കോഴിക്കോട്: കുന്നമംഗലം പെരിങ്ങളത്ത് സ്പെയർപാർട്സ് കടയിലും വർക്ഷോപ്പിലും വൻ തീപിടിത്തം. മിൽമ ഹെഡ് ഓഫീസിന് എതിർവശത്ത് ഷൈജു എന്നയാളുടെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടത്തിലാണ് തിങ്കളാഴ്ച പുലർച്ചെ 12 മണിയോടെ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളിലുണ്ടായ തീപിടിത്തത്തിൽ പതിമൂന്നോളം ബൈക്കുകളും ഏകദേശം 20 ലക്ഷം രൂപ വിലവരുന്ന സ്പെയർപാർട്സ് സാമഗ്രികളും പൂർണമായും കത്തിനശിച്ചു.
വെള്ളിമാടുകുന്ന്, മുക്കം, മാവൂർ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിരക്ഷാസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. സമീപത്തെ ഹോട്ടൽ, ഫർണിച്ചർ കട, എടിഎം എന്നിവിടങ്ങളിലേക്ക് തീ പടരുന്നത് തടയാനും അഗ്നിരക്ഷാസേനയ്ക്ക് കഴിഞ്ഞു.
പ്രാഥമിക പരിശോധനയിൽ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. എന്നാൽ തീപിടിത്തത്തിന്റെ യഥാർഥ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
