കൊച്ചി: സൂപ്പർ ലീഗ് കേരളയിൽ ആവേശകരമായ തിരിച്ചുവരവിലൂടെ കാലിക്കറ്റ് എഫ്.സിയെ പരാജയപ്പെടുത്തി ഫോഴ്സ കൊച്ചി. കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു കൊച്ചിയുടെ വിജയം. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് പിന്നിലായിരുന്ന കൊച്ചി രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്.
31-ാം മിനിറ്റിൽ ആൻഡ്രൂസിലൂടെയും 38-ാം മിനിറ്റിൽ കാൽവിൻ തോമസിലൂടെയും കാലിക്കറ്റ് ലീഡ് നേടി. എന്നാൽ 55-ാം മിനിറ്റിൽ ഡീഗോ ഹെർണാണ്ടസ് കൊച്ചിക്കായി ആദ്യ ഗോൾ നേടി. 68-ാം മിനിറ്റിൽ അഖിൽ പ്രവീൺ സമനില പിടിച്ചു. 77-ാം മിനിറ്റിൽ രാഹുൽ രാജു വിജയഗോൾ കൂടി നേടിയതോടെ കൊച്ചി ജയം ഉറപ്പിച്ചു.
10 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി ഫോഴ്സ കൊച്ചി മൂന്നാം സ്ഥാനത്താണ്. നേരത്തെ തന്നെ സെമി ഉറപ്പിച്ച മലപ്പുറം എഫ്.സിയാണ് സെമിയിൽ കൊച്ചിയുടെ എതിരാളികൾ. ലീഗ് ഘട്ടത്തിൽ 23 പോയിന്റുമായി കാലിക്കറ്റ് ഒന്നാം സ്ഥാനം നിലനിർത്തി.
