അതിരുകൾക്കപ്പുറം പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിനും വിവിധ ക്ലബ്ബുകളെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാക്കുന്നതിനും നടത്തിയ പരിശ്രമങ്ങൾ ഈ പുരസ്കാരനേട്ടത്തിന് വഴിയൊരുക്കി.
നിർമ്മാണമേഖലയിൽ മികച്ച ബിൽഡർക്കുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള മിൽസൺ ജോർജിന് ലഭിച്ച ഈ അന്താരാഷ്ട്ര അംഗീകാരം കോതമംഗലത്തിനും വൈസ്മെൻസ് പ്രസ്ഥാനത്തിനും അഭിമാനനേട്ടമായി.






